sections
MORE

കുളിരിൽ മുങ്ങി മൂന്നാർ; തുടർച്ചയായി എട്ടാംദിനം മൈനസ് ഡിഗ്രി

munnar-snow-12
SHARE

കാൽ നൂറ്റാണ്ടിനു ശേഷം ആദ്യമായാണു മൂന്നാറിൽ ഒരാഴ്ചയിലധികം തുടർച്ചയായ ദിവസങ്ങളിൽ താപനില പൂജ്യം ഡിഗ്രി സെൽഷ്യസിനു താഴെയെത്തുന്നത്.  തുടർച്ചയായ 8ാം ദിവസവും മൂന്നാറിലെ താപനില പൂജ്യം ഡിഗ്രി സെൽഷ്യസിനു താഴെയായിരുന്നു.  ഇന്നലെ മൂന്നാർ ടൗണിലെ താപനില പൂജ്യം ഡിഗ്രി സെൽഷ്യസും തേയിലത്തോട്ടങ്ങളിൽ മൈനസ് 2 ഡിഗ്രി സെൽഷ്യസുമായിരുന്നു.

munnar-snow-8

കുളിരു കോരിയിട്ട തെക്കിന്റെ കശ്മീരിലേക്ക് മഞ്ഞുകാലം കാണാൻ  സന്ദർശക തിരക്ക്. പ്രളയത്തിൽ വാടിപ്പോയ ടൂറിസം വിപണി മഞ്ഞിലൂടെ തിരിച്ചു പിടിക്കാനൊരുങ്ങുകയാണ് മൂന്നാർ. ഉത്തരേന്ത്യൻ സന്ദർശകരും വിദേശികളുമാണു ഇപ്പോൾ കൂടുതൽ.  പ്രതിദിനം 6000 പേർ എത്തുന്നുവെന്നാണ് ടൂറിസം വകുപ്പിന്റെ കണക്ക്. 

munnar-snow-7

മൂന്നാറിലെ വൻ കിട ഹോട്ടലുകളും റിസോർട്ടുകളുമെല്ലാം ഇപ്പോൾ തന്നെ ഹൗസ് ഫുൾ ആണെന്ന് റിസോർട്ട് ഉടമകളുടെ  സംഘടനയായ ഷോകെയ്സിന്റെ വൈസ് പ്രസിഡന്റ് ജി വിനോദ് പറഞ്ഞു. അടുത്ത മാസം പകുതി വരെ തണുപ്പു കാലം നീണ്ടു നിൽക്കും.  തണുപ്പ് ആസ്വദിക്കാനെത്തുന്നവർ മാട്ടുപ്പെട്ടി, ടോപ്പ് സ്റ്റേഷൻ, രാജമല,  വട്ടവട,  മറയൂർ എന്നിവിടങ്ങൾ സന്ദർശിച്ചാണ് മടങ്ങുന്നത്. അതേസമയം പ്രളയ കാലത്തിനു ശേഷം മൂന്നാർ സുരക്ഷിതമാണെന്ന സന്ദേശം നൽകാൻ സർക്കാരിനു കഴിഞ്ഞില്ലെന്ന വിമർശനവുമുണ്ട്.

munnar-snow-6

വിനോദ സഞ്ചാരികളെ മൂന്നാറിലേക്ക് ആകർഷിക്കുന്നതിന്റെ സാധ്യതകൾ പരിശോധിക്കുമെന്നും ഇതിനായി ഇന്ന് മൂന്നാർ സന്ദർശിക്കുമെന്നും ഇടുക്കി കലക്ടർ കെ. ജീവൻ ബാബു ‘മനോരമ’യോടു പറഞ്ഞു.  മൂന്നാറിലെ മഞ്ഞ് മാർക്കറ്റ് ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ചു വരികയാണെന്നു ഇടുക്കി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ സെക്രട്ടറി ജയൻ കെ. വിജയൻ പറഞ്ഞു.

കണക്കുകളില്ലാതെ കാലാവസ്ഥാ വകുപ്പ്

munnar-snow-3

മൂന്നാറിൽ ദിവസങ്ങളായി താപനില പൂജ്യത്തിനു താഴെയെത്തിയിട്ടും കണക്കുകൾ ഔദ്യോഗികമായി രേഖപ്പെടുത്താനാവാതെ കാലാവസ്ഥാ വകുപ്പ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി അന്തരീക്ഷ താപനില രേഖപ്പെടുത്തുന്ന 12 നിരീക്ഷണ കേന്ദ്രങ്ങളാണ്  വകുപ്പിനുള്ളത്. ഈ കേന്ദ്രങ്ങളിൽ നിന്നുള്ള കണക്കുകൾ മാത്രമേ ഔദ്യോഗികമായി രേഖപ്പെടുത്തൂ. മൂന്നാർ ചെണ്ടുവരൈയിലെ കണ്ണൻദേവൻ തോട്ടത്തിൽ ഇന്നലെ കുറഞ്ഞ താപനില മൈനസ് 4 ആണ്. 

munnar-snow-14

യുണൈറ്റഡ് പ്ലാന്റേഴ്സ് അസോസിയേഷൻ ഓഫ് സൗത്ത് ഇന്ത്യയുടെ (ഉപാസി) മൂന്നാർ നല്ലതണ്ണിയിലെ കേന്ദ്രത്തിൽ  2ന് താപനില മൈനസ് 2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു. കേന്ദ്ര സർക്കാരാണ് നടപടിയെടുക്കേണ്ടതെന്നും കാലാവസ്ഥാ നിരീക്ഷണ വിഭാഗം ഡയറക്ടർ കെ. സന്തോഷ് പറഞ്ഞു.

12 കേന്ദ്രങ്ങൾ

munnar-snow-fall

ഇപ്പോൾ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളുള്ളത് ഇവിടെയൊക്കെ : തിരുവനന്തപുരം വിമാനത്താവളം, തിരുവനന്തപുരം സിറ്റി, പുനലൂർ, ആലപ്പുഴ, കോട്ടയം, നെടുമ്പാശേരി വിമാനത്താവളം, കൊച്ചി നാവികസേനാ വിമാനത്താവളം, തൃശൂർ വെള്ളാനിക്കര, പാലക്കാട്, കോഴിക്കോട് ബീച്ച്, കരിപ്പൂർ വിമാനത്താവളം, കണ്ണൂർ കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ പ്രകാരം സംസ്ഥാനത്തു രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 1968 ജനുവരി 8ന് പുനലൂരിൽ രേഖപ്പെടുത്തിയ 12.9 ‍ഡിഗ്രി സെൽഷ്യസാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
MORE IN EARTH N COLORS
SHOW MORE
FROM ONMANORAMA