sections
MORE

മുതലയ്ക്ക് തീറ്റ കൊടുക്കാനെത്തിയ ഗവേഷകയ്ക്ക് സംഭവിച്ചത്?

crocodile
SHARE

ജനുവരി 11 വെള്ളിയാഴ്ച. സമയം രാവിലെ 8.45. ഇന്തൊനീഷ്യയിലെ സിവി യോസിക്കി ലബോറട്ടറിയിലെ കാവൽക്കാർ പതിവു നിരീക്ഷണത്തിലായിരുന്നു. പരീക്ഷണ ആവശ്യങ്ങൾക്കു വേണ്ടി ഒട്ടേറെ മൃഗങ്ങളെ വളർത്തുന്നുണ്ട് ലാബ് വളപ്പിൽ. മുതലകൾക്കായുമുണ്ട് ഒരു കൃത്രിമക്കുളം. ഏകദേശം 17 അടി നീളമുള്ള മുതലയെ വളർത്തിയിരുന്ന കുളത്തിലെത്തിയ കാവൽക്കാർ അസാധാരണമായ ഒരു കാഴ്ച കണ്ടു ശ്രദ്ധിച്ചു. വെള്ളത്തിൽ മാംസക്കഷ്ണം പോലെ എന്തോ ഒന്ന്. പക്ഷേ അവയ്ക്കു ദിവസവും തിന്നാൻ കൊടുക്കുന്ന ഇറച്ചി പോലെയായിരുന്നില്ല അതു കാഴ്ചയിൽ. ഒരു മണിക്കൂർ മുൻപ് മുതലകൾക്കു തീറ്റ കൊടുക്കാൻ പോയ ഗവേഷക ഡിയസി തുവോയെ അവിടെയെങ്ങും കാണാനുമില്ല. അപകടം മണത്ത കാവൽക്കാർ സൂക്ഷ്മമായി പരിശോധിച്ചു. ഡിയസിയുടെ മൃതദേഹമായിരുന്നു കുളത്തിൽ, അതും മുതല പാതി ഭക്ഷിച്ച നിലയിൽ. 

മെറി എന്നു പേരിട്ടു വളർത്തിയിരുന്ന കൂറ്റൻ മുതലയായിരുന്നു നാൽപത്തിനാലുകാരിയായ ഗവേഷകയെ പിടികൂടി ഭക്ഷിച്ചത്. ഭക്ഷണം കൊടുക്കുന്നതിനിടെ കുളത്തിന്റെ എട്ടടി ഉയരമുള്ള കോൺക്രീറ്റ് ഭിത്തിയിലേക്കു വലിഞ്ഞു കയറിയ മുതല ഡിയസിയെ വലിച്ചു വെള്ളത്തിലേക്കിടുകയായിരുന്നുവെന്നാണു കരുതുന്നത്. തത്സമയം തന്നെ കൊന്നു തിന്നുകയും ചെയ്തു. ഇന്തൊനീഷ്യയിലെ വടക്കൻ സുലവേസിയിലായിരുന്നു ഈ ഞെട്ടിക്കുന്ന സംഭവം. ഇറച്ചിയാണു പൊതുവെ മുതലകൾക്കു രാവിലെ ഭക്ഷണമായി നൽകിയിരുന്നത്. ഇതു നൽകുന്നതിനിടെയായിരുന്നു അപകടം. ഡിയസിയുടെ മൃതദേഹം പൂർണമായും തിന്നുതീർക്കും മുൻപ് കാവൽക്കാരും മറ്റും ചേർന്ന് മുതലയെ പിടികൂടി. ഇതിനെ ഒരു വന്യമൃഗ സംരക്ഷണ കേന്ദ്രത്തിലേക്കു കൊണ്ടുപോയെന്നാണു റിപ്പോർട്ടുകൾ. മുതലയുടെ വയറ്റിൽ നിന്നു ഡിയസിയുടെ ശരീരഭാഗങ്ങൾ കണ്ടെത്താനായിരുന്നു ഇത്. 

 Indonesian scientist killed and eaten by large crocodile
ചിത്രത്തിനു കടപ്പാട്: വൈറൽ പ്രസ്

കാവൽക്കാർ കാണുമ്പോൾ ഡിയസിയുടെ ശരീരഭാഗങ്ങൾ മുതലയുടെ വായിലുണ്ടായിരുന്നു. ഇടതു കൈ പൂർണമായും ഭക്ഷിച്ചു. മൃതദേഹത്തിന്റെ തലയും അറ്റുപോയ നിലയിലായിരുന്നു. പിടികൂടാൻ ശ്രമിക്കുമ്പോഴെല്ലാം അക്രമസ്വഭാവത്തോടെയാണു മുതല പ്രതികരിച്ചത്. ഒടുവിൽ ഒരുവിധം പിടികൂടി ട്രക്കിൽ കെട്ടിയിട്ട് മെഡിക്കൽ പരിശോധനയ്ക്കു കൊണ്ടുപോവുകയായിരുന്നു. ലാബിന്റെ ചുമതല ഡിയസിക്കായിരുന്നു. എന്താണു യഥാർഥത്തിൽ സംഭവിച്ചതെന്നു വ്യക്തമാകുന്നില്ലെന്നും സഹപ്രവർത്തകർ പറയുന്നു. 

നേരത്തേ മെറിക്കൊപ്പമുണ്ടായിരുന്ന മറ്റൊരു മുതലയെയും കടിച്ചു കൊലപ്പെടുത്തിയിരുന്നു. അക്രമാസക്തയാണെന്നു തിരിച്ചറിഞ്ഞിട്ടും കുളത്തിനു ചുറ്റുമുള്ള മതിലിന്റെ ഉയരം കൂട്ടാതെ വേണ്ടത്ര ശ്രദ്ധ കൊടുത്തില്ലെന്നു പൊലീസും വ്യക്തമാക്കുന്നു. ജാപ്പനീസ് സ്വദേശിയുടേതാണ് ലാബ്. എന്നാൽ ഇവിടെ ഏതു തരം ഗവേഷണമാണു നടന്നതെന്നു മാത്രം പൊലീസിനു വ്യക്തത ലഭിച്ചിട്ടില്ല. മൃഗങ്ങളെ വളർത്താനുള്ള അനുമതി ലഭിച്ചിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. അനുമതി ഇല്ലെങ്കിൽ ഉടമയ്ക്കെതിരെ നിയമനടപടികൾ വരും. ലോകമെമ്പാടും മുതലകളുടെ ആക്രമണത്തിൽ വർഷം തോറും ഏകദേശം 1000 പേരെങ്കിലും കൊല്ലപ്പെടുന്നുവെന്നാണു കണക്ക്. നൈൽ മുതലയും സോൾട്ട്‌വാട്ടർ മുതലകളുമാണ് ഏറ്റവും അപകടകാരികൾ. മനുഷ്യവാസമുള്ള മേഖലയിലാണ് ഇവ ജീവിക്കുക. അതിനാൽത്തന്നെ ഇരയെന്നു കരുതിയാണു ആക്രമണത്തിലേറെയും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EARTH N COLORS
SHOW MORE
FROM ONMANORAMA