അന്‍റാര്‍ട്ടിക് ഉരുകുന്നത് ആറിരട്ടി വേഗത്തിൽ ;തീരപ്രദേശങ്ങൾ മുങ്ങും,ജനകോടികൾ അഭയാർത്ഥികളാകും !

antarctica4
SHARE

കഴിഞ്ഞ നാല്‍പ്പതു വര്‍ഷത്തിനിടയില്‍ അന്‍റാര്‍ട്ടിക്കിലുണ്ടായ മഞ്ഞുരുക്കത്തിന്‍റെ വേഗതയിലുണ്ടായ വർധനവു സംബന്ധിച്ച വിവരങ്ങളാണ് പുറത്തു വരുന്നത്. 1979 നും 2019 നും ഇടയില്‍ മഞ്ഞുരുകലിന്‍റെ വേഗത ആറിരട്ടിയായി വർധിച്ചുവെന്നാണ് പുതിയ പഠനം ചൂണ്ടിക്കാട്ടുന്നത്. ഇതുമൂലം ആഗോളതലത്തില്‍ സമുദ്രനിരപ്പില്‍ അരയിഞ്ചോളം വർധനവുണ്ടായെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. നാസയാണ് അന്‍റാര്‍ട്ടിക്കിലുണ്ടാകുന്ന ഈ നിർണായക മാറ്റം സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തു വിട്ടത്.

അന്‍റാര്‍ട്ടിക്കിലെ കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന മാറ്റങ്ങളെ കുറിച്ച് ദീര്‍ഘകാലമെടുത്തു പൂര്‍ത്തിയാക്കിയ പഠന റിപ്പോർട്ടാണിത്. നാസയ്ക്കൊപ്പം നെതര്‍ലന്‍ഡ്, കലിഫോര്‍ണിയ എന്നീ സര്‍വകലാശാലകളിലെ ഗവേഷകരും ചേര്‍ന്നാണു പഠനം നടത്തിയത്. അന്‍റാര്‍ട്ടിക്കിനെ 18 മേഖലകളാക്കി തിരിച്ചായിരുന്നു പഠനം. സാറ്റലൈറ്റ് ദൃശ്യങ്ങളാണ് പ്രധാനമായും പഠനത്തിനായുപയോഗിച്ചത്. കഴിഞ്ഞ നാല്‍പ്പതു വര്‍ഷത്തിനിടെ ഉണ്ടായ മഞ്ഞുരുക്കലിന്‍റെ അളവ് വ്യക്തമായി തന്നെ പഠനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. അന്‍റാര്‍ട്ടിക്കിന്‍റെ ഭാവിയെക്കുറിച്ചു തന്നെ ആശങ്കയുണ്ടാക്കുന്നതാണ് ഈ കണക്കുകള്‍.

മഞ്ഞുരുകലിന്‍റെ തോത്

antarctica-losing-ice

1979 മുതല്‍ 1990 വരെ അന്‍റാര്‍ട്ടിക്കിലെ മഞ്ഞുരുകലിന്‍റെ അളവ് വര്‍ഷത്തില്‍ ഏതാണ്ട് 4000 കോടി മുതല്‍ 4400 കോടി ടണ്‍ വരെയായിരുന്നു. എന്നാല്‍ 1990 മുതല്‍ 2001 വരെയുള്ള മഞ്ഞുരുകലിന്‍റെ തോത് കുത്തനെ ഉയര്‍ന്നു. വര്‍ഷത്തില്‍ ശരാശരി 12200 കോടി ടണ്‍ ആയാണ് ഉരുകുന്ന മഞ്ഞുപാളികളുടെ അളവിൽ വർധനവുണ്ടായത്. 2001 മുതല്‍ 2009 വരെയുള്ള കണക്കെടുമ്പോള്‍ ഇത് വീണ്ടും ഇരട്ടിയിലധികമായി വർധിച്ചു. വര്‍ഷത്തില്‍ ഏതാണ് 25700 കോടി ടണ്‍ മഞ്ഞു പാളിയാണ് വര്‍ഷം തോറും ഈ കാലയളവില്‍ ഉരുകിയൊലിച്ചത്.

2009 മുതല്‍ 2017 വരെയുള്ള കാലയളവിലെ കണക്കുകള്‍ അക്ഷരാര്‍ത്ഥത്തില്‍ ഗവേഷകരെ തന്നെ ഞെട്ടിക്കുന്നതായിരുന്നു. വര്‍ഷത്തില്‍ ശരാശരി 44000 ടണ്‍ മഞ്ഞു പാളികളാണ് ഈ കാലയളവില്‍ അന്‍റാര്‍ട്ടിക്കില്‍ നിന്നുരുകി സമുദ്രത്തിലേക്കെത്തിയത്. 2007 മായി താരതമ്യപ്പെടുത്തുമ്പോള്‍ 2017 ലെ മഞ്ഞുരുക്കത്തിന്‍റെ അളവ് ഏകദേശം 280 ഇരട്ടിയായാണ് ഉയര്‍ന്നത്. 

കലിഫോര്‍ണിയ സര്‍വകലാശാലയിലെ പ്രൊഫസറും ഭൗമ ശാസ്ത്രജ്ഞനുമായ എറിക് റിഗ്‌നോട്ട് ആണ് പഠനത്തിന് നേതൃത്വം നല്‍കിയത്. അന്റാര്‍ട്ടിക്കയില്‍ ഇതു പോലെ മഞ്ഞുരുകുന്ന സ്ഥിതി ഇനിയും തുടരുമെന്നാണ് കരുതുന്നത്. ഇങ്ങനെ മഞ്ഞുരുകല്‍ തുടരുന്നതു തീരദേശമേഖലകളിലുള്ള നൂറു കോടിയിലധികം പേരുടെ ജീവനു ഭീഷണിയാകുമെന്ന് എറിക് റിഗ്‌നോട്ട് പറയുന്നു. ലോകജനസംഖ്യയുടെ വലിയൊരു ഭാഗവും താമസിക്കുന്നത് താഴ്ന്ന പ്രദേശങ്ങളിലാണ്. അതിനാല്‍ തന്നെ ചരിത്രത്തില്‍ വച്ച് തന്നെ ഏറ്റവും വലിയ കുടിയേറ്റത്തിനും അഭയാര്‍ത്ഥി പ്രവാഹത്തിനുമുള്ള സാധ്യതയും ഗവേഷകര്‍ തള്ളിക്കളയുന്നില്ല. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EARTH N COLORS
SHOW MORE
FROM ONMANORAMA