വിരുന്നെത്തുന്ന പൂമ്പാറ്റകളൊരുക്കുന്ന വിസ്മയക്കാഴ്ച!

HIGHLIGHTS
  • . ഒക്ടോബര്‍ മാസത്തോടെയാണ് ഇവയുടെ കുടിയേറ്റം
  • 2 മാസത്തെ യാത്രയ്ക്കൊടുവിലാണ് ഇവ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുക
492967380
SHARE

മനുഷ്യന്‍ നിര്‍മ്മിച്ച ഏഴ് ലോകമഹാദ്ഭുതങ്ങളെയും നിഷ്പ്രഭമാക്കുന്നതാണു പ്രകൃതിയൊരുക്കുന്ന പല അദ്ഭുതക്കാഴ്ചകളും. ഇവയിലൊന്നാണു ശൈത്യകാലത്ത് വടക്കേ അമേരിക്കയില്‍ നിന്ന് ഒരു പൂമ്പാറ്റവര്‍ഗ്ഗം നടത്തുന്ന കുടിയേറ്റം. മൂവായിരം മൈല്‍ ദൂരമാണ് ഈ കുടിയേറ്റത്തിന്‍റെ ഭാഗമായി ഇവ എല്ലാ വര്‍ഷവും താണ്ടുന്നത്. ഉത്തരമേഖലയിലെ തണുപ്പിനെ അതിജീവിക്കാന്‍ കഴിയാത്തതിനാലാണ് ഇവ ഭൂമധ്യരേഖാ പ്രദേശത്തേക്കു കൂട്ടത്തോടെ എത്തിച്ചേരുന്നത്.   ഇവ മെക്സിക്കോയിലേക്കെത്തിച്ചേരുന്ന കാഴ്ച കാണേണ്ടതു തന്നെയാണ്.

മൊണാര്‍ക്ക് ബട്ടര്‍ഫ്ലൈ വിഭാഗത്തില്‍ പെട്ടവയാണ് ഈ പൂമ്പാറ്റകള്‍. മഞ്ഞയും കറുപ്പും, വെള്ളയും, തവിട്ടും നിറങ്ങള്‍ ഇടകലര്‍ന്നതാണ് ഇവയുടെ ശരീരവും ചിറകുകളും. ലോകത്തെ ഏതൊരു പൂമ്പാറ്റ വര്‍ഗ്ഗവും നടത്തുന്ന കുടിയേറ്റങ്ങളില്‍ ഏറ്റവും ദൈര്‍ഘ്യമേറിയത് മൊണാര്‍ക്ക് ചിത്രശലഭങ്ങളുടെ ഈ കുടിയേറ്റം തന്നെയാണ്.

Monarch-Butterflies

പൂമ്പാറ്റകളെ കൊണ്ട് ഒരു പരവതാനി വിരിച്ചതു പോലെയാണ് ഇവ എത്തിച്ചേരുന്ന പ്രദേശം കാണപ്പെടുക. കോടിക്കണക്കിനു പൂമ്പാറ്റകള്‍ ഈ കൂട്ടത്തിന്‍റെ ഭാഗമാണ്. തുറസ്സായ പ്രദേശങ്ങളിലും ചെടികളിലും വൃക്ഷങ്ങളിലും മാത്രമല്ല ആകാശം പോലും പലപ്പോഴും ഇവയെക്കൊണ്ടു നിറയും. ഇങ്ങനെ എല്ലാ വര്‍ഷവും പൂമ്പാറ്റകള്‍ കൂട്ടത്തോടെയെത്തുന്ന പ്രദേശം ചിത്രശലഭ റിസേര്‍വ് പാര്‍ക്കായി സംരക്ഷിക്കുന്നുണ്ട് അധികൃതര്‍. 

ജനുവരി മുതല്‍ മാര്‍ച്ചു വരെയുള്ള സമയത്താണ് ഇവ മെക്സിക്കോയില്‍കാണപ്പെടുക. ഒക്ടോബര്‍ മാസത്തോടെയാണ് ഇവയുടെ കുടിയേറ്റം വടക്കേ അമേരിക്കയുടെ ഉത്തരമേഖലയില്‍ നിന്നാരംഭിക്കുക. ഏതാണ്ട് 2 മാസത്തെ യാത്രയ്ക്കൊടുവിലാണ് ഇവ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്നത്. വേനല്‍ കനക്കുന്നതോടെ മാര്‍ച്ച് അവസാനത്തില്‍ ഇവയുടെ തിരികെയുള്ള യാത്ര ആരംഭിക്കും. 

അതേസമയം പ്രകൃതിയിലെ മറ്റു പല മനോഹര കാഴ്ചകളും മറയുന്നതു പോലെ മൊണാര്‍ക്ക് ചിത്രശലഭങ്ങളൊരുക്കുന്ന ഈ ദൃശ്യവിസ്മയത്തിനും ഇനി അധികം ആയുസ്സുണ്ടാകില്ലെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. താപനില വർധിക്കുന്നതും, ആവാസ വ്യവസ്ഥയിലുണ്ടാകുന്ന മാറ്റവും ഈ ചിത്രശലഭങ്ങളുടെ നിലനിൽപിനെ ബാധിക്കുന്നുണ്ട്. ഇതുകൂടാതെ തന്നെ കൃഷിയിടങ്ങളിലെ കീടനാശിനികളുടെ ഉപയോഗവും ഈ ചിത്രശലഭങ്ങളുടെ എണ്ണത്തില്‍ കാര്യമായ കുറവു വരുത്തുന്നതിനു കാരണമാകുന്നുണ്ട്. 

Monarch-butterflies-pacific-grove

ഇങ്ങനെ കാലാവസ്ഥയും കീടനാശിനികളും മറ്റും സൃഷ്ടിച്ച ആഘാതങ്ങള്‍ മൂലം മൊണാര്‍ക്ക് ചിത്രശലഭങ്ങളുടെ എണ്ണത്തിലുണ്ടായിട്ടുള്ള കുറവും ഞെട്ടക്കുന്നതാണ്. ഏതാണ്ട് 90 ശതമാനത്തോളം കുറവ് മൊണാര്‍ക്ക് ചിത്രശലഭങ്ങളുടെ അംഗസംഖ്യയിലുണ്ടായിട്ടുണ്ടെന്നാണ് ഇവയുടെ കുടിയേറ്റത്തെക്കുറിച്ചു പഠനം നടത്തുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്. അമേരിക്കയിലെ കാലം തെറ്റിയെത്തുന്ന മഴയും, ആസാധാരണമാം വിധം ഉയരുന്ന താപനിലയുമെല്ലാം ഇതില്‍ ചെറുതല്ലാത്ത പങ്കു വഹിക്കുന്നുണ്ട്. ഇത്തരം മാറ്റങ്ങള്‍ മൂലം ഇവയുടെ കുടിയേറ്റ സമയം ഇപ്പോള്‍ വൈകുന്നുണ്ട്. കൂടാതെ മെക്സിക്കോയില്‍ നിന്നുള്ള ഇവയുടെ മടക്കവും വേഗത്തിലായിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EARTH N COLORS
SHOW MORE
FROM ONMANORAMA