ADVERTISEMENT

ഒരു മാസത്തിനിടെ  മൂന്ന് തവണയാണ് മാഷ്മല്ലോ എന്ന പേരില്‍ അറിയപ്പെടുന്ന തിമിംഗലത്തിന്‍റെ ശവശരീരം  ഹവായ് തീരത്തെത്തിയത്. ആദ്യ രണ്ടു തവണയും സ്പേം വെയില്‍ ഇനത്തില്‍ പെട്ട ഈ തിമിംഗലത്തിന്‍റെ ശരീരാവശിഷ്ടം കടലിലേക്കു തന്നെ തള്ളിവിട്ടെങ്കിലും വീണ്ടും മറ്റൊരു തീരത്ത് തിരികെയെത്തുകയായിരുന്നു. വെളള നിറത്തില്‍ നേരിയ തിളക്കത്തോടെയാണ് പാതി ദ്രവിച്ച തിമിംഗലത്തിന്‍റെ ശരീരം കാണപ്പെടുന്നത്. അതുകൊണ്ടു തന്നെ കാഴ്ചയില്‍ മാഷ്മെല്ലോ എന്ന മധുരപലഹാരവുമായി സാമ്യമുണ്ട്. ഇതിനാലാണ് മാഷ്മല്ലോ തിമിംഗലം എന്ന വിളിപ്പേര് ഈ ചത്ത തിമിംഗലത്തിനു ലഭിച്ചത്.

കാഴ്ചക്കാര്‍ക്ക് കൗതുകമാണെങ്കിലും അധികൃതര്‍ക്ക് വന്‍ തലവേദയായിരിക്കുകയാണ് തിമിംഗലത്തിന്‍റെ ഈ തിരിച്ചു വരവുകള്‍. ജനുവരി പത്തിന് ഹവായ്‌യിലെ തിരക്കേറിയ ബീച്ചുകളില്‍ ഒന്നായ സൗത്ത് ഒഹുവിലാണ് ഈ തിമിംഗലത്തിന്‍റെ ജഢം അടിഞ്ഞത്. ടൈഗര്‍ സ്രാവുകളുടെ ആക്രമണത്തില്‍ ശരീരത്തിന്‍റെ ഏതാനും ഭാഗങ്ങള്‍ നഷ്ടമായ നിലയിലായിരുന്നു തിമിംഗലത്തിന്‍റെ ജഢം. ശരീരം തീരത്തിനു തൊട്ടടുത്തെത്തും വരെ ടൈഗര്‍ സ്രാവുകള്‍ ആക്രമിക്കുന്നത് തുടരുകയും ചെയ്തിരുന്നു. 

സ്രാവുകളുടെ ആക്രമണം നേരിട്ടെങ്കിലും വലിയ തോതിലുള്ള കോട്ടം പുറമെ നിന്നു നോക്കിയാൽ തിമിംഗലത്തിന്‍റെ ശരീരത്തിനു സംഭവിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ തിമിംഗലത്ത കാണാനായി നിരവധി പേരെത്തിയിരുന്നു. കൂടാതെ ഹവായ് മറൈന്‍ റിസര്‍ച്ച് സെന്‍ററിലെ ഗവേഷകര്‍ക്കും തിമിംഗലം നല്ലൊരു പഠന വസ്തുവായി. എന്നാല്‍ അധികനേരം കരയില്‍ കിടന്നാല്‍ ദുര്‍ഗന്ധവും മലിനീകരണവും സൃഷ്ടിക്കുമെന്നതിനാല്‍ തിമിംഗലം കരയ്ക്കടിഞ്ഞു പിറ്റേന്നു തന്നെ അതിനെ ബോട്ടില്‍ കെട്ടിവലിച്ച് ഉള്‍ക്കടലില്‍ ഉപക്ഷിച്ചു. 

Sperm Whale Carcass

തിമിഗലത്തിന്‍റെ തിരിച്ചു വരവ്

എന്നാല്‍ ജനുവരി 23 ന് തിമിംഗലം വീണ്ടും ഹവായ് തീരത്തെത്തി. ഇത്തവണ സാന്‍ഡ് ഐലന്‍ഡ് പ്രദേശത്തായിരുന്നു തിമിംഗലം തീരത്തടിഞ്ഞത്. പക്ഷേ അപ്പോഴേക്കും ശരീരം വല്ലാതെ അഴുകി തുടങ്ങിയിരുന്നു. പുറമെയുള്ള തൊലിയെല്ലാം നഷ്ടമായ തിമിംഗലത്തിന്‍റെ രൂപം കാഴ്ചക്കാരെ ഓര്‍മ്മിപ്പിച്ചത് ഒരു കൂറ്റന്‍ മാഷ്മെല്ലോയെ ആണ്. പക്ഷെ രൂപത്തിലുള്ള കൗതുകമൊന്നും ദുർഗന്ധത്തിന്‍റെ കാര്യത്തിലില്ലായിരുന്നു. കരയ്ക്കടിഞ്ഞു വെയില്‍ ശക്തമായപ്പോഴേക്കും ദുര്‍ഗന്ധം രൂക്ഷമായി. ഇതോടെ തിമിംഗലത്തിന്‍റെ അവശിഷ്ടം വീണ്ടും ബോട്ടില്‍ കെട്ടി വലിച്ച് ഉള്‍ക്കടലില്‍ ഉപക്ഷിച്ചു.

എന്നാല്‍ ഇത്തവണയും ഉദ്ദേശിച്ച ഫലം കണ്ടില്ല. ക്യാംപ്ബെല്‍ വ്യാവസായ മേഖലയുടെ സമീപത്താണ് ഈ തിമിംഗലത്തിന്‍റെ അവശിഷ്ടം ഒരാഴ്ചയ്ക്കു ശേഷം വീണ്ടും കറങ്ങിത്തിരിഞ്ഞെത്തിയത്. ഇതോടെ തിമിംഗലത്തെ വീണ്ടും കടലിലേക്കു കൊണ്ടു പോയി ഉപേക്ഷിക്കുന്ന പരിപാടി അധികൃതര്‍ അവസാനിപ്പിച്ചു. അവസാനം തിമിംഗലം അടിഞ്ഞ പ്രദേശം ജനവാസമേഖലയല്ലാത്തതിനാല്‍ തിമിംഗലത്തെ അവിടെ തന്നെ തുടരാന്‍ അനുവദിക്കുകയായിരുന്നു. തിമിംഗലത്തിന്‍റെ അവശിഷ്ടം സ്വാഭാവികമായി ഇല്ലാതാകട്ടെ എന്നായിരുന്നു അധികൃതരുടെ തീരുമാനം.

Sperm Whale Carcass

തിമിംഗലത്തിന്‍റെ മരണകാരണം

അഴുകി തുടങ്ങിയതിനാലും സ്രാവുകള്‍ ആക്രമിച്ചതിനാലും തിമിംഗലത്തിന്‍റെ ശരീരത്തില്‍ കാര്യമായ പഠനം നടത്താന്‍ ഗവേഷകര്‍ക്കു സാധിച്ചിട്ടില്ല. പക്ഷെ തിമിംഗലത്തിന്‍റെ ആമാശയം ശൂന്യമായിരുന്നു എന്നു പരിശോധനയില്‍ വ്യക്തമായി. കഴിഞ്ഞ ഏതാനും മാസങ്ങളായി തിമിംഗലം ഭക്ഷണം കഴിച്ചിട്ടില്ല എന്നാണ് ഇതു സൂചിപ്പിക്കുന്നത്.അതുകൊണ്ട് തന്നെ തിമിംഗലത്തെ ഏതെങ്കിലും രീതിയിലുള്ള രോഗം ബാധിച്ചതായിരിക്കാം മരണത്തിനു കാരണമായതെന്നും ഗവേഷകര്‍ കരുതുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com