ADVERTISEMENT

റഷ്യയിലെ വടക്കൻ ദ്വീപുകളിലൊന്നായ നൊവായ സെമ്‌ലിയ എന്ന പ്രദേശത്താണ് അപ്രതീക്ഷിതമായ കാരണത്താല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഒന്നും രണ്ടുമല്ല അന്‍പതിലേറെ ധ്രുവക്കരടികളാണ് കൂട്ടത്തോടെ ഈ റഷ്യന്‍ നഗരത്തിലേക്കെത്തിയത്. ഹിമയുറക്കം അഥവാ ഹൈബര്‍നേഷന്‍ കഴിഞ്ഞ ഉണര്‍ന്ന ഇവ ഭക്ഷണം തേടിയായിരിക്കണം കൂട്ടത്തോടെ ഇങ്ങോട്ടെത്തിയതെന്നാണ് കരുതുന്നത്. 

 Invasion of Starving Polar Bears
Image Credit: Twitter

കാരണം കാലാവസ്ഥാ വ്യതിയാനം

കാലാവസ്ഥാ വ്യതിയാനം ധ്രുവക്കരടികളുടെ ജീവിതത്തില്‍ സാരമായ മാറ്റങ്ങളാണു വരുത്തിയിരിക്കുന്നത്. സാധാരണഗതിയില്‍ മാര്‍ച്ച് പകുതിയോടെയാണ് ഹിമക്കരടികള്‍ ഉറക്കം വിട്ടെണീറ്റ് പുറത്തെത്തുന്നത്. എന്നാല്‍ ചൂട് കൂടിയതോടെ ഇവ നേരത്തെ ഉണരാന്‍ തുടങ്ങി. എന്നാല്‍ മാര്‍ച്ചു പകുതിയോടെ മാത്രം ലഭ്യമാകുന്ന ഇരകള്‍ ഇപ്പോള്‍ ഇല്ലാത്തതിനാല്‍ ഇവയെ വിശപ്പ് സാരമായി അലട്ടാനും തുടങ്ങി. ഇതോടെയാണ് ഭക്ഷണം തേടി ഈ ജീവികള്‍ മനുഷ്യവാസമുള്ള പ്രദേശത്തേക്കെത്തിയത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ശൈത്യകാലത്തിന്‍റെ അവസാനത്തോടെ ധ്രുവക്കരടികള്‍ മനുഷ്യവാസമുള്ള പ്രദേശങ്ങളിലേക്കെത്തുന്ന സംഭവം വർധിച്ചിരിക്കുകയാണ്.

നൊവായ ദ്വീപിലെ ബെലൂഷിയ ഗുബ എന്ന നഗരമാണ് ധ്രുവക്കരടികള്‍ കൂട്ടത്തോടെ ആക്രമിച്ചത്. നഗരത്തിലും പരിസരപ്രദേശങ്ങളിലും ഇതോടെ ആളുകളോട് അനാവശ്യമായി പുറത്തിറങ്ങരുതെന്ന കര്‍ശന നിര്‍ദേശമാണ് അധികൃതര്‍ നല്‍കിയിരിക്കുന്നത്. ഇവയില്‍ പത്തെണ്ണം നഗരത്തില്‍ സ്ഥിരമായി റോന്തുചുറ്റുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. പല കരടികളും വളര്‍ത്തു പട്ടികളെ ആക്രമിച്ച് കൊന്നു തിന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. മൂന്ന് മാസത്തെ ഉറക്കത്തിനു ശേഷം പുറത്തു വന്ന കരടികള്‍ക്ക് അതികഠിനമായ വിശപ്പാണ് ഉണ്ടാകുക. 

ആയിരക്കണത്തിന് ആളുകള്‍ താമസിക്കുന്ന നഗരമാണ് ബെലൂഷിയ ഗൂബ. നഗരത്തിലെ പലരെയും കരടികള്‍ ഇതിനകം ആക്രമിക്കാന്‍ ഓടിച്ചതായും റിപ്പോർട്ടുകളുണ്ട്. ഭൂരിഭാഗം പേരും ഭയം മൂലം കുട്ടികളെ സ്കൂളില്‍ അയയ്ക്കുന്നതു പോലും നിര്‍ത്തി വച്ചിരിക്കുകയാണ്. വീടുകളിലും ഓഫീസുകളിലും പോലും കരടികള്‍ കയറിച്ചെന്ന സംഭവങ്ങളുണ്ടായി. ധ്രുവക്കരടികള്‍ സംരക്ഷിത വര്‍ഗമായതിനാല്‍ ഇവയ്ക്കെതിരെ ആക്രമണം നടത്തുന്നത് രാജ്യാന്തര തലത്തില്‍ തന്നെ വിമര്‍ശനങ്ങള്‍ വിളിച്ചു വരുത്തും. ഇതിനാലാണ് ഇവയെ മേഖലയില്‍ നിന്ന് ദേഹോപദ്രവം ഏല്‍പ്പിക്കാതെ തന്നെ പറഞ്ഞു വിടുന്നതിനുള്ള ശ്രമം നടത്തുന്നതെന്ന് നഗരത്തിലെ ഡെപ്യൂട്ടി മേയര്‍ അലക്സാണ്ടല്‍ മിലായേവ് പറഞ്ഞു.

ഭക്ഷണം അന്വേഷിച്ച് ഇറങ്ങിത്തിരിച്ച കരടികള്‍ മനുഷ്യരില്‍ നിന്നും അപകടകരമായ അകലത്തില്‍ കറങ്ങി നടക്കുന്ന ദൃശ്യങ്ങളും നഗര ഭരണാധികാരികള്‍ പുറത്തു വിട്ടിട്ടുണ്ട്. കരടികളെ പേടിച്ച് പകല്‍സമയത്ത് പോലും പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണെന്നു നഗരവാസികളും പറയുന്നു. ശൈത്യകാലം കഴിഞ്ഞിട്ടില്ല എന്നതിനാല്‍ പരമാവധി മൂന്നോ നാലോ മണിക്കൂറാണ് സൂര്യപ്രകാശം ലഭ്യമാകുക. ഈ സമയത്ത് പോലും കരടികള്‍ യഥേഷ്ടം കറങ്ങി നടക്കുകയാണെന്നും ഇവര്‍ വിശദീകരിക്കുന്നു. യുട്യൂബില്‍ ബിയര്‍ ഇന്‍വേഷന്‍ എന്ന പേരില്‍ ഒരു സീരിസ് പോലും നഗരവാസികൾ തുടങ്ങിയിട്ടുണ്ട്.

 Invasion of Starving Polar Bears
Image Credit: Twitter

കരടികളെ എങ്ങനെ നേരിടും എന്ന ആശയക്കുഴപ്പത്തില്‍ അധികൃതര്‍

മനുഷ്യര്‍ക്കും കരടികള്‍ക്കും ഹാനികരമാകാത്ത വിധത്തില്‍ ഇവയെ നഗരത്തില്‍ നിന്ന് അകറ്റാനുള്ള മാര്‍ഗങ്ങള്‍ തിരയുകയാണ് പൊലീസും ഭരണകര്‍ത്താക്കളും. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കരടികള്‍ നഗരത്തിലേക്കെത്തുന്നുണ്ടെങ്കിലും ഇത്രയധികം കരടികള്‍ കൂട്ടത്തോട എത്തുന്നത് ആദ്യമായിട്ടാണ്. സ്ഥിരം സന്ദര്‍ശകരായതിനാല്‍ തന്നെ പല കരടികള്‍ക്കും മനുഷ്യരേയും പേടിയില്ല. അതുകൊണ്ട് തന്നെ ഒരു വിധത്തിലുള്ള ശബ്ദങ്ങളും ഇവയെ ഭയപ്പെടുത്തുന്നില്ല എന്നതും അധികൃതരെ വലയ്ക്കുന്ന മറ്റൊരു കാരണമാണ്. 

കരടികളെ മയക്കുവെടി വച്ച് പിടികൂടി മറ്റൊരു സ്ഥലത്തേക്കു മാറ്റുക എന്നതാണ് ഇപ്പോള്‍ ലക്ഷ്യമിട്ടിട്ടുള്ളത്. ഇതിനായി ഒരു സംഘത്തോട് നഗരത്തിലേക്കെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മഞ്ഞുഴീവ്ച മൂലം കൂലാവസ്ഥ മോശമായതിനാല്‍ ഈ സംഘത്തിന്‍റെ വരവു താമസിക്കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ ഏതാനും ദിവസങ്ങള്‍ കൂടി കരടികള്‍ക്കൊപ്പം നഗരവാസികള്‍ക്കു ചിലവഴിക്കേണ്ടി വരുമെന്നു സാരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com