ADVERTISEMENT

റഷ്യയിലെ വടക്കൻ ഓസ്സെറ്റിയ എന്ന സ്ഥലത്ത് മനോഹരമായ ഒരു പുരാതന ഗ്രാമം ഉണ്ട്. 5 മലകൾക്കിടയിലായി സ്ഥിതിചെയ്യുന്ന ഈ ഗ്രാമത്തിന്റെ ഭംഗി ആസ്വദിക്കാൻ പക്ഷേ അധികമാരും ചെന്നെത്താറില്ല. കാരണം അവിടെ പ്രവേശിക്കുന്നവർക്കു തിരികെ ജീവനോടെ മടങ്ങാനാവില്ല എന്നാണു വിശ്വാസം.

ദർഗാവ് എന്നാണ് ഇൗ ഗ്രാമത്തിന്റെ പേരെങ്കിലും മരിച്ചവരുടെ നഗരം എന്നാണ് ഈ പ്രദേശത്തെ വിശേഷിപ്പിക്കുന്നത്. വീടുകളുടെ ആകൃതിയിൽ നിർമിച്ചിരിക്കുന്ന നൂറോളം കെട്ടിടങ്ങൾ ഇവിടെയുണ്ട്. എന്നാൽ ഒന്നിലധികം നിലകളുള്ള ഈ കെട്ടിടങ്ങളിലെ എല്ലാ നിലകളിലുമുള്ളത് മനുഷ്യരുടെ അസ്ഥികൂടങ്ങൾ മാത്രമാണ്. ഈ കെട്ടിടങ്ങൾ ഗ്രാമവാസികളുടെ ശവകുടീരങ്ങളാണെന്നാണ് നിഗമനം. ഇതിനുള്ളിലെ ഓരോ അറകളും സൂചിപ്പിക്കുന്നത് കുടുംബത്തിലെ ഓരോ തലമുറകളെയാണെന്നും ഗവേഷകർ പറയുന്നു. ഈ ഗ്രാമത്തിനു 400 വർഷത്തോളം പഴക്കമുള്ളതായി കണ്ടെത്തിയിരുന്നു. ഇവിടെത്തിയ മനുഷ്യരാരും തന്നെ ജീവനോടെ മടങ്ങിയെത്തിയിട്ടില്ല എന്നാണു സമീപവാസികൾ വ്യക്തമാക്കുന്നത്.

Dargavs1

ഏകദേശം 17 കിലോമീറ്റർ വിസ്തൃതിയുള്ള ഈ താഴ്‌വര അതുകൊണ്ടുതന്നെ തികച്ചും ഒറ്റപ്പെട്ടു കിടക്കുകയാണ്. ഗ്രാമത്തിൽ ജീവിച്ചിരുന്നവർ മരണമടയുന്ന കുടുംബാംഗങ്ങളെ ഈ നിർമിതികൾക്കുള്ളിൽ തന്നെ അടക്കിയിരുന്നതായാണു കരുതപ്പെടുന്നത്. തോണിയുടെ ആകൃതിയിൽ നിർമിച്ച ചില ശവപ്പെട്ടികളും ഇവയ്ക്കുള്ളിൽ ഉള്ളതായി ഗവേഷകർ പറയുന്നു. എന്നാൽ ഇത് എന്തിനെ സൂചിപ്പിക്കുന്നുവെന്ന് ഇന്നും വ്യക്തമല്ല.

പതിനെട്ടാം നൂറ്റാണ്ടിൽ ഈ പ്രദേശത്ത് പ്ലേഗ് രോഗം പരന്നിരുന്നു എന്നാണ് ഒരു വിഭാഗം ഗവേഷകർ പറയുന്നത്. ഇതിനെ തുടർന്ന്  പുറത്തുനിന്നുള്ളവർ ഇവിടെയെത്താതിരിക്കുകയും ഗ്രാമത്തിലുള്ളവർക്കു പുറത്തുപോകാൻ സാധിക്കാതെ വരികയും ചെയ്തു. ഈ രോഗംമൂലം ഇവിടെയുള്ളവർ മരണപ്പെടുകയും വീടുകളിൽ തന്നെ അടക്കുകയും ചെയ്തു എന്നാണ് ഗവേഷകരുടെ വാദം. കാര്യമെന്തായാലും ഇപ്പോഴും ഈ ഗ്രാമത്തിലേക്കു കടക്കാൻ പുറത്തുള്ളവർക്കു ഭയമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com