ADVERTISEMENT

ഇതുവരെയുള്ള അനുമാനങ്ങള്‍ വച്ച് പുരാതന കാലത്ത് കടലിന്‍റെ അടിത്തട്ടുകള്‍ ആവാസയോഗ്യമായിരുന്നില്ലെന്നാണ് ഗവേഷകര്‍ കരുതിയിരുന്നത്. ഓക്സിജന്‍ ഇല്ലാത്ത ഈ പ്രദേശം മരുഭൂമിയായിരുന്നുവെന്ന നിഗമനത്തിലായിരുന്നു ഇവര്. എന്നാല്‍ ഈ നിഗമനം ഒരു തെറ്റിധാരണയായിരുന്നു എന്നാണു പുതിയ ചില കണ്ടെത്തലുകള്‍ തെളിയിക്കുന്നത്. പ്രത്യേകിച്ചും കടലിനടിയില്‍ ഒരു സൂപ്പര്‍ ഹൈവേ കൂടി കണ്ടെത്തിയതോടെ പുരാതന കാലത്തും കടലിനടിയില്‍ ജീവന്‍ സജീവമായിരുന്നു എന്നാണ് വ്യക്തമാകുന്നത്.

അന്‍പത് കോടി വര്‍ഷങ്ങള്‍ മുന്‍പ്

ഭൂമിയിലെ ആദ്യജീവി വര്‍ഗങ്ങളായ വിരകളും പുഴുക്കളും കടലിനടിയില്‍ സഞ്ചരിക്കാന്‍ ഉപയോഗിച്ച തുരങ്കങ്ങളാണ് ഗവേഷകര്‍ കണ്ടെത്തിയത്. വടക്കന്‍ കാനഡയിലെ കടലിനടിയില്‍ കണ്ടെത്തിയ കടല്‍ അടിത്തട്ടുകളില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വെളിവായത്. കേംബ്രിയന്‍ യുഗം എന്നു വിളിയ്ക്കുന്ന കാലഘട്ടത്തിന്‍റെ തുടക്ക കാലത്ത് നിന്നുള്ളവയാണ് ഈ ഫോസിലുകള്‍.ആദ്യ ദിനോസറുകള്‍ രൂപപ്പെടുന്നതിനും മുന്‍പുള്ളവയാണിവ.

ഒരിക്കല്‍ സമുദ്രത്തിന്‍റെ അടിത്തട്ടിന്‍റെ ഭാഗമായിരുന്ന വടക്കു പടിഞ്ഞാറന്‍ കാനഡയിലെ മക്കന്‍സി മലനിരകളില്‍ നിന്നാണ് ഈ ഫോസിലുകള്‍ ലഭിച്ചത്. ഭൗമശാസ്ത്രജ്ഞനായ ബ്രയാന്‍ പിറ്റ് 35 വര്‍ഷമായി ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തല്‍ മുന്നോട്ടു വയ്ക്കുന്നത്. ഇതുവരെ കരുതിയിരുന്നതിലും കൂടുതല്‍ ഓക്സിജന്‍ കടലിന്‍റെ അടിത്തട്ടിൽ അക്കാലത്തുണ്ടായിരുന്നു എന്ന് ഫോസിലുകള്‍ തെളിയിക്കുന്നതായി ബ്രയാന്‍ പിറ്റ് പറയുന്നു. 

ബറോസ് എന്ന തുരങ്കങ്ങള്‍

പല വലുപ്പത്തിലുള്ള വിരകളും പുഴുക്കളും സഞ്ചരിക്കാന്‍ ഉപയോഗിച്ചിരുന്ന തുരങ്കങ്ങള്‍ക്ക് ബറോസ് എന്നാണ് ബ്രയാന്‍ പേരു നല്‍കിയിരിക്കുന്നത്. ജീവികളുടെ വലുപ്പത്തിനനുസരിച്ച് അവ ഉപയോഗിക്കുന്ന തുരങ്കങ്ങളും വ്യത്യാസപ്പെട്ടിരിക്കും എന്ന് ബ്രയാന്‍ പറയുന്നു. ഈ ജീവികളില്‍ തന്നെ വേട്ടക്കാരും ഇരകളും ഉള്‍പ്പെട്ടിരുന്നു. വേട്ടക്കാരില്‍ നിന്നു രക്ഷപ്പെടാനാകണം ചെറിയ വിരകള്‍ ചെറു തുരങ്കങ്ങള്‍ സഞ്ചാരത്തിനായി തെരഞ്ഞെടുത്തതെന്നും ബ്രയാന്‍ ഊഹിക്കുന്നു. 

0.5 മുതല്‍ 0.15 മില്ലി മീറ്റര്‍ വരെ വിസ്തൃതിയുള്ള തുരങ്കങ്ങള്‍ ഈ ശിലാപാളികളില്‍ നിന്നു കണ്ടെത്തിയിട്ടുണ്ട്. അക്കാലത്തെ കടലിന്‍റെ അടിത്തട്ടിലെ ജൈവവൈവിധ്യത്തെയാണ് ഇതു സൂചിപ്പിക്കുന്നത്. കേംബ്രിയന്‍ യുഗം എന്നത് ഭൂമി മുഴുവന്‍ ജീവികള്‍ വ്യാപിക്കാന്‍ തിരഞ്ഞെടുത്ത കാലഘട്ടം കൂടിയാണ്. അതുകൊണ്ട് തന്നെ ഇത്തരം തുരങ്കങ്ങള്‍ ഒരു പക്ഷേ ഒരു പറ്റം ജീവികളുടെ വ്യാപനത്തിനുള്ള പാതയായി കൂടി പ്രവര്‍ത്തിച്ചിരിക്കാമെന്നും കണക്കു കൂട്ടുന്നു. ഈ നിഗമനത്തിലാണ് സൂപ്പര്‍ ഹൈവേ എന്ന പേര് ഈ തുരങ്കങ്ങള്‍ക്കു നല്‍കിയതും.

ജീവികളിലെ വ്യത്യസ്തത

ഒരു മില്ലി മീറ്റര്‍ വലുപ്പമുള്ള വിരകള്‍ മുതല്‍ 1 വിരലിന്‍റെ നീളമുള്ളവ വരെ ഇക്കൂട്ടത്തിലുണ്ടായിരുന്നുവെന്നാണ് കരുതുന്നത്. പോളിഷീറ്റ്സ് വിഭാഗത്തില്‍ പെട്ട ബ്രിസില്‍ വേം എന്ന ജീവികളായിരുന്നു കൂട്ടത്തില്‍ ഏറ്റവും കുഞ്ഞന്‍മാര്‍. ഇങ്ങനെ കുഞ്ഞന്‍ ജീവികളുടെ തുരങ്കങ്ങള്‍ക്കു സമാന്തരമായി തന്നെയാണ് വലുപ്പമുള്ള വിരകളുടെയും തുരങ്കങ്ങള്‍ കണ്ടെത്തിയത്. ഇതില്‍നിന്ന് വലുപ്പമുള്ള വിരകള്‍ കുഞ്ഞന്‍ വിരകളെ വേട്ടയാടിയിരുന്നു എന്നാണ് ഊഹിക്കുന്നത്. ചെറു വിരകള്‍ തുരങ്കത്തില്‍ നിന്നു മണ്ണിനു മുകളിലക്കെത്തുന്ന സമയത്തായിരിക്കാം ഇത്തരത്തില്‍ വേട്ടയാടല്‍ നടന്നിരിക്കുക.

വടക്കന്‍ കാനഡയിലെ ബര്‍ഗസ് ഷേല്‍ എന്ന ഈ പ്രദേശം കേംബ്രിയന്‍ കാലത്തെ സമുദ്ര ജീവികളുടെ ഫോസിലുകള്‍ക്കു പ്രശസ്തമാണ്. ഇതു തന്നെയാണ് കഴിഞ്ഞ 35 വര്‍ഷമായി ഈ മേഖലയില്‍ പഠനം നടത്താന്‍ പ്രൊഫ. ബ്രയാന്‍ പിറ്റിനെ പ്രേരിപ്പിച്ചത്.പ്രദേശത്തു നിന്നു ലഭിച്ച ഫോസിലുകളില്‍ ഏറ്റവും നിര്‍ണായകമായവ ഈ കുഞ്ഞന്‍ ജീവികളുടെ ഫോസിലുകളാണെന്നും ബ്രയാന്‍ പറയുന്നു. കാരണം ഒരേ കാലഘട്ടത്തെക്കുറിച്ച് നിലനിന്നിരുന്ന തെറ്റിധാരണ നീക്കാനാണ് ഈ ഫോസിലുകള്‍ സഹായിച്ചത്. 

അതേസമയം തന്നെ ഈ ഫോസിലുകള്‍ കേടു കൂടാതെ ഇത്ര നാളും സംരക്ഷിക്കപ്പെട്ടതോടെ മറ്റൊരു കാര്യവും ഗവേഷകര്‍ ഊഹിക്കുന്നുണ്ട്. ഈ ജീവികള്‍ സമുദ്രാന്തര്‍ ഭാഗത്തു ജീവിച്ച ശേഷം അധികം വൈകാതെ ആ മേഖലയിലെ ഓക്സിജന്‍ നിലയില്‍ കാര്യമായ കുറവുണ്ടായി എന്നതാണത്. ഇതിനു തെളിവായി ചൂണ്ടിക്കാട്ടുന്നത് അധികം കേടു പാടുകള്‍ കൂടാതെ സംരക്ഷിക്കപ്പെട്ട  ഫോസിലുകളാണ്. ശരീരം അഴുകാന്‍ ധാരാളം ഓക്സിജിന്‍റെ സാന്നിധ്യം ആവശ്യമാണ്. ഫോസിലുകള്‍ കേടു കൂടാതെ സംരക്ഷിക്കപ്പെട്ടതില്‍ നിന്ന് കാംബ്രിയന്‍ യുഗത്തിന്‍റെ അവസാനത്തോടെയോ അതിനു ശേഷമോ ഈ മേഖലയിലെ ഓക്സിജന്‍റെ അളവില്‍ ഗണ്യമായ കുറവുവന്നു എന്നാണ് വ്യക്തമാകുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com