ADVERTISEMENT

വേനൽ കനത്തതോടെ മലയോര മേഖലയിലെ പ്രധാന ജലസ്രോതസ്സുകൾ വറ്റിവരണ്ടു തുടങ്ങി.  ഇതോടെ ശുദ്ധജല ക്ഷാമവും രൂക്ഷമായി. കണ്ണൂർ -കാസർകോട് ജില്ലകളിലെ മലയോര പഞ്ചായത്തുകളിൽ നിന്നുള്ള ആയിരക്കണക്കിനാളുകൾ പ്രാഥമിക ആവശ്യങ്ങൾക്കായി ആശ്രയിക്കുന്ന തേജസ്വിനിപ്പുഴയും തിരുമേനി പുഴയുമാണു വറ്റിവരണ്ടു തുടങ്ങിയത്.

കനത്ത ചൂടിനെ തുടർന്നു കർണാടക വനത്തിൽ നിന്നുള്ള ജലപ്രവാഹം കുറഞ്ഞതാണ് തേജസ്വിനിപ്പുഴയിലെ നീരൊഴുക്ക് കുറയാൻ കാരണമായത്.  പുഴകളിലെ നീരൊഴുക്ക് കുറഞ്ഞതോടെ മലയോരത്തെ കിണറുകളിലും കുളങ്ങളിലും ജലനിരപ്പ് താഴ്ന്നു തുടങ്ങിയിട്ടുണ്ട്. തേജസ്വിനിപ്പുഴയുടെ കൊല്ലാട ഭാഗം ഇപ്പോൾ തന്നെ  വറ്റിവരണ്ട നിലയിലാണ്. ഏതാനും കുഴികളിൽ മാത്രമാണു ജലം അവശേഷിക്കുന്നത്. ചൂട് കനക്കുന്നതോടെ ഇതും പൂർണമായും വറ്റിവരളും.

ചെറുപുഴ പഞ്ചായത്തിലെ ക്വാറികളോടു ചേർന്നു കിടക്കുന്ന പ്രദേശങ്ങളിലെ കിണറുകളിലെ ജലനിരപ്പും വൻതോതിൽ കുറയുന്നതായി ആക്ഷേപമുണ്ട്. ക്വാറികളിൽ നടക്കുന്ന  അതിശക്തമായ സ്ഫോടനമാണു ജലനിരപ്പ് താഴാൻ പ്രധാന കാരണമെന്നു പരിസ്ഥിതി പ്രവർത്തകർ പറയുന്നു.

മലയോര മേഖലയിൽ ചില തടയണകളിൽ    മാത്രമാണു ജലം അവശേഷിക്കുന്നത്. ഇത് എത്ര നാൾ കൂടി ഉണ്ടാകുമെന്നു പറയാൻ പറ്റാത്ത സ്ഥിതിയാണു നിലവിലുള്ളത്. ലക്ഷങ്ങൾ ചെലവഴിച്ചു ചെറുപുഴ പഞ്ചായത്തിലെ തോടുകളിൽ ഒട്ടേറെ തടയണകൾ നിർമിച്ചിട്ടുണ്ടെങ്കിലും ഇവയിൽ മിക്കതിലും വെള്ളമില്ലെന്നതാണ് സത്യം

യാതൊരു വിധ സാങ്കേതിക പരിശോധനയും നടത്താതെയാണു ചിലയിടങ്ങളിൽ തടയണ നിർമിച്ചതെന്ന് ആക്ഷേപമുണ്ട്. നീരൊഴുക്ക് നിലച്ചതോടെ പുഴയിൽ നിന്നു മോട്ടോർ ഉപയോഗിച്ചു ജലസേചനം നടത്തുന്നത് പഞ്ചായത്ത് അധികൃതർ നിരോധിച്ചിരുന്നു. എന്നാൽ പലയിടങ്ങളിലും മോട്ടോർ ഉപയോഗിച്ചു വെള്ളം പമ്പ് ചെയ്യുന്നത് നിർബാധം തുടരുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com