ADVERTISEMENT
Deer
കടുത്ത ചൂടിൽ മൃഗശാലയിലെ മാനുകളിലൊന്ന് വെളളത്തിലിറങ്ങിക്കളിക്കുന്നു.

വേനൽച്ചൂടിൽ മനുഷ്യർ വലയുമ്പോൾ തിരുവനന്തപുരം മൃഗശാലയിലും  പക്ഷിമൃഗാദികൾ വെന്തുരുകുകയാണ്. വേനലിനെ നേരിടാൻ  ക്യത്യമായ തയാറെടുപ്പും വ്യക്തമായ ക്രമീകരണങ്ങളുംഉണ്ടെങ്കിലും ഇതാണു സ്ഥിതി. കടുത്ത വെയിലിൽ വാടിത്തളരാതിരിക്കാൻ മൃഗശാലയിൽ ഫാനും എസിയുമടക്കമുള്ള സൗകര്യങ്ങളാണു ഒരുക്കിയത്. വേനൽകാലത്തെ നേരിടാൻ മൃഗങ്ങൾക്കു വാക്സിനേഷനും മരുന്നുകളും കുത്തിവയ്പ്പുകളും നേരത്തെ തന്നെ നൽകി. ഒപ്പം ധാതുക്കളും വൈറ്റമിൻ മരുന്നുകളും നൽകി. ഉരഗങ്ങൾക്ക് ഫാനും എസിയും നൽകിയാണ് ചൂടിൽ നിന്നു സംരക്ഷണമൊരുക്കുന്നത്.

അനാക്കോണ്ട, രാജവെമ്പാല എന്നിവയ്ക്ക് ചൂടിൽ നിന്നു രക്ഷയേകാൻ കൂടിനുള്ളിൽ എസി സ്ഥാപിച്ചിട്ടുണ്ട്. സാധാരണ ദിവസങ്ങളിൽ കടുവകളെ ഒരു നേരമാണ് കുളിപ്പിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ രണ്ടു നേരം കുളിപ്പിക്കുന്നതിനു പുറമേ ഫാനും കൂടുകളിൽ മുഴുവൻ സമയവും സജ്ജമാക്കിയിട്ടുണ്ട്. അതോടൊപ്പം 24 മണിക്കൂറും പ്രവർത്തിക്കുന്ന ഷവറും ഒരുക്കിയിട്ടുണ്ട്. കൂടിന്റെ ഷട്ടറുകൾ തുറന്നു കൊടുത്തിരിക്കുന്നതിനാൽ എപ്പോൾ വേണമെങ്കിലും അവയ്ക്ക് ഷവറിനു ചുവട്ടിലേക്ക് എത്താം.

കരടികൾക്കു പ്രിയം പഴങ്ങൾ

Bison
മൃഗശാലയിലെ ചെറിയ കുളത്തിൽ ദാഹജലം തേടിയെത്തിയ കാട്ടുപോത്തും പ്രാവുകളും.

കരടികൾക്ക് തണുത്ത പഴങ്ങളോടാണ് പ്രിയം. വെള്ളത്തോടൊപ്പം പഴങ്ങളും ഇവയ്ക്കു നൽകും. തണുപ്പിൽ നിന്നു രക്ഷ നേടുന്നതിനോടൊപ്പം ആരോഗ്യ സംരക്ഷണത്തിനും ഇവ ഉത്തമം. നീലകാള, ഒട്ടകപക്ഷി എന്നിവയ്ക്കും ഫാനുകൾ നൽകിയിട്ടുണ്ട്. വെയിൽ കടുത്തു വരുമ്പോൾ ഇവ ചിറകുകൾ വിരിച്ച് ഫാനിനു മുന്നിൽ വന്നു നിൽക്കുമെന്ന് മൃഗശാല ജീവനക്കാർ പറയുന്നു. ആപ്പിൾ‍, ഓറഞ്ച്, മുന്തിരി, പൈനാപ്പിൾ, തണ്ണിമത്തൻ, ഏത്തയ്ക്ക എന്നിവയും മ്യഗങ്ങൾക്കു നൽകുന്നതിനാൽ ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നത് കുറയുന്നു.

മുളപ്പിച്ച പയർ, മുളപ്പിച്ച കടല, ചീര, കാരറ്റ് എന്നിവയും ചൂടിനെ നേരിടാനായി ഇവയ്ക്കു നൽകുന്നുണ്ട്. വെള്ളക്കെട്ടിനകത്തു തന്നെ നി‍ൽക്കാനാണ് ഹിപ്പോപൊട്ടാമസ്, കാണ്ടാമ്യഗം, കാട്ടുപോത്ത് എന്നിവയ്ക്കിഷ്ടം. പക്ഷികൾക്കും കുടിക്കാനും കുളിക്കാനുമുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. പക്ഷികൾ മുട്ടയിടുന്നതും അടയിരിക്കുന്നതും ഈ കാലത്തായതിനാൽ ചൂട് അധികം ബാധിക്കാറില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com