ADVERTISEMENT

കനത്ത വേനലിൽ ആലപ്പുഴ ജില്ലയിൽ  ഭൂജലനിരപ്പു താഴുന്നത് ആശങ്കയുണർത്തുന്നു. പ്രളയജലത്തിന്റെ കുത്തൊഴുക്കിൽ ജല സ്രോതസുകളിലെ നദീതടം ഒഴുകി പോയതാണു ജലനിരപ്പു താഴ്ന്നു പോകാൻ കാരണം. പാറയ്ക്കു മുകളിൽ തീർക്കപ്പെടുന്ന ഈ നദീതടങ്ങൾക്കു മുകളിലൂടെയാണു നീരൊഴുക്കുണ്ടാകുന്നത്. എക്കലും മണ്ണും മറ്റും അടിഞ്ഞു രൂപപ്പെടുന്ന ഈ തടത്തിനു മുകളിലൂടെയുള്ള ജലപ്രവാഹമാണു നഷ്ടമാകുന്നത്. ഫലത്തിൽ കൂടുതൽ കുഴിച്ചാൽ മാത്രമേ ഭൂഗർഭ ജലം കണ്ടെത്താൻ കഴിയൂ. 2–3 മീറ്ററോളം ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. ജില്ലയുടെ തെക്കൻ മേഖലയിലാണ് ഈ പ്രതിഭാസം കൂടുതൽ കണ്ടെത്തിയത്.

മാവേലിക്കര, കറ്റാനം, മുളക്കുഴ, നങ്ങ്യാർകുളങ്ങര മേഖലകളിലാണ് വ്യത്യാസം കൂടുതൽ അനുഭവപ്പെടുന്നത്. ചേർത്തല പ്രദേശങ്ങളിൽ ഉപ്പിന്റെ അംശവും ആലപ്പുഴ നഗരത്തിലും പരിസര പ്രദേശങ്ങളിലും ഫ്ലൂറൈഡിന്റെ ​അംശവും ക്രമാതീതമാണ്. നഗരത്തിൽ 10 മുതൽ 18 വരെ മീറ്റർ താഴ്ചയിൽ കുഴിച്ചാ‍ൽ ഗാർഹികാവശ്യത്തിനുള്ള വെള്ളം ലഭിക്കും. 

വ്യവാസായികാവശ്യത്തിനു കുഴൽക്കിണർ 100 മുതൽ 160 മീറ്റർ വരെ കുഴിക്കേണ്ടിവരും. ചെങ്ങന്നൂർ ഉൾപ്പെടെ ജില്ലയുടെ തെക്കുകിഴക്കൻ മേഖലയിൽ പാറതുരന്നു കിണർകുത്തുന്നതു വളരെ ശ്രമകരമാണ്.വേനൽ കനക്കുകയും ജലനിരപ്പ് അഭൂതപൂർവമായി താഴുകയും ചെയ്തതോടെ പല ജില്ലകളിലും കുഴൽക്കിണറുകൾ കുഴിക്കുന്നതിനു നിയന്ത്രണമുണ്ട്.

ജലസാന്നിധ്യമുള്ള ജില്ല എന്ന നിലയിൽ ഇവിടെ അക്കാര്യം ചിന്തിച്ചിട്ടില്ലെങ്കിലും വേനൽ കനത്താൽ നിയന്ത്രണങ്ങൾക്കു സാധ്യതയുണ്ട്. വ്യാവസായികാടിസ്ഥാനത്തിൽ കുഴൽക്കിണർ കുഴിക്കാൻ അനുമതി നൽകുന്നതു കലക്ടർ ചെയർമാനും ഭൂജല വകുപ്പു ജില്ലാ ഓഫിസർ കൺവീനറുമായുള്ള സമിതിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com