ADVERTISEMENT

ഒമാനിലും യുഎഇയിലുമാണ് കുറച്ചു ദിവസങ്ങൾക്കു മുൻപ് നീര്‍ച്ചുഴി പോലുള്ള പ്രതിഭാസം ആകാശത്തു രൂപപ്പെട്ടത്. ഈ നീര്‍ച്ചുഴിക്കു പിന്നില്‍  വെള്ളത്തിനു പകരം മേഘങ്ങളും മഞ്ഞുകട്ടകളുമായിരുന്നു. ഫാള്‍സ്ട്രീക് എന്നും പഞ്ച് ഹോള്‍ ക്ലൗഡെന്നും അറിയപ്പെടുന്ന ഈ പ്രതിഭാസം അപൂര്‍വമായി മാത്രം രൂപം കൊള്ളുന്ന ഒന്നാണ്. ചില സാഹചര്യങ്ങള്‍ മാത്രം ഒത്തുവന്നാല്‍ രൂപപ്പെടുന്ന ഫാള്‍സ്ട്രീക്കിന്‍റെ പ്രധാന ഘടകങ്ങളിലൊന്നും മേഘങ്ങളിലെ തണുത്തുറഞ്ഞ് ഐസ് ക്രിസ്റ്റലുകളായി മാറിയ വെള്ളത്തുള്ളികളാണ്. 

ഫാള്‍സ്ട്രീക് ഹോളിന്‍റെ രൂപപ്പെടല്‍

ഭൂമിയില്‍ നിന്ന് നീരാവിയായി ഉയരുന്ന വെള്ളം ആകാശത്ത് ഫ്രീസിങ് പോയിന്‍റില്‍ എത്തുന്നതോടെ ഇവ തണുത്തുറഞ്ഞാണ് മേഘമായി മാറുന്നത്. എന്നാല്‍ ഇവയൊന്നും ഐസ് ക്രിസ്റ്റലുകളായി മാറിയിട്ടുണ്ടാകില്ല. ഏതെങ്കിലും കാരണത്താല്‍ ഈ വെള്ളത്തുള്ളികള്‍ ഐസ് ക്രിസ്റ്റലുകളായി മാറുമ്പോഴാണ് ഇത് ഫാള്‍സ്ട്രീക് ഹോളിന്‍റെ രൂപപ്പെടലിനു വഴിയൊരുക്കുന്നത്. പലപ്പോഴും മേഘങ്ങളിൽ‍ രൂപപ്പെടുന്ന ട്രോപ്പോസ്ഫിയറിലെ ഉയര്‍ന്ന മേഖലകളില്‍ അന്തരീക്ഷ താപനില ക്രമാതീതമായി താഴുമ്പോഴാണ് വെള്ളത്തുള്ളികള്‍ ഐസ് ക്രിസ്റ്റലുകളുടെ രൂപത്തിലേക്കു മാറുന്നത്.

ആകാശം നിറയെ മേഘങ്ങള്‍ ഉണ്ടാകുക എന്നതാണ് ഈ പ്രതിഭാസം രൂപപ്പെടാന്‍ അവശ്യമായ മറ്റൊരു ഘടകം. തണുത്ത മേഘങ്ങള്‍ക്കിടയിലേക്ക് ഈ ഐസ് ക്രിസ്റ്റലുകള്‍ ചെന്നു പെടുമ്പോള്‍ അത് മേഘങ്ങളിലെ ജലകണങ്ങളുടെ താപനില വീണ്ടും താഴാനിടയാക്കും. വൈകാതെ കൂടുതല്‍ ഐസ് ക്രിസ്റ്റലുകള്‍ രൂപപ്പെടുന്നതിന് ഇത് കാരണമാകുകയും ചെയ്യും. ഇങ്ങനെ രൂപപ്പെടുന്ന ഐസ് ക്രിസ്റ്റലുകള്‍ക്കു ചുറ്റുമായി മേഘങ്ങള്‍ വന്നു കൂടും. വൈകാതെ ഐസ് ക്രിസ്റ്റലുകളായി മാറിയ വെള്ളത്തുള്ളികളെല്ലാം താഴേക്കു വീഴും. ഇതോടെ ഐസ് ക്രിസ്റ്റലുകളുണ്ടായിരുന്ന ഭാഗത്ത് ഒരു വിടവ് രൂപപ്പെട്ട് അതിലൂടെ മാത്രം നീലാകാശം കാണാന്‍ സാധിക്കുകയും ചെയ്യും.

അതായത് ഫാള്‍സ്ട്രീക്കെന്നാല്‍ ആകാശത്ത് മേഘങ്ങള്‍ക്കിടയില്‍ വട്ടത്തിലൊരു ദ്വാരം സൃഷ്ടിക്കുന്നതിനു തുല്യമായ പ്രതിഭാസമാണ്. രൂപത്തിലുള്ള സാമ്യവും വെള്ളത്തുള്ളികള്‍ ഈ പ്രതിഭാസത്തില്‍ വഹിക്കുന്ന പങ്കും കണക്കിലെടുത്താണ് ഇവയ്ക്ക് സ്കൈ വേള്‍പൂള്‍ അഥവാ ആകാശ നീര്‍ച്ചുഴി എന്നൊരു പേരു കൂടി നല്‍കിയിരിക്കുന്നത്. സാധാരണ മേഘങ്ങളേക്കാള്‍ പത്തു മടങ്ങെങ്കിലും കൂടുതല്‍ തണുക്കുമ്പോള്‍ മാത്രമാണ് ഐസ് ക്രിസ്റ്റലുകള്‍ രൂപപ്പെടുന്ന മേഘങ്ങളുണ്ടാകുന്നത്.

fallstreak

ഈ പ്രതിഭാസത്തിന് പിന്നില്‍ വിമാനങ്ങളോ

ഈ മേഘങ്ങളിലെ ജലകണങ്ങള്‍ ഐസ് ക്രിസ്റ്റലുകളായി മാറുന്നതെങ്ങനെയെന്ന ചോദ്യം ഏറെ നാളായി ഗവേഷകരെ കുഴയ്ക്കുന്ന ഒന്നാണ്. ഒരു പക്ഷേ വിമാനങ്ങളാകാം ഈ പ്രതിഭാസം രൂപപ്പെടുന്നതിനു കാരണമെന്നാണ് ഗവേഷകര്‍ ഇപ്പോള്‍ കണക്കു കൂട്ടുന്നത്. വിമാനത്തിന്‍റെ വിവിധ ഭാഗങ്ങള്‍ ആകാശയാത്രയ്ക്കിടെ ഐസ് ക്രിസ്റ്റലുകള്‍ രൂപപ്പെടുന്നതിനു കാരണമാകാറുണ്ട്. ചിറകുകളുടെ അറ്റങ്ങളും പ്രൊപ്പല്ലറും ഗിയറുകളുമെല്ലാം ഇത്തരത്തില്‍ ആകാശത്ത് ഐസ് ക്രിസ്റ്റലുകള്‍ സൃഷ്ടിക്കുന്നവയാണ്. ഈ ഐസ് ക്രിസ്റ്റലുകളാണ് മേഘങ്ങള്‍ക്കിടയിലെ ശീതീകരിക്കപ്പെട്ട വെള്ളത്തുള്ളികളെ കൂടി ഐസ് ക്രിസ്റ്റലുകളാക്കി മാറ്റി ഫാല്‍സ്ട്രീക്കിനിടയാക്കുന്നതെന്നാണ് ഗവേഷകരുടെ ഇപ്പോഴത്തെ നിഗമനം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com