sections
MORE

'ക്വിൻഗ്വാ താഴ്‌വര': മഞ്ഞുമലകൾ നിറഞ്ഞ ഗ്രീന്‍ലന്‍ഡിലെ ഒരേയൊരു വനം!

Greenland's Forest
SHARE

ഉത്തരധ്രുവത്തോടു ചേര്‍ന്നു കിടക്കുന്ന പ്രദേശമാണ് ഗ്രീന്‍ലന്‍ഡ് ധ്രുവപ്രദേശങ്ങളായ ആര്‍ട്ടികും അന്‍റാര്‍ട്ടികും കഴിഞ്ഞാല്‍ ഏറ്റവുമധികം മഞ്ഞുപാളികള്‍ കാണപ്പെടുന്ന മേഖല. മഞ്ഞുപാളികളാലും മഞ്ഞുമലകളാലും നിറഞ്ഞ പ്രദേശമായതിനാല്‍ വെള്ള നിറവും പാറകളുടെ  ഇരുണ്ട നീലനിറവും മാത്രമേ ഗ്രീന്‍ലന്‍ഡിന്റെ ഭൂരിഭാഗം പ്രദേശത്തും കാണാനാകൂ. ഈ ഗ്രീന്‍ലന്‍ഡിലും പച്ച നിറഞ്ഞു നില്‍ക്കുന്ന ഒരു പ്രദേശമുണ്ട്. ഹരിതദ്വീപിലെ ഒരേയൊരു വനമേഖല , 'ക്വിൻഗ്വാ താഴ്‌വര'

ഇത്രയധികം തണുപ്പേറിയ പ്രദേശത്ത് ഒരു വനം രൂപപ്പെട്ടതിന് കൃത്യമായ ഭൗമശാസ്ത്രപരമായ കാരണങ്ങളുണ്ട്. ധ്രുവപ്രദേശങ്ങളില്‍ നിന്നുള്ള തണുത്ത വരണ്ട കാറ്റ് ഈ മേഖലയിലേക്കു കടക്കുന്നില്ല എന്നതാണ് അതില്‍ ഏറ്റവും പ്രധാനം. തെക്കു വടക്കായി 15 കിലോമീറ്റര്‍ നീളത്തിലാണ് ക്വിൻഗ്വാ താഴ്‌വര സ്ഥിതി ചെയ്യുന്നത്. ഈ താഴ്‌വരയുടെ ഇരുവശത്തുമായി തണുത്ത കാറ്റ് ഉള്ളിലേക്കെത്തുന്നത് തടയുന്ന തരത്തിലുള്ള കൂറ്റന്‍ പര്‍വതനിരകളുണ്ട്. 5000 അടിയാണ് ഈ പര്‍വതനിരയുടെ ശരാശരി ഉയരം.

ഇതോടൊപ്പം തന്നെ താഴ്‌വരയിലേക്കു കടലില്‍ നിന്നുള്ള ചൂടു കാറ്റും എത്തുന്നുണ്ട്. താഴ്‌വരയുടെ കിഴക്കു ഭാഗത്തായി 50 കിലോമീറ്റര്‍ അകലെയാണ് സമുദ്രം സ്ഥിതി ചെയ്യുന്നത്. ഈ ചൂട് കാറ്റ് മരങ്ങളുടെ വളര്‍ച്ചയ്ക്കാവശ്യമായ ഇളം ചൂടുള്ള താപനില സൃഷ്ടിക്കുന്നു. ഇങ്ങനെ അനുകൂലമായ സാഹചര്യത്തില്‍ 25 അടി വരെ ഉയരമുള്ള മരങ്ങള്‍ ഈ പ്രദേശത്തു വളരുന്നുണ്ട്. ഇങ്ങനെ നൂറോളം വ്യത്യസ്ത ജനുസ്സിലുള്ള മരങ്ങള്‍ ഈ താഴ്‌വരയിലുണ്ടെന്നാണു കണക്കാക്കുന്നത്.

പുരാതന കാലത്തെ വലിയ വനമേഖല

 Greenland's  Forest

പതിനായിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പ് കൂടുതല്‍ താപനില അനുഭവപ്പെട്ട പ്രദേശമായിരുന്നു ഗ്രീന്‍ലന്‍ഡ്. അതുകൊണ്ട് തന്നെ വ്യാപകമായി വൃക്ഷങ്ങളും മറ്റും വളര്‍ന്നിരുന്ന വന്‍ വനമേഖലയായിരുന്നു ഗ്രീന്‍ലന്‍ഡ്. അന്ന് പല വിധത്തിലുള്ള ജീവികളുടെ വാസസ്ഥലം കൂടിയായിരുന്നു ഇവിടം. ഗ്രീന്‍ലന്‍ഡില്‍ 2 കിലോമീററ്റര്‍ ആഴത്തിൽ വരെ ഖനനം നടത്തി ലഭിച്ച ഫോസിലുകളുടെ അടിസ്ഥാനത്തിലാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്. 5 ലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ ഈ പ്രദേശത്ത് ചിലന്തികള്‍ മുതല്‍ ചിത്രശലഭങ്ങള്‍ വരെയുള്ള ചെറുപ്രാണികളും ഉണ്ടായിരുന്നു എന്ന് ഗവേഷകര്‍ പറയുന്നു.

ഗ്രീന്‍ലന്‍ഡിലെ മനുഷ്യവാസം

പത്താം നൂറ്റാണ്ടില്‍ ഈ മേഖലയില്‍ ജനവാസമുണ്ടായിരുന്നു എന്നതിന്‍റെ തെളിവുകളും ഗവേഷകര്‍ക്കു ലഭിച്ചിട്ടുണ്ട്. പുരാതന ജനവിഭാഗമായ നോര്‍സ് എന്ന സമൂഹമായിരുന്നു ഇവിടെ വസിച്ചിരുന്നത്. അത് കൊണ്ട് തന്നെ പത്താം നൂറ്റാണ്ടിലും മറ്റും ഈ മേഖലയില്‍ താരതമ്യേന ഉയര്‍ന്ന താപനില ആയിരുന്നിരിക്കാം എന്നാണ് ഗവേഷകര്‍ കരുതുന്നത്. ബ്രാട്ടലി‍ഡ് എന്നാണ് ഈ പ്രദേശത്തെ നോര്‍സ് ആവാസമേഖലയെ ഗവേഷകര്‍ വിളിക്കുന്നത്. പത്താം നൂറ്റാണ്ടില്‍ ആരംഭിച്ച് 15 ആം നൂറ്റാണ്ടില്‍ തണുപ്പ് വർധിച്ച് അസഹനീയമാകും വരെ ഈ പ്രദേശത്ത് ഇവര്‍ താമസിച്ചിരുന്നുവെന്നും ഗവേഷകര്‍ കരുതുന്നു.

15 കിലോമീറ്റർ മാത്രം വനമേഖല ഉള്ള ഗ്രീന്‍ലന്‍ഡ് ഭൂമിയില്‍ ജൈവവൈവിധ്യം ഏറ്റവും കുറവുള്ള മേഖലയായാണ് കണക്കാക്കുന്നത്. പക്ഷേ അധികം വൈകാതെ ഈ വനമേഖലയുടെ വിസ്തൃതി വർധിച്ചേക്കുമെന്നും ഗവേഷകര്‍ കരുതുന്നു. വർധിക്കുന്ന താപനില തന്നെയാണ് ഇതിനു കാരണം. ഗ്രീന്‍ലന്‍ഡിലെ മഞ്ഞുരുക്കം ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തോതിലാണിപ്പോള്‍. അതിനാല്‍ തന്നെ വൈകാതെ കൂടുതല്‍ മേഖലയിലേക്ക് സസ്യങ്ങളും മറ്റും പടര്‍ന്നാലും അദ്ഭുതപ്പെടേണ്ടതില്ലെന്നാണ് ഗവേഷകരുടെ നിലപാട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EARTH N COLORS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA