തീ തുപ്പുന്ന ആകാശം; അപൂർവ പ്രതിഭാസം കൗതുകമാകുന്നു!

HIGHLIGHTS
  • സ്പ്രൈറ്റുകള്‍ യഥാർഥത്തില്‍ തീമഴ പോലെയാണ് ആകാശത്ത് കാണപ്പെടുക
  • മഴനൂലുകള്‍ പോലെ തീ നൂലുകള്‍ മേഘങ്ങള്‍ക്കിടയില്‍ രൂപപ്പെടുന്നതാണ് ഈ പ്രതിഭാസം
Red 'Sprites' Lighting Up The Sky in Oklahoma
SHARE

ആകാശത്ത് നിന്നു തീമഴ പെയ്യുന്നു എന്നെല്ലാം പുരാണങ്ങളിലും അമര്‍ ചിത്രകഥകളിലുമെല്ലാം നാം വായിച്ചിട്ടുണ്ടാകും. ഇതെല്ലാം ഇടിമിന്നലോ ഉല്‍ക്കകളുടെ പതനമോ ഒക്കെയായിട്ടാണ് ശാസ്ത്രം വ്യാഖ്യാനിച്ചിട്ടുള്ളത്. എന്നാല്‍ ഇതൊന്നുമില്ലാതെ അപൂര്‍വമായി മാത്രം മാനത്തു കാണാന്‍ കഴിയുന്ന ഒരു പ്രതിഭാസമുണ്ട്. സ്പ്രൈറ്റുകള്‍ എന്നറിയപ്പെടുന്ന ഈ പ്രതിഭാസം യഥാർഥത്തില്‍ തീമഴ പോലെയാണ് ആകാശത്ത് കാണപ്പെടുക. മഴനൂലുകള്‍ പോലെ തീ നൂലുകള്‍ മേഘങ്ങള്‍ക്കിടയില്‍ രൂപപ്പെടുന്നതാണ് ഈ പ്രതിഭാസം. ചുവന്നു ജ്വലിച്ച് നില്‍ക്കുന്ന ഇത്തരത്തിലൊരു സ്പ്രൈറ്റിന്‍റെ ചിത്രം ഒക്‌ലഹോമയില്‍ നിന്ന് ഒരു ഫോട്ടോഗ്രാഫര്‍ പകര്‍ത്തി. ഇതോടെ അപൂര്‍വമായി മാത്രം സംഭവിക്കുന്ന സ്പ്രൈറ്റുകള്‍ വീണ്ടും സജീവ ചര്‍ച്ചാ വിഷയമാകുകയാണ്.

പോള്‍ സ്മിത്ത് എന്ന ഫൊട്ടോഗ്രാഫറാണ് സ്പ്രൈറ്റിന്‍റെ ചിത്രം പകര്‍ത്തിയത്. ബുധനാഴ്ചയോടെ ഒക്‌ലഹോമയിലുണ്ടായ കനത്ത മഴയ്ക്കും കാറ്റിനും ഒപ്പമാണ് തീമഴയെന്ന വാക്കിനോടു പൂര്‍ണമായും നീതി പുലര്‍ത്തുന്ന തരത്തിലുള്ള ദൃശ്യങ്ങള്‍ ആകാശത്ത് പ്രത്യക്ഷപ്പെട്ടത്. തീനിറമുള്ള വലിയ ഒരു ജെല്ലിഫിഷിനോടാണ് ഈ ഫൊട്ടെയെടുത്ത പോള്‍ സ്മിത്ത് സ്പ്രൈറ്റിനെ താരതമ്യപ്പെടുത്തിയത്. അതേസമയം ഒക്‌ലഹോമയിലുണ്ടായ കനത്ത മഴയ്ക്കിടെ രൂപപ്പെട്ട ഈ പ്രതിഭാസത്തിന്‍റെ ദൃശ്യം പകര്‍ത്തിയത് ഒക്‌ലഹോമയ്ക്ക് പുറത്തു വച്ചായിരുന്നു എന്നതാണ് മറ്റൊരു കൗതുകം. ഒക്‌ലഹോമ നഗരത്തില്‍ നിന്ന് ഏതാണ്ട് 100 കിലോമീറ്റര്‍ അകല മഴയില്ലാത്ത ഒരു പ്രദേശത്ത് നിന്നാണ് പോള്‍ സ്മിത്ത് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

സ്പ്രൈറ്റ്സ്

ഭൂമിക്ക് മുകളിലുള്ള അന്തരീക്ഷത്തിലെ മൂന്നാമത്തെ പാളിയായ മെസോസ്ഫിയറിലാണ് സ്പ്രൈറ്റ്സ് രൂപപ്പെടുന്നത്. അതും ഛിന്നഗ്രഹങ്ങളും ഉല്‍ക്കകളും വന്നു പതിച്ച് കത്തി ചാരമാകുന്ന മേഖലയ്ക്കും മുകളില്‍. ഭൗമനിരപ്പില്‍ നിന്ന് ഏതാണ്ട് 60 മുതല്‍ 80 കിലോമീറ്റര്‍ വരെ മുകളിലാണ് സ്പ്രൈറ്റ് ദൃശ്യമാകുക. മേഘങ്ങള്‍ക്കിടയിലാണന്നു താഴെ നിന്നുള്ള കാഴ്ചയില്‍ തോന്നുമെങ്കിലും ഇത് സത്യമല്ലെന്ന് പോള്‍ സ്മിത്ത് പറയുന്നു.

2018 ലാണ് ആദ്യമായി പോള്‍ സ്പ്രൈറ്റിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത്. ഇടിമിന്നലുകളുടെ ചിത്രം പകര്‍ത്തുക എന്ന ഉദ്ദേശത്തോടെയാണ് അന്ന് മഴ പെയ്യുന്ന പ്രദേശത്തു നിന്ന് മാറി മഴ പെയ്യുന്ന ദിശയിലേക്കു ക്യാമറ തിരിച്ചുവച്ച് പോള്‍ കാത്തിരുന്നത്. ഇതിനിടെയാണ് പോള്‍ സ്മിത്തിന് സ്പ്രൈറ്റിന്‍റെ ചിത്രങ്ങള്‍ അപ്രതീക്ഷിതമായി വീണു കിട്ടിയത്. അതേസമയം ഇക്കുറി സ്പ്രൈറ്റിനു വേണ്ടിയുള്ള കാത്തിരിപ്പിനൊടുവില്‍ തന്നെയാണ് സ്മിത്ത് ഈ ജെല്ലിഫിഷ് സ്പ്രൈറ്റിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. വേനല്‍ക്കാലത്തു പെയ്യുന്ന മഴയുടെ കൂടെയാണ് ഈ പ്രതിഭാസം പൊതുവെ കാണപ്പെടാറുള്ളത്.

ചിത്രങ്ങളിലൂടെ കാണുമ്പോള്‍ ചെറുതായി തോന്നുമെങ്കിലും യഥാർഥത്തില്‍ സ്പ്രൈറ്റ് ഏറെ വലുപ്പമുള്ളവയാണെന്നു ഗവേഷകര്‍ പറയുന്നു. ജല്ലിഫിഷ് മാതൃകയിലുള്ള സ്പ്രൈറ്റിന്‍റെ നീളം ഏകദേശം 48 കിലോമീറ്റര്‍  വരെയാകാം. ഒരു സാധാരണ വലുപ്പമുള്ള ഇടിമിന്നലിന്‍റെ നീളം അഞ്ച് കിലോമീറ്റര്‍ മാത്രമാണെന്ന് അറിയുമ്പോളാണ് സ്പ്രൈറ്റിന്‍റെ വലുപ്പം എത്രയെന്ന് നിങ്ങള്‍ക്ക് ഊഹിക്കാന്‍ കഴിയുക.. അതേസമയം ഏതാനു കിലോമീറ്ററുകള്‍ മാത്രം നീളമുള്ള ചെറിയ സ്പ്രൈറ്റുകളും രൂപപ്പെടാറുണ്ട്. കാരറ്റ് സ്പ്രൈറ്റുകളെന്നാണ് ഇവയെ വിളിക്കുന്നത്.

ഇടിമിന്നലുകള്‍ക്ക് സമാനമായ രീതിയിലാണ് സ്പ്രൈറ്റുകളും ഉണ്ടാകുന്നത്. സ്പ്രൈറ്റിനു കാരണമാകുന്ന വൈദ്യുതോര്‍ജം ലഭിക്കുന്നത് മേഘങ്ങളില്‍ നിന്നല്ല. മറിച്ച് മെസോസ്ഫിയറിലെ മറ്റു കണങ്ങളില്‍ നിന്നാണെന്നു മാത്രം. ഇടിമിന്നലുകളില്‍ നിന്ന് വ്യത്യസ്തമായി പല ദിശകളിലേക്കു പോകാതെ ലംബമായാണ് സ്പ്രൈറ്റുകള്‍ സഞ്ചരിക്കുക. സെക്കന്‍റിലൊരംശം കൊണ്ടു മറഞ്ഞു പോകുന്ന ഇവ അതുകൊണ്ട് തന്നെ കണ്ണടച്ചു തുറക്കുന്ന സമയം കൊണ്ട് പ്രത്യക്ഷപ്പെടുകയും അപ്രത്യക്ഷമാകുകയും ചെയ്യും.

സ്പ്രൈറ്റ് ലോകമെമ്പാടുമുണ്ടാകുന്ന പ്രതിഭാസമാണെങ്കിലും ഇവ ക്യാമറയില്‍ പകര്‍ത്താന്‍ ഒട്ടേറെ അനുകൂല സാഹചര്യങ്ങള്‍ ആവശ്യമാണ്. ഒന്ന് മഴ പെയ്യുന്ന പ്രദേശത്തു നിന്ന് മാറി കിലോമീറ്ററുകള്‍ അകലെ നിന്നു വേണം നിരീക്ഷിക്കേണ്ടത് .വലിയ കുന്നോ മലയോ ഉള്ള പ്രദേശങ്ങള്‍ സ്പ്രൈറ്റ് നിരീക്ഷണത്തിന് അനുയോജ്യമല്ല. മറ്റൊന്ന് നിരീക്ഷിക്കുന്ന പ്രദേശത്ത് തെളിഞ്ഞ ആകാശമായിരിക്കണം. കാര്‍മേഘം ഇവിടേക്കു കൂടി വ്യാപിച്ചാല്‍ അവ കാഴ്ച മറയ്ക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EARTH N COLORS
SHOW MORE
FROM ONMANORAMA