ADVERTISEMENT
Kabani River

വരണ്ടുണങ്ങിയ നാടിനും കാടിനും കുളിരേകി നാട്ടിലെങ്ങും മഴയെത്തിയതിന്റെ ആശ്വാസത്തിലാണ് വയനാട്. ഏത് സമയവും കത്തിയമരാൻ കാത്തിരുന്ന വനമേഖലയ്ക്ക് ഈ വർഷം ഇനി ആശ്വസിക്കാം. നീലഗിരി ജൈവമണ്ഡലത്തിലെ എല്ലാ ഭാഗത്തും നല്ല മഴയാണ് കഴിഞ്ഞയാഴ്ച ലഭിച്ചത്. കാട്ടുതീയ്ക്കെതിരെ രാപകൽ വനത്തിന് കാവലിരുന്ന വനപാലകർക്കും സമാധാനം. കുടിക്കാനും തിന്നാനുമില്ലാതെ വനത്തിൽ അലഞ്ഞ വന്യമൃഗങ്ങൾക്കും ആശ്വാസം. നഷ്ടപ്പെട്ട പച്ചപ്പും കുളിർമയും തിരികെയെത്തുന്നു.

മഹാ പ്രളയത്തിന് ശേഷം തുലാവർഷം പെയ്യാതിരുന്നതിനാൽ വനവും നാടും കടുത്ത വരൾച്ചയെ നേരിട്ടിരുന്നു. ജലാശയങ്ങളും കാട്ടുചോലകളും വറ്റി. തീറ്റയും വെള്ളവും തേടി വന്യമൃഗങ്ങൾ കാടിറങ്ങുന്നത് പതിവായിരുന്നു. വയനാട്ടിലെ എല്ലാ വനാതിർത്തി പ്രദേശങ്ങളിലും കാട്ടുമൃഗങ്ങൾ താവളമാക്കി. വനത്തിൽ നിന്ന് ഏറെയകലെ വരെ ഇവയെത്താറുണ്ട്. കാടി വീണ്ടും തളിർക്കുന്നതോടെ വന്യമൃഗശല്യം കുറയുമെന്ന പ്രതീക്ഷയിലാണ് കർഷകർ. 

വറുതിക്ക് അറുതിയാകുമോ?

നാട്ടിലെ സ്ഥിതിയും ഗുരുതരമായിരുന്നു. കടുത്ത പകൽചൂടിൽ മനുഷ്യർക്ക് പുറത്തിറങ്ങാനാവാത്ത അവസ്ഥ. സംസ്ഥാന ശരാശരിയിൽ വയനാട് മാത്രമായിരുന്നു കഷ്ടിച്ച് രക്ഷപെട്ടത്. കർണാടകാതിർത്തിയോട് ചേർന്നുള്ള ഗ്രാമങ്ങൾ വറുതിയിലായി. അനേകം പേരുടെ കൃഷികൾ കരിഞ്ഞുണങ്ങി. വളർത്ത് മൃഗങ്ങളെ പരിപാലിക്കാനും കർഷകർ പാടുപെട്ടു. കുടിവെള്ളക്ഷാമവും ആരംഭിച്ചിരുന്നു. 

മഴ കുറഞ്ഞ പ്രദേശങ്ങളിലും മണ്ണ് തണുക്കെ മഴ കിട്ടിയതോടെ കർഷകർ കൃഷിയിലേക്കിറങ്ങിതുടങ്ങി. വേനൽ നശിപ്പിച്ച ശേഷിപ്പുകൾ വെട്ടിമാറ്റിയാണ് മറ്റ് കൃഷിയിലേക്ക് ആളുകൾ മാറുന്നത്. നാണ്യവിളകൾ സർവനാശത്തിലേക്ക് നീങ്ങുന്നതോടെ കിഴങ്ങ് വിളകളും മറ്റുമായി കൃഷിമാറി.

മറക്കാതിരിക്കാം പൊരിവേനൽ

വർഷാവർഷം താപനില ഉയരുകയും  കാലാവസ്ഥാ വ്യതിയാനം സംഭവിക്കുകയും ചെയ്യുന്ന  പ്രദേശങ്ങളിൽ  മണ്ണിന് ആവരണമൊരുക്കിയിരുന്ന മരങ്ങൾ ഇല്ലാതാകുന്നതാണ് ഗുരുതര പ്രതിസന്ധി. ചെറുമരങ്ങൾ വ്യാപകമായി മുറിച്ചുനീക്കുന്നതും മാറുന്ന കൃഷി രീതികളും ഭാവിയിൽ അപകടം ചെയ്യുമെന്നുറപ്പ്. അന്തരീക്ഷ താപനില നിയന്ത്രിക്കാൻ മരങ്ങൾക്കാണ് കഴിയുക. വരൾച്ചയും കാട്ടുതീയും വർഷാവർഷം വന വിസ്തൃതിയും കുറയ്ക്കുന്നു. വനത്തിൽ തന്നെ തരിശായി കിടക്കുന്ന ഭാഗം ഏറെയാണ്. ചൂടിനെ ഉയർത്തുന്ന തേക്ക് തോട്ടങ്ങളും വേണ്ടുവോളമുണ്ട്.

പ്രകൃതി നൽകുന്ന പാഠങ്ങൾ ഉൾക്കൊള്ളാൻ ആരും തയ്യാറാവുന്നില്ല. വേനൽചൂടിൽ വലഞ്ഞായിരുന്നു തിരഞ്ഞെടുപ്പ് പ്രവർത്തനം. അപ്പോഴും ഇത്തരം കാര്യങ്ങളൊന്നും ചർച്ചയായില്ല. ഈ പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കാമെന്ന് ഒരുമുന്നണിയും പറഞ്ഞില്ല. ആരുടെയും പ്രകടന പത്രികയിൽ ഈ വിഷയമൊന്നും കടന്നു വന്നതുമില്ല. നിലനിൽപിനെ മറന്നുള്ള നെട്ടോട്ടത്തിലാണ് നാട്. ഈ വർഷം കഷ്ടി രക്ഷപെട്ടതിൽ ഇപ്പോൾ ആശ്വാസം കൊള്ളുന്നു. ഇനി വരൾച്ചയും  വേനലും തൽക്കാലം മറക്കും. അടുത്ത ദിവസം മുതൽ മഴയെ ശപിക്കുന്ന മനോഭാവമാണ് നമ്മുടേത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com