കരിങ്കുരങ്ങൻമാർക്ക് ഇത് തിളക്കമുള്ള കാലം; എണ്ണത്തിൽ വൻ വർധനവ്!

Nilgiri Langur
SHARE

സീതത്തോട് ഗൂഡ്രിക്കൽ റേഞ്ചിലെ വനമേഖലയിൽ കരിങ്കുരങ്ങുകളുടെ എണ്ണത്തിൽ വൻ വർധന. വനം വകുപ്പിന്റെ നിരീക്ഷണത്തിലാണ് ഇത് കണ്ടെത്തിയത്. ഓരോ വർഷവും നൂറുകണക്കിനു കരിങ്കുരങ്ങുകളെയാണ് വിവിധ സ്ഥലങ്ങളിൽ പുതിയതായി കാണുന്നത്. നീലഗിരി കുരങ്ങ് എന്നും അറിയപ്പെടുന്ന ഇവയുടെ നല്ല മിനുസമുള്ള കറുത്ത  രോമങ്ങൾ കാണാൻ അഴകാണ്.തലയിലെ രോമങ്ങൾക്കു സ്വർണ നിറം. മരങ്ങൾ ഇടതൂർന്ന്  നിൽക്കുന്ന സ്ഥലങ്ങളിലാണ് ഇവയുടെ വാസം.

കൂട്ടത്തിൽ 5 മുതൽ 15 വരെ കുരങ്ങുകൾ ഉണ്ടാവും. ഫലങ്ങളും, തളിരിലകളുമാണ് പ്രധാന ഭക്ഷണം. 22 വർഷം വരെയാണ് ആയുസ്സ്. ആൺകുരങ്ങുകൾ 3 വർഷവും പെൺകുരങ്ങുകൾ 2 വർഷവും കഴിയുമ്പോഴാണ് പൂർണ വളർച്ച എത്തുന്നത്.ഗവി– മൂഴിയാർ പാതയിലാണ് പ്രധാനമായും ഇവയെ കാണാൻ കഴിയുന്നത്. ശബരിഗിരി പദ്ധതിയുടെ പെൻ സ്റ്റോക്ക് പൈപ്പുകൾ കടന്ന് പോകുന്ന മൂഴിയാർ ക്രോസിങ്, അരണമുടി, ഐസി ടണൽ റോഡ്, പച്ചക്കാനം,നാലാം മൈൽ ചെക്ക് പോസ്റ്റുകൾ, ഗവി–മീനാർ റോഡ് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ കരിങ്കുരങ്ങുകളുടെ സാന്നിധ്യം ഉള്ളത്.

മൂഴിയാർ ക്രോസിങ് ഭാഗത്ത് പ്രായമുള്ള കരിങ്കുരങ്ങുകളെ  അടുത്ത സമയം കണ്ടെത്തിയിരുന്നു. മനുഷ്യരുമായി അത്ര പെട്ടെന്നു അടുക്കാറില്ല. ഒരു കാലത്ത് മൃഗവേട്ടക്കാരുടെ നോട്ടപ്പുള്ളിയായിരുന്നു കരിങ്കുരങ്ങുകൾ. ലേഹ്യം ഉണ്ടാക്കുന്നതിന് ഇവയുടെ മാംസം ഉപയോഗിച്ചിരുന്നു. വനം വകുപ്പിന്റെ ഇടപെടൽ കർശനമായതോടെയാണ് ഇവയ്ക്കു നേർക്കുള്ള ഭീഷണി ഒഴിവായത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EARTH N COLORS
SHOW MORE
FROM ONMANORAMA