ADVERTISEMENT

പരമ്പരാഗത സംസ്കാരങ്ങളിലെല്ലാം പരിസ്ഥിതിയുമായി ബന്ധപ്പെട്ട എന്തെങ്കിലും ചടങ്ങുകള്‍ ഉണ്ടാകും. മിക്കപ്പോഴും അന്ധവിശ്വാസത്തിന്റെ മേമ്പൊടി ചേര്‍ത്താണ് ഇവ അവതരിപ്പിക്കുന്നതെങ്കിലും അന്തിമമായ ഉദ്ദേശം പരിസ്ഥിതി സംരക്ഷണമായിരിരിക്കും. രാജസ്ഥാനിലെ രാജ്സമന്ദ് ജില്ലയിലെ ഗ്രാമമായ പിപ്‌ലാന്ത്രിയിലെ ഒരു ചടങ്ങ് ഇതുപോലെ പരിസ്ഥിതിയുമായി ഇഴ ചേര്‍ന്നു കിടക്കുന്നതാണ്. പരിസ്ഥിതി സംരക്ഷണം മാത്രമല്ല ഇന്ത്യയിലെ പരമ്പരാഗത ചടങ്ങുകളെല്ലാം പുരുഷകേന്ദ്രീകൃതമാണെന്ന ധാരണ മാറ്റാനും ഈ ചടങ്ങു സഹായിക്കും.

ഈ ഗ്രാമത്തില്‍ ഓരോ പെണ്‍കുട്ടി ജനിക്കുമ്പോഴും ഗ്രാമീണരും വീട്ടുകാരും ചേര്‍ന്ന് മരങ്ങള്‍ നടും. 111 മരങ്ങള്‍ വീതമാണ് ഈ ഗ്രാമത്തിൽ ജനിക്കുന്ന ഓരോ പെണ്‍കുട്ടിക്കു വേണ്ടിയും നടുന്നത്. പരമ്പരാഗതം എന്ന് ഗ്രാമീണര്‍ അവകാശപ്പെടുന്നുവെങ്കിലും യഥാർഥത്തില്‍ ഈ ചടങ്ങിന് അന്‍പത് വര്‍ഷത്തെ പഴക്കമേയുള്ളൂ. പഴയ ഗ്രാമത്തലവനാണ് ഈ ചടങ്ങ് തുടങ്ങി വച്ചത്. തനിക്ക് ജനിച്ച പെണ്‍കുട്ടി ചെറു പ്രായത്തില്‍ തന്നെ മരിച്ചപ്പോള്‍ ഈ ഗ്രാമത്തലവനാണ് ആദ്യമായി മരങ്ങള്‍ നട്ടു പിടിപ്പിച്ചത്. പിന്നീട് ഓരോ പെണ്‍കുട്ടി ജനിക്കുമ്പോഴും 111 വൃക്ഷങ്ങള്‍ വീതം നടാൻ ഗ്രാമത്തലവന്‍ നിർദേശം നല്‍കി. 

ഇന്നുവരെ ഈ ആചാരത്തില്‍ ഗ്രാമീണര്‍ ഒരുമാറ്റവും വരുത്തിയിട്ടില്ല. അതുകൊണ്ടു തന്നെ രാജസ്ഥാൻ വരള്‍ച്ചാ മേഖലയാണെങ്കിലും ഇവിടുത്തെ മറ്റു ഗ്രാമങ്ങളെ പോലയല്ല പിപ്‌ലാന്ത്രിയുടെ പരിസരം. രാജസ്ഥാനില്‍ എളുപ്പത്തില്‍ കാണാന്‍ കഴിയാത്ത വിധം ഹരിതാഭമാണ് ഈ ഗ്രാമം. ഇത്രയും വര്‍ഷത്തിനിടെ  20 ലക്ഷത്തോളം വൃക്ഷങ്ങള്‍ ഈ മേഖലയില്‍ നട്ടു പിടിപ്പിച്ചിട്ടുണ്ടെന്നാണു ഗ്രാമീണര്‍ പറയുന്നത്. മരങ്ങളില്‍ ഭൂരിഭാഗവും ഫലവൃക്ഷങ്ങളാണ്. വരും തലമുറയുടെ വിശപ്പടക്കാന്‍ കൂടി ഉദ്ദേശിച്ചുള്ളവയാണ് ഈ ഫലവൃക്ഷങ്ങള്‍.

കൂടാതെ ഈ വൃക്ഷങ്ങളില്‍ നിന്ന് വിളവെടുക്കുന്ന പഴങ്ങളുപയോഗിച്ച് നൂറു ശതമാനം പ്രകൃതി ദത്തമായ വിഭവങ്ങളും പിപ്‌ലാന്ത്രി ജനത തയ്യാറാക്കുന്നു. ഇത് വിറ്റു കിട്ടുന്ന പണം സൊസൈറ്റി വഴി ജനങ്ങള്‍ക്ക് നല്‍കുകയും ഒരു ഭാഗം മാത്രം ഗ്രാമ വികസനത്തിനുപയോഗിക്കുകയും ചെയ്യും. ഇതുവഴി ഗ്രാമീണര്‍ക്ക് സ്വയം പര്യാപ്തതയ്ക്കുള്ള സാഹചര്യം കൂടിയാണ് ഈ വൃക്ഷങ്ങളൊരുക്കുന്നത്. ഏതായാലും പതിറ്റാണ്ടുകള്‍ക്കു മുന്‍പേയാരംഭിച്ച ഈ മരം നടീല്‍ സംസ്കാരം ഇപ്പോള്‍ പിപ്‌ലാന്ത്രിക്കാര്‍ക്ക് പരിസ്ഥിതി സംരക്ഷണത്തിന്റെ മാത്രം ഭാഗമല്ല മറിച്ച് ലിംഗസമത്വത്തിന്റെയും സ്വയം പര്യാപ്തതയുടെയും അടിസ്ഥാനം കൂടിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com