ഓരോ വെള്ളപ്പൊക്കം കഴിയുമ്പോഴും ശോഷിക്കുന്ന റാന്നിയിലെ കുട്ടിവനം

Ranni
SHARE

പ്രളയത്തിൽ കുട്ടിവനം ഇടിഞ്ഞു താഴും. തേക്കുമരങ്ങളും കരയും വലിയതോട് വിഴുങ്ങും. തേക്കുമരങ്ങൾ ആരെങ്കിലും കടത്തും. കര തോടായി മാറും. മാമുക്ക് കവലയ്ക്കും വലിയപാലത്തിനും മധ്യേ വലിയതോടിനോടു ചേർന്നുള്ള കുട്ടിവനത്തിലെ കാഴ്ചയാണിത്.റാന്നി ടൗണിന്റെ മധ്യത്തിൽ 90 സെന്റ് വനമാണ് വനം വകുപ്പിനുള്ളത്.

പതിറ്റാണ്ടുകൾക്കു മുൻപ് പമ്പാനദിയിലൂടെ തടിയും മുളയുമൊക്കെ കൊണ്ടുവന്നിരുന്നപ്പോൾ ഡിപ്പോയായി ഉപയോഗിച്ചിരുന്നതാണ് പുളിമുക്കിലെയും ഇവിടത്തെയും വനഭൂമി. ചങ്ങാടങ്ങളിൽ തടികൾ കൊണ്ടുവന്നിരുന്നതു നിലച്ചപ്പോൾ ടാങ്കിയ കൃഷിക്കായി സ്ഥലം പാട്ടത്തിനു കൊടുത്തിരുന്നു. കപ്പയും മറ്റും സമീപവാസികൾ ഇവിടെ കൃഷി ചെയ്തിരുന്നു. പിന്നീട് അതു നിർത്തി. ഇപ്പോൾ തേക്കുമരങ്ങൾ പ്ലാന്റ് ചെയ്തിരിക്കുകയാണ്.

വെള്ളപ്പൊക്ക കാലത്ത് തോട്ടിൽ ജലനിരപ്പുയരുമ്പോൾ തീരം ഇടിഞ്ഞമരും. ഇതോടൊപ്പം തേക്കുമരങ്ങളും പിഴുതു വീഴും. കുറെക്കാലം തടികൾ തോട്ടിൽ കി‌ടക്കും. വനം വകുപ്പ് മുറിച്ചു മാറ്റാറില്ല. പിന്നീടത് ആരെങ്കിലും കൊണ്ടുപോകും. വനഭൂമിയിൽ 20 സെന്റോളം തോടിന്റെ ഭാഗമായി കഴിഞ്ഞു. ശേഷിക്കുന്നതും ഓരോ വെള്ളപ്പൊക്കവും കഴിയുമ്പോൾ  ശോഷിക്കുകയാണ്.

തോട്ടിൽ പുലിമുട്ടുകൾ സ്ഥാപിച്ചശേഷം തീരം കെട്ടി ബലപ്പെടുത്താതെ ഭൂമി സംരക്ഷിക്കാനാകില്ല. ഇതിനു ഭീമമായ തുക ചെലവാകും. ജലവിഭവ വകുപ്പിന്റെ ചുമതലയിൽ തീരം സംരക്ഷിക്കണമെന്ന് ജില്ലാ വികസനസമിതി യോഗം നിർദേശിച്ചിരുന്നു. എന്നാൽ, തുടർന്ന് നടപടികളുണ്ടായില്ല. കോടികൾ വിലമതിക്കുന്ന സ്ഥലം നഷ്ടപ്പെടുന്നത് സർക്കാർ കണ്ടില്ലെന്നു നടിക്കുന്നതാണ് പ്രശ്നം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EARTH N COLORS
SHOW MORE
FROM ONMANORAMA