കാട്ടാനകൾ ഇനി നാട്ടിലിറങ്ങില്ല; ചിന്നക്കനാലിൽ കാട്ടാന സംരക്ഷണ കേന്ദ്രം വരുന്നു

wild elephants
SHARE

സംസ്ഥാനത്തെ ആദ്യ കാട്ടാന സംരക്ഷണ കേന്ദ്രത്തിനു വേണ്ടിയുള്ള ജിപിഎസ് സർവേ പൂർത്തിയായി.  കാട്ടാനകളുടെ വിഹാര കേന്ദ്രം ആയ ചിന്നക്കനാലിലെ വനമേഖലയിൽ കാട്ടാന സംരക്ഷണ കേന്ദ്രം വരുന്നതോടെ കാട്ടാനകൾ ജനവാസ മേഖലകളിൽ ഇറങ്ങുന്നത് തടയാൻ കഴിയും എന്നാണ് വനം വകുപ്പിന്റെ നിഗമനം.

38 കാട്ടാനകളാണ് ചിന്നക്കനാൽ മേഖലയിൽ മാത്രം ഉള്ളത്. ഇത്രയും ആനകളെ പിടിച്ച് ആന വളർത്തൽ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നത് അപ്രായോഗികം ആണ്. അതുകൊണ്ടു തന്നെ ചിന്നക്കനാലിൽ കാട്ടാന സംരക്ഷണ കേന്ദ്രം സ്ഥാപിക്കുന്നതോടെ കാട്ടാന ശല്യം ശാശ്വതമായി പരിഹരിക്കാൻ കഴിയും എന്നാണ് പരിസ്ഥിതി പ്രവർത്തകരുടെയും വാദം.

സർവേ റിപ്പോർട്ട് ഉൾപ്പെടെ സമഗ്രമായ റിപ്പോർട്ട് ഉടൻ‌ ചീഫ് വൈൽഡ് ലൈഫ് വാർഡൻ സുരേന്ദ്രകുമാറിന് സമർപ്പിക്കും.  സർക്കാരിന് സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് പദ്ധതിയുടെ ആദ്യ ഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്.

സ്ഥലം കണ്ടെത്തിയത് ജനവാസ മേഖലകളെ ഒഴിവാക്കി

wild elephant

ജനവാസ മേഖലകളെ പരമാവധി ഒഴിവാക്കി ആണ് പദ്ധതിക്ക് ആവശ്യമുള്ള സ്ഥലം കണ്ടെത്തിയിരിക്കുന്നത്.വനം വകുപ്പ് എച്ച്എൻഎൽ കമ്പനിക്ക് പാട്ടത്തിനു നൽകിയിട്ടുള്ള 386 ഹെക്ടർ ഭൂമിയും ഇതിനായി ഏറ്റെടുക്കും.കാട്ടാന സംരക്ഷണ കേന്ദ്രം പ്രാവർത്തികമായാൽ മതികെട്ടാൻചോല ദേശീയ ഉദ്യാനം മുതൽ ആനയിറങ്കൽ അണക്കെട്ട് വരെ ഉള്ള ഭാഗത്തെ ആനത്താരകൾ പുനഃസ്ഥാപിക്കും.ഇതോടെ കാട്ടാനകൾ തീറ്റയും വെള്ളവും തേടി ജനവാസ മേഖലകളിൽ ഇറങ്ങുന്നത് പൂർണമായും തടയാൻ കഴിയുമെന്നാണ് വിദഗ്ധർ പറയുന്നത്.

600 ഹെക്ടർ സ്ഥലത്ത് സംരക്ഷണ കേന്ദ്രം

301 കോളനി, 80 ഏക്കർ, ആനയിറങ്കൽ എന്നിവിടങ്ങളിലായി 600 ഹെക്ടർ സ്ഥലത്താണ് കാട്ടാന സംരക്ഷണ കേന്ദ്രം വരുന്നത്.2002 ൽ 301 കുടുംബങ്ങൾക്ക് ഒരേക്കർ വീതം ഭൂമി നൽകി കുടിയിരുത്തിയ 301 കോളനിയിൽ 36 കുടുംബങ്ങൾ മാത്രം ആണ് ഇപ്പോൾ അവശേഷിക്കുന്നത്.  

കാട്ടാന ശല്യത്തെ തുടർന്ന് മറ്റ് കുടുംബങ്ങൾ ഇവിടം വിട്ടു പോയി.  അവശേഷിക്കുന്ന കുടുംബങ്ങളെ നഷ്ടപരിഹാരം നൽകി മാറ്റി പാർപ്പിക്കാനാണ് നീക്കം. ആകെ 50 കുടുംബങ്ങളെ മാത്രമേ പദ്ധതിക്കു വേണ്ടി മാറ്റി പാർപ്പിക്കേണ്ടതുള്ളൂ എന്നാണു വനം വകുപ്പിന്റെ വിലയിരുത്തൽ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EARTH N COLORS
SHOW MORE
FROM ONMANORAMA