വജ്രത്തിളക്കത്തിനു പിന്നിലെ നിഗൂഢ രഹസ്യം, കടലിൽ 200 കി.മീ ആഴത്തിൽ!

Diamond
SHARE

വജ്രങ്ങള്‍ ഒരേ സമയം നിഗൂഢത നിറഞ്ഞതും എന്നാല്‍ അഭൗമമായ സൗന്ദര്യമുള്ളതുമായ വസ്തുക്കളാണ്. എന്നാല്‍ വജ്രങ്ങളെ ചുറ്റിപ്പറ്റിനില്‍ക്കുന്ന ഈ നിഗൂഢതകള്‍ ഏതാണ്ടൊക്കെ ഇല്ലാതാക്കുന്നതാണ് പുതിയ ചില പഠനങ്ങള്‍. എങ്ങനെയാണ് കറുത്തിരുണ്ട കാര്‍ബണില്‍ നിന്ന് തിളങ്ങുന്ന വജ്രങ്ങള്‍ ജന്മമെടുക്കുന്നതെന്നു തുടങ്ങി ഈ പ്രവര്‍ത്തനം ഗവേഷണ ശാലയില്‍ പുനരാവിഷ്കരിക്കാനാകുമോ എന്നതുള്‍പ്പടെയുളള കാര്യങ്ങളാണ് ഈ ഗവേഷക സംഘം പരിശോധിക്കുന്നത്.

കടലിന്‍റെ അടിത്തട്ടില്‍ നിന്നും ഏതാണ്ട് 200 കിലോമീറ്റര്‍ ആഴത്തില്‍ നടക്കുന്ന വജ്ര ഉൽപാദനത്തിന്‍റെ ഘട്ടങ്ങളാണ് ഗവേഷകര്‍ പരിശോധിച്ചത്. ഈ പഠനത്തിലാണ് സമുദ്രപാളിയെ വിഴുങ്ങി അത് വജ്രമാക്കി മാറ്റി തിരിച്ചെത്തിക്കുന്ന ഭൗമാന്തര്‍ഭാഗത്തെ പ്രക്രിയകൾ ഗവേഷകര്‍ കണ്ടെത്തിയത്. പുതിയ ഭൗമപാളികളുടെ നിര്‍മാണത്തിനും ഭൂമികുലിക്കത്തിനും പല ഭൗമപാളികളുടെയും നാശത്തിനും വരെ കാരണമാകുന്ന സബ്ഡക്ഷന്‍ എന്ന പ്രക്രിയയാണിത്.

വജ്രങ്ങളുണ്ടാകുന്ന വിധം

സമുദ്രപാളിക്ക് താഴെ വജ്രങ്ങളുണ്ടാകുന്ന പ്രക്രിയയെ ഗവേഷകര്‍ വിവരിക്കുന്നത് ഇങ്ങനെയാണ്. സമുദ്രപാളികളും ഭൗമപാളികളും തമ്മില്‍ കൂട്ടിമുട്ടുമ്പോള്‍ സമുദ്രപാളി ഭൗമപാളിയുടെ അടിയേക്കു പോകുന്ന പ്രക്രിയയാണ് സബ്ഡക്ഷന്‍ എന്നത്. ഈ സമയത്ത് ഭൂമിയുടെ ക്രസ്റ്റിലേക്ക് നൂറ് കണക്കിന് കിലോമീറ്റര്‍ ആഴത്തിലേക്ക് സമുദ്രപാളിയുടെ ഭാഗങ്ങള്‍ പതിക്കുന്നു. വളരെ ഉയര്‍ന്ന താപനിലയും അന്തരീക്ഷത്തില്‍ അനുഭവപ്പെടുന്നതിനേക്കാള്‍ ഏതാണ്ട് നാല്‍പ്പതിനായിരത്തിലധികം മടങ്ങ് മര്‍ദമുള്ള മേഖലയാണിത്.

ഈ ഉയര്‍ന്ന ഊഷ്മാവും വലിയ അളവിലുള്ള മര്‍ദവും ഇവിടെയെത്തുന്ന ധാതുക്കളെ ക്രിസ്റ്റലുകളുടെ രൂപത്തിലാക്കി മാറ്റുന്നു. ഈ ക്രിസ്റ്റലുകളാകട്ടെ മാന്‍റിലിനോടു ചേര്‍ന്നുള്ള ഭാഗത്ത് ഏതാണ്ട് 800 ഡിഗ്രി സെല്‍ഷ്യസില്‍ ഉരുകിയൊലിക്കും. ഇങ്ങനെയുള്ള ലാവ വിടവുകളിലൂടെ ഭൂമിയുടെ ഉപരിതലത്തിലേക്ക് സഞ്ചരിക്കുന്നു. ഇതിനൊപ്പം കാര്‍ബണ്‍ ക്രിസ്റ്റലുകളുടെ ചെറിയ തരികളും കാണപ്പെടും. ഇങ്ങനെ കാണപ്പെടുന്ന ചെറുതരികളെ കിംബര്‍ലൈറ്റ് എന്നാണു വിളിക്കുന്നത്. ഇങ്ങനെ ലാവയ്ക്കൊപ്പം എത്തിപ്പെടുന്ന തരികളാണ് ഭൗമോപരിതലത്തിനു താഴെയായി വജ്രങ്ങളുടെ രൂപത്തില്‍ കാണപ്പെടുന്നത്.

വജ്രങ്ങള്‍ക്കുള്ളിലെ ഉപ്പ്

ശാസ്ത്രലോകത്തെ എന്നും കുഴക്കിയിട്ടുള്ള ചോദ്യങ്ങളില്‍ ഒന്നാണ് വജ്രത്തിനുള്ളില്‍ അടങ്ങിയിരിക്കുന്ന ഉപ്പിന്‍റെ അംശം.  വജ്രത്തിന്‍റെ ഉള്ളിലെ ഈ ഉപ്പിന്‍റെ അംശത്തിനു കാരണം സമുദ്രജലമാണെന്നു വിശദീകരിക്കുന്ന പല ആശയങ്ങളും ഇതിന് മുന്‍പ് ഉയര്‍ന്നു വന്നിട്ടുണ്ട്. എന്നാല്‍ വജ്രങ്ങളുടെ ഉദ്ഭവത്തെക്കുറിച്ച് ഇപ്പോള്‍ നടത്തുന്ന പുതിയ പഠനത്തില്‍ ഉപ്പിനു കാരണമായി പറയുന്നത് മറ്റൊന്നാണ്. സമുദ്രജലമല്ല മറിച്ച് സമുദ്രത്തിലെ മണല്‍ത്തരികളുടെ അംശമാണ് വജ്രത്തിലെ ഉപ്പിന്‍റെ കണികയ്ക്കു പിന്നിലെന്നാണ് പഠനത്തിനു നേതൃത്വം നല്‍കിയ മൈക്കിള്‍ ഫോര്‍സ്റ്റര്‍ വിശദീകരിക്കുന്നത്.

ലാബിലെ വജ്രം

വജ്രം രൂപപ്പെടുന്നതിനു പുറകിലുള്ള ഈ സിദ്ധാന്തം പ്രായോഗിക തലത്തില്‍ തെളിയിക്കുക എന്നതായിരുന്നു ഗവേഷകര്‍ നേരിട്ട മറ്റൊരു വെല്ലുവിളി. സമുദ്രപാളിക്ക് സംഭവിക്കുന്ന മാറ്റങ്ങള്‍ ലാബില്‍ കൃത്രിമ അന്തരീക്ഷം സൃഷ്ടിച്ചു പരീക്ഷിക്കുകയാണ് ഇതിനു കണ്ടെത്തിയ മാര്‍ഗം. സമുദ്രാന്തര്‍ഭാഗത്തെ മണ്ണും അതിനൊപ്പം സാധാരണ കണ്ടുവരുന്ന പെരിഡോട്ട്  എന്ന കല്ലും ലാബിലെ പാത്രത്തില്‍ നിക്ഷേപിച്ചു. തുടര്‍ന്ന് ഉയര്‍ന്ന അളവിലുള്ള മര്‍ദവും, താപനിലയും ഏല്‍പ്പിച്ച് അവ തമ്മിലുള്ള പ്രവര്‍ത്തിക്കാനുള്ള സമയം നല്‍കി.

പ്രതീക്ഷിച്ചതു പോലെ തന്നെ പരീക്ഷണത്തിനുപയോഗിച്ച സമുദ്രത്തിലെ മണ്ണില്‍ നിന്നുള്ള ധാതുക്കള്‍ പിന്നീട് വജ്രങ്ങളായി മാറുന്ന കിംബല്‍ലൈറ്റ് മാഗ്മയായി മാറി. ഇതോടെ വജ്രങ്ങളുടെ രൂപപ്പെടലിനെ സംബന്ധിച്ച ഈ ഗവേഷക സംഘത്തിന്‍റെ സിദ്ധാന്തം ശരിയാണെന്നും വ്യക്തമായി. അതേസമയം ഇങ്ങനെ രൂപപ്പപെട്ട കിംബര്‍ലൈറ്റ് ആഭരണങ്ങളില്‍ കാണുന്നത് തിളങ്ങുന്ന വജ്രമാണെന്ന് ആരും ധരിക്കേണ്ട. ഇവ വജ്രങ്ങളായി മാറാന്‍ പ്രകൃതിയും പിന്നീട് മനുഷ്യരും നടത്തുന്ന ഒട്ടേറെ രാസപ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EARTH N COLORS
SHOW MORE
FROM ONMANORAMA