ADVERTISEMENT

കൊല്ലം ആശ്രാമം കണ്ടൽ വനം സംസ്ഥാനത്തെ ആദ്യ ജൈവ വൈവിധ്യ പൈതൃക കേന്ദ്രം. നഗരമധ്യത്തിൽ സ്വാഭാവിക ചുറ്റുപാടുകളിൽ ഒട്ടേറെ സസ്യ– ജന്തുജാല വൈവിധ്യമാണ് കണ്ടൽ വനത്തിനു പൈതൃക പദവി നേടിക്കൊടുത്തത്. വികസനത്തിന്റെപേരിൽ അധികൃതർ ഉൾപ്പെടെ നടത്തിയ നീക്കങ്ങളെ തടഞ്ഞുകൊണ്ട്, ദീർഘകാലമായി പരിസ്ഥിതി പ്രവർത്തകർ നടത്തുന്ന പോരാട്ടത്തിന്റെ വിജയം കൂടിയാണിത്. 

ഒരു പ്രദേശത്തു മാത്രം കാണപ്പടുന്ന സ്ഥാനീയ സസ്യങ്ങൾ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. തിരുവിതാംകൂറിൽ മാത്രം കാണപ്പെടുന്ന പ്രത്യേക ഇനം ഞാവൽ മരമാണ് പ്രധാനം. ഇന്റർ നാഷനൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ ചുവപ്പു പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള കുളവെട്ടിമരങ്ങൾ 60 വർഷത്തിലേറെ പഴക്കമുള്ള ചക്കര കണ്ടൽ, കയണ്ടൽ ഭ്രാന്തൻകണ്ടൽ തുടങ്ങിയവയുണ്ട്.

∙ക്വിയിലോൺ നേച്ചർ സൊസൈറ്റി നടത്തിയ പഠനത്തിൽ ഒട്ടേറെ ശലഭങ്ങളെ കണ്ടെത്തി. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ശലഭമായ ഗരുഡൻ ശലഭത്തെയും ചെറിയ ശലഭമായ ഗ്രാസ് ജ്യുവലും പാർക്കിലുണ്ട്. ചൂരലിൽ മുട്ടയിട്ടു വളരുന്ന ട്രീ ഫ്ലിറ്റർ ശലഭത്തെയു കണ്ടെത്തിയിരുന്നു..

∙ കീരി, നീർകാക്ക, മൂങ്ങ, രണ്ട് ഇനം പുള്ളിനത്ത്, പൊന്മാൻ, കൊടി പൊന്മാൻ, തുമ്പി, ആമ, നീർക്കോലി, വെള്ളിമൂങ്ങ, കാട്ടുപൂച്ച, മരപ്പട്ടി, നീർനായ തുടങ്ങിയവയും കണ്ടൽക്കാട്ടിലുണ്ട്.

∙97 ഇനം മത്സ്യങ്ങൾ, 160ൽ പരം സസ്യജാലങ്ങൾ എന്നിവയും കണ്ടൽക്കാടിനെ ജൈവ വൈവിധ്യ പൈതൃക പദവിയിലേക്ക് നയിച്ചു. പ്രഫ. എൻ.രവിയുടെ നേതൃത്വത്തിൽ നടത്തിയ കണ്ടൽ സംരക്ഷണ പ്രവർത്തനമാണ്, നഗരമധ്യത്തിൽ ജൈവവൈവിധ്യങ്ങളുടെ കലവറയായി കണ്ടൽവനം നിലനിൽക്കാൻ പ്രധാന കാരണം.

സാക്ഷ്യപത്രം ഏറ്റുവാങ്ങി

തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആശ്രാമം കണ്ടൽ വനത്തെ ജൈവ വൈവിധ്യ പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചു. കോർപറേഷന്റെ ബയോ ഡൈവേഴ്സിറ്റി മാനേജ്മെന്റ് കമ്മിറ്റിയുടെയും ബയോ ഡൈവേഴ്സിറ്റി ഹെറിറ്റേജ് സൈറ്റ് മാനേജ്മെന്റിന്റെയും പ്രവർത്തനത്തിന്റെ അംഗീകാരമാണ് പൈതൃക പദവിയെന്നു മേയർ വി.രാജേന്ദ്രബാബു, ഡപ്യൂട്ടി മേയർ വിജയ ഫ്രാൻസിസ്, സ്ഥിരംസമിതി അധ്യക്ഷൻ എം.എ.സത്താർ എന്നിവർ പറഞ്ഞു.

ജൈവ പൈതൃക മേഖലയ്ക്കുള്ള സാക്ഷ്യപത്രം മുഖ്യമന്ത്രിയിൽ നിന്നു മേയർ എറ്റുവാങ്ങി. ആരോഗ്യ മേഖലയിലെ മികച്ച പ്രവർത്തനത്തിനു ആർദ്ര കേരളം പുരസ്കാരവും കോർപറേഷനു ലഭിച്ചു. കടവൂർ കമ്യുണിറ്റി ഹെൽത്ത് സെന്റർ, വടക്കേവിള പ്രാഥമിക ആരോഗ്യ കേന്ദ്രം എന്നിവയുടെയും മറ്റു പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെയുംമികച്ച പ്രർത്തനമാണ് പുരസ്കാരത്തിന് അർഹമാക്കിയതെന്ന് അവർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com