ADVERTISEMENT

ലോകത്തെ ഏറ്റവും വലിയ മനുഷ്യ നിര്‍മിത ദുരന്തമായാണ് റഷ്യയില്‍ സംഭവിച്ച ചെര്‍ണോബില്‍ സ്ഫോടനത്തെ വിലയിരുത്തുന്നത്. 1986 ഏപ്രില്‍ 24 നാണ് ഇന്ന് യുക്രൈനില്‍ സ്ഥിതി ചെയ്യുന്ന അന്ന് സോവിയറ്റ് യൂണിയന്‍റെ ഭാഗമായ ചെര്‍ണോബിലിലെ ആണവോര്‍ജ നിലയം പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. നിരവധി പേരുടെ മരണത്തിനിടയാക്കിയ ഈ ദുരന്തത്തിനു ശേഷം ഇതുവരെ ചെര്‍ണോബില്‍ മേഖല അണുപ്രസരണത്തില്‍ നിന്നു മുക്തമായിട്ടില്ല.

ചെര്‍ണോബില്‍ പരമ്പര

Chernobyl

അമേരിക്കന്‍ കമ്പനിയായ എച്ച്ബിഒ ചെര്‍ണോബില്‍ ദുരന്തത്തെ ആസ്പദമാക്കി നിര്‍മിച്ച ഒരു പരമ്പരയാണ് ഇപ്പള്‍ ഇരു രാഷ്ട്രങ്ങളും തമ്മില്‍ രൂപപ്പെട്ടിരിക്കുന്ന ശീത സമരത്തിനു കാരണം. ചെര്‍ണോബില്‍ എന്ന പേരില്‍ തന്നെ സംപ്രേഷണം ചെയ്ത ഈ പരമ്പര യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണെന്നു നിര്‍മാതക്കള്‍ അവകാശപ്പെടുന്നു. ദുരന്തത്തിന്‍റെ തീവ്രത തുറന്നു കാട്ടുന്നതായിരുന്നു പരമ്പരയെന്ന് കാഴ്ചക്കാരും വിമര്‍ശകരും ഒരു പോലെ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. സിനിമകളെയും പരമ്പരകളെയും വിലയിരുത്തുന്ന റഷ്യന്‍ ഓണ്‍ലൈന്‍ മാധ്യമമായ കിനോപോയിസ്ക് പോലും 5 എപ്പിസോഡുകളടങ്ങിയ ചെര്‍ണോബില്‍ പരമ്പരയ്ക്ക് ഉയര്‍ന്ന റേറ്റിങ്ങായ 9.1 ആണ് നല്‍കിയത്. 

പക്ഷേ ലോകത്ത് പരക്കെ അംഗീകരിക്കപ്പെട്ടെങ്കിലും ചെര്‍ണോബില്‍ പരമ്പര റഷ്യന്‍ അധികൃതര്‍ക്ക് അത്ര ദഹിച്ചിട്ടില്ല. ചെര്‍ണോബിലില്‍ സംഭവിച്ച യഥാര്‍ത്ഥ സംഭവങ്ങള്‍ മറച്ചു വയ്ക്കുന്നതാണ് പരമ്പരയെന്നാണ് ഇവരുടെ വാദം. അവിഭക്ത സോവിയറ്റ് യൂണിയനിലുണ്ടായ ഈ ദുരന്തത്തില്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സിഐഎയ്ക്ക് പങ്കുണ്ടെന്ന ആരോപണം റഷ്യ ദുരന്തത്തിനു പിന്നാലെ ഉന്നയിച്ചതാണ്. ഇത്തരത്തില്‍ സിഐഎ യുടെ പങ്കുള്‍പ്പെടെ വ്യക്തമാക്കുന്ന രീതിയില്‍ മറ്റൊരു ചെര്‍ണോബില്‍ പരമ്പര നിര്‍മ്മിക്കുക എന്നതാണ് ഇപ്പോള്‍ റഷ്യ സ്വീകരിച്ചിരിക്കുന്ന നിലപാട്. സംവിധായകനായ അലക്സെ മുറെദേവ് ചെര്‍ണോബില്‍ സീരിയല്‍ ഉടന്‍ ഉണ്ടാകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. 

അമേരിക്കന്‍ ഗൂഢാലോചന

chernobyl-10

ചെര്‍ണോബില്‍ ദുരന്തത്തിനു പിന്നില്‍ അമേരിക്കയുടെ ഗൂഢാലോചനയുണ്ടെന്ന നിലപാടില്‍ ഇപ്പോഴും റഷ്യയ്ക്കു മാറ്റമില്ല. റഷ്യയുടെ ഈ നിലപാട് രാജ്യാന്തര തലത്തില്‍ പോലും പല നിരീക്ഷകരും തള്ളിക്കളയാത്തത് ഇതു ശരിയാണെന്നതിനു തെളിവാണെന്നും റഷ്യ അവകാശപ്പെടുന്നു. അതുകൊണ്ട് തന്നെ റഷ്യയെ കുറ്റപ്പെടുത്തുന്ന അമേരിക്കന്‍ പരമ്പരയ്ക്ക് മറുപടി നല്‍കുന്ന റഷ്യന്‍ പരമ്പര പ്രക്ഷേപണം ചെയ്യാന്‍ തയ്യാറാണെന്ന് രാജ്യത്തെ ദേശീയ ടെലിവിഷനും പ്രഖ്യാപിച്ചിട്ടുണ്ട്. പരസ്യമായിട്ടല്ലെങ്കിലും ഒരു പക്ഷേ സര്‍ക്കാരിന്‍റെയും പിന്തുണ പരമ്പരയുടെ നിര്‍മാണത്തിനുണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

പരമ്പര നിമിക്കാനായി 3 കോടി റഷ്യന്‍ റൂബിള്‍ ദേശീയ സാംസ്കാരിക മന്ത്രാലയം നല്‍കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം എച്ച്ബിഒ യുടെ ചെര്‍ണോബില്‍ പരമ്പരയെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേര്‍ റഷ്യയില്‍ നിന്നു തന്നെ രംഗത്തെത്തിയിട്ടുണ്ട്. വ്യക്തമായും ആധികാരികമായുമാണ് ആണവ ദുരന്തത്തിനു ശേഷം നടന്ന സംഭവങ്ങള്‍ ചിത്രീകരിച്ചതെന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്. അതേസമയം നിഷ്പക്ഷമായ ചില വിമര്‍ശനങ്ങളും പരമ്പരയ്ക്കെതിരെ റഷ്യയില്‍ നിന്നുയര്‍ന്നിട്ടുണ്ട്. റഷ്യയുടെ നിലവിലെ ആണവ ഏജന്‍സിയെ അനാവശ്യമായി പ്രതിസ്ഥാനത്തു നിര്‍ത്തുന്നു എന്നതാണ് ഇതില്‍ പരക്കെ ഉയര്‍ന്ന ആക്ഷേപം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com