ചക്കപ്പഴം തേടി കാട്ടാനകൾ കൂട്ടത്തോടെ നാട്ടിലേക്ക്; ആശങ്കയോടെ പ്രദേശവാസികൾ!

Elephants
SHARE

കോന്നിയിൽ ചക്കപ്പഴം തേടി കാട്ടാനകൾ നാട്ടിൻപുറങ്ങളിലേക്ക്. കൃഷികൾ നശിപ്പിച്ചു മടക്കം. മഴ തുടങ്ങുകയും ചക്ക പഴുക്കുന്ന കാലം വന്നുചേരുകയും ചെയ്തതോടെയാണ് മലയോര മേഖലയിൽ കാട്ടാനയുടെ ശല്യം രൂക്ഷമായത്. ചക്കപ്പഴത്തിന്റെ മണമാണ് ആനയെ ഈ സമയത്ത് ആകർഷിക്കുന്നതെന്ന് ആളുകൾ പറയുന്നു. വനമേഖലയോടു ചേർന്നു കിടക്കുന്ന ഗ്രാമ പ്രദേശങ്ങളിലാണ് കാട്ടാനയുടെ ശല്യം കൂടുതലായി ഉണ്ടാകുന്നത്. പഴുത്ത ചക്ക ഭക്ഷിക്കുന്നതോടൊപ്പം പ്രദേശത്തെ കൃഷികളും മറ്റും തകർത്താണ് ആന മടങ്ങുക.

തെങ്ങ്, കമുക്, വാഴ, റബർതൈകൾ തുടങ്ങിയവയെല്ലാം ഇവ ചവിട്ടിമെതിക്കും. രാത്രി വൈകുന്നതോടെ കാടിറങ്ങുന്ന ആനകൾ പുലർച്ചെ വരെയും പറമ്പിനു സമീപത്ത് ഉണ്ടാകുമെന്ന് പ്രദേശവാസികൾ പറയുന്നു. അതുമ്പുംകുളം ഞള്ളൂർ, ആവോലിക്കുഴി, കാർമല, താവളപ്പാറ, ഇരുപതേക്കർ, കുമ്മണ്ണൂർ, കല്ലേലി, കൊക്കാത്തോട്, വയക്കര, ചെളിക്കുഴി, കുളത്തുമൺ, ചെങ്ങറ തുടങ്ങി വനമേഖലയോടു ചേർന്നുള്ള സ്ഥലങ്ങളിലും റബർ എസ്റ്റേറ്റിനു പരിസരങ്ങളിലും ആനശല്യം പതിവാണ്. 

കോന്നി പഞ്ചായത്തിലെ ഞള്ളൂരിൽ ആന ഒറ്റയ്ക്കും കൂട്ടത്തോടെയും എത്തി കൃഷികൾ നശിപ്പിക്കുന്നു. ഇതുസംബന്ധിച്ച് പഞ്ചായത്തംഗം ബിജി കെ. വർഗീസ് വനംവകുപ്പ് അധികൃതർക്ക് പരാതി നൽകി. പ്രദേശവാസികളുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ടാണ് പരാതി നൽകിയിട്ടുള്ളത്. വർഷങ്ങൾക്ക് മുൻപ് കാട്ടാനയുടെ ആക്രമണത്തിൽ ഇവിടെ സ്ത്രീയും കുട്ടിയും മരിച്ച സംഭവം ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EARTH N COLORS
SHOW MORE
FROM ONMANORAMA