കാട്ടിൽ നിന്ന് മായൻ തലയോട്ടികൾ; ജനതയെ കൊന്നൊടുക്കിയത് യുദ്ധമോ കൊടുംവരൾച്ചയോ?

Mayan civilization
SHARE

സ്വന്തമായി ഭാഷ, കലണ്ടർ, വാനശാസ്ത്രത്തിലും ചിത്രംവരയിലും വൈദ്യശാസ്ത്രത്തിലും കൃഷിയിലും ഉള്‍പ്പെടെ അഗാധമായ അറിവ്, കെട്ടിട നിർമാണത്തിൽ അഗ്രഗണ്യർ...മായൻ വംശജർ കൈവയ്ക്കാത്ത മേഖലകളില്ല. മൂന്നു ഘട്ടങ്ങളിലാണ് ഇവരുടെ നാഗരികത അടയാളപ്പെടുത്തിയിരുന്നത്. ‌2000 ബിസി മുതൽ എഡി 250 വരെ പ്രീ ക്ലാസിക്, എഡി 250 മുതൽ 900 വരെ ക്ലാസിക്, എഡി 900 മുതൽ 1519 വരെ പോസ്റ്റ് ക്ലാസിക്. വടക്കൻ മെക്സിക്കോ മുതൽ തെക്ക് മധ്യ അമേരിക്ക വരെ പടർന്നു കിടന്നിരുന്ന പ്രദേശങ്ങളിലെല്ലാം മായൻ സാന്നിധ്യമുണ്ടായിരുന്നു. പക്ഷേ ഉഗ്രപ്രതാപത്തോടെ ജീവിച്ചിരുന്ന മായന്മാർ ക്ലാസിക് കാലഘട്ടത്തിന്റെ അവസാനമായതോടെ ‘പെട്ടെന്ന്’ ഇല്ലാതാവുകയായിരുന്നു. 

ഒന്നുകിൽ ആരെങ്കിലും ആക്രമിച്ചു നശിപ്പിച്ചത്, അല്ലെങ്കിൽ ഏതെങ്കിലും മാരകരോഗമോ വരൾച്ചയോ! മായന്മാരുടെ നാശത്തിനു പിന്നിലെ കാരണമെന്താണെന്നു പുരാവസ്തു ഗവേഷകർക്ക് ഇനിയും പിടികിട്ടിയിട്ടില്ല. പക്ഷേ 3000 വർഷം മുൻപ് മായന്മാർ കെട്ടിപ്പൊക്കിയ കരിങ്കൽ സൗധങ്ങളുൾപ്പെടെ ഇന്നും ലോകത്തെ ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ്. മായന്മാരുടെ ചരിത്രം തേടിയുള്ള യാത്രയ്ക്കിടെ മധ്യ അമേരിക്കയിലെ ബെലീസ് കാട്ടിൽ നിന്നു ഗവേഷകർക്കു കിട്ടിയ രണ്ടു വസ്തുക്കളാണ് ഇപ്പോഴത്തെ ചർച്ചാവിഷയം. രണ്ടു മനുഷ്യത്തലയോട്ടികളായിരുന്നു അവ. രണ്ടിലും നടത്തിയ നിരീക്ഷണത്തിൽ ഒരു കാര്യം വ്യക്തം. മനുഷ്യമാംസം വലിച്ചുപറിച്ചു കളഞ്ഞ് പെയിന്റടിച്ചതാണ് അവ. അതെന്തിനാണ് അങ്ങനെ ചെയ്തത്? 

Mayan civilization

മായന്മാർ അൽപം പ്രശ്നക്കാരായിരുന്നു എന്നാണ് ആ തലയോട്ടികൾ ഉറപ്പാക്കുന്നത്. യുദ്ധത്തിൽ ജയിക്കുമ്പോൾ എതിരാളിയുടെ തലയറുത്ത് തയാറാക്കുന്നതാണത്രേ ആ തലയോട്ടി. അതു യുദ്ധ വിജയചിഹ്നമായി കഴുത്തിൽ ചാർത്തുകയും ചെയ്യും. പ്രാചീനകാല മായൻ നഗരമായ പബിറ്റണിലെ ഒരു കല്ലറയിൽ നിന്നായിരുന്നു തലയോട്ടി ലഭിച്ചത്. ഒരു യുദ്ധവീരന്റെ കല്ലറയായിരുന്നു അതെന്നാണു കരുതുന്നത്. ഇങ്ങനെയൊരു നിഗമനത്തിലെത്താനും കാരണമുണ്ട്. മായൻ നഗരങ്ങളിൽ പലയിടത്തും പാറകളിലും പാത്രങ്ങളിലുമെല്ലാം തലയോട്ടിയണിഞ്ഞ യുദ്ധവീരന്മാരുടെ ചിത്രം വരച്ചിട്ടിരുന്നതു നേരത്തേ തന്നെ കണ്ടെത്തിയിട്ടുണ്ട്. 

തലയോട്ടി പലയിടത്തും തുളച്ച നിലയിലായിരുന്നു. ഇതു ഭംഗിക്കായി തൂവലുകൾ വയ്ക്കാനും തുകൽ കൊണ്ടുള്ള വള്ളി തലയോട്ടിയിലേക്കു കടത്താനും വേണ്ടിയുള്ളതാണെന്നാണു കരുതുന്നത്. തലയോട്ടിയുടെ പുറകുവശം ചെത്തി നിരപ്പാക്കിയിട്ടുമുണ്ട്. യോദ്ധാക്കളുടെ നെഞ്ചിനോട് ഒട്ടിയിരിക്കുന്നതിനു വേണ്ടിയായിരുന്നു അത്. താടിയെല്ലുകളും മറ്റും ഊർന്നുപോകാതിരിക്കാനുള്ള സംവിധാനവും ഉണ്ടായിരുന്നു. ചില അജ്ഞാത ഭാഷയിലുള്ള എഴുത്തും തലയോട്ടിയിൽ കോറിവരച്ചിരുന്നു. ചുവന്ന പെയിന്റാണ് ഭംഗി വരുത്താൻ ഉപയോഗിച്ചിരുന്നത്. ഇത്തരത്തിൽ യുദ്ധത്തിൽ ജയിക്കുന്നവരെ കൊന്നു തലയെടുക്കുന്ന മായൻ രീതി ആദ്യമായാണ് തിരിച്ചറിയുന്നതെന്ന് മിഷിഗൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റി ആന്ത്രപ്പോളജി ഗവേഷകനായ ഗബ്രിയേൽ റോബെൽ പറയുന്നു. 

Mayan civilization

ഒരുപക്ഷേ മായന്മാരുടെ നാശത്തിനു കാരണമായതും അവർക്കിടയിൽത്തന്നെ അധികാരത്തിനു വേണ്ടി നടന്ന യുദ്ധമായിരിക്കാം. ബെലീസിൽ നിന്ന് ഒൻപതാം നൂറ്റാണ്ടോടെ മായന്മാർ കൂട്ടപ്പലയാനം ചെയ്തിരുന്നെന്നു നേരത്തേ കണ്ടെത്തിയിരുന്നു. രാജകുടുംബത്തെ കൊന്നൊടുക്കിയതിന്റെയും കെട്ടിടങ്ങളും ശവക്കല്ലറകളും തകർത്തത്തിന്റെയും തെളിവുകളും ലഭിച്ചിരുന്നു. അതല്ല കൊടുംവരൾച്ചയായിരുന്നു മായന്മാരുടെ നാശത്തിനു കാരണമെന്ന് 2012ൽ ഒരു കൂട്ടം ഗവേഷകർ വാധിച്ചിരുന്നു. അതിന്റെ ചുവടുപിടിച്ച്, എങ്ങനെയാണു വനനശീകരണം വരൾച്ചയിലേക്കു നയിച്ചതെന്നതിന്റെ കംപ്യൂട്ടർ മോഡലുകളും അവർ തയാറാക്കി. യുക്കാറ്റൻ ഉപദ്വീപിലെ മായൻ സംസ്കാരമായിരുന്നു അന്നു പഠനവിധേയമാക്കിയത്. ഏകദേശം ഒന്നരനൂറ്റാണ്ടിനിടെയാണു മായൻ സംസ്കാരം പൂർണമായും ഇല്ലായത്. മായന്മാരിൽ ഒരു വിഭാഗം യുദ്ധം കാരണവും മറുവിഭാഗം കൊടുംവരൾച്ച കാരണവുമാകാം ഇല്ലാതായതെന്ന നിഗമനത്തിലാണ് ഇപ്പോൾ ഗവേഷകർ. അതിന്റെ തെളിവുകൾ ഉൾപ്പെടെ ‘പ്രൊസീഡിങ്സ് ഓഫ് ദ് നാഷനൽ അക്കാദമി ഓഫ് സയൻസസ്’ ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EARTH N COLORS
SHOW MORE
FROM ONMANORAMA