ADVERTISEMENT

മറഞ്ഞിരിക്കുന്ന ഊര് എന്ന അർഥത്തിലാണ് കേരള – തമിഴ്നാട് അതിർത്തിയിലെ മറയൂർ ഗ്രാമത്തിന് ആ പേര് വരുന്നത്. ആ ഊരിനെ മറച്ചു നിർത്താൻ മലകളിൽ പച്ചപ്പു നിറച്ച പ്രധാന മരമാണ് ഗ്രാന്റീസ്. എന്നാൽ ഇടതൂർന്ന് തീർക്കുന്ന ഹരിതഭംഗിക്കും താഴ്‍വാര സൗന്ദര്യത്തിനുമപ്പുറം കാർഷിക വിളകൾക്ക് ഒന്നാംതരം വില്ലനാണ് ഇവ. മണ്ണിലെ ജലാംശം വലിയതോതിൽ വലിച്ചെടുക്കുന്ന ഇവ മണ്ണിന്റെ സ്വാഭാവികത നഷ്ടപ്പെടുത്തും. 

ഇതെല്ലാം കണക്കിലെടുത്താണ് മറയൂർ, കാന്തല്ലൂർ, വട്ടവട, കൊട്ടാക്കമ്പൂർ, കീഴാന്തൂർ തുടങ്ങി അഞ്ചു വില്ലേജുകളിൽ വ്യാപകമായി നട്ടുപിടിപ്പിച്ചിട്ടുള്ള ഗ്രാന്റീസ് മരങ്ങൾ വെട്ടിമാറ്റാൻ സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്. അതോടൊപ്പം ഇനി പ്രദേശത്ത് ഗ്രാന്റീസ് മരങ്ങൾ വളരാതെ നോക്കാനുള്ള നിർദേശവും നൽകിയിട്ടുണ്ട്.

കണ്ണും പൂട്ടി കൃഷി

കണ്ണും പൂട്ടി കൃഷി ചെയ്യാനാവുന്ന വിള ഏതെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉള്ളു – ഗ്രാന്റീസ് മരങ്ങൾ. ഒരിക്കൽ തൈ നട്ടാൽ പിന്നൊന്നു നനയ്ക്കുക കൂടി വേണ്ട. 5 മുതൽ 8 വർഷം കഴിയുമ്പോഴേക്കും വെട്ടിവിൽക്കാൻ പാകമാകും. ഇതുകൊണ്ടെല്ലാം തന്നെ മറയൂർ കാന്തല്ലൂർ മേഖലയുടെ 60 % ഗ്രാന്റീസ് തോട്ടങ്ങളാണ്. വനം വകുപ്പിന്റെയും സ്വകാര്യ വ്യക്തികളുടേതും ഉൾപ്പെടെ വട്ടവട പഞ്ചായത്തിൽ മാത്രം ഏകദേശം 25,000 ഹെക്ടറിലും കാന്തല്ലൂരിൽ ഏകദേശം 20,000 ഹെക്ടറിലുമാണ് ഗ്രാന്റീസ് മരങ്ങൾ നിൽക്കുന്നത്.  

1970-71 കാലഘട്ടത്തിലാണ് വട്ടവടയിൽ ഗ്രാന്റീസ് കൃഷിക്കു തുടക്കമായത്. പ്രകൃതിക്കു ദോഷം വരുത്തുന്ന ഗ്രാന്റീസ് കൃഷിക്കാർ പ്രദേശവാസികളല്ല. അന്യനാടുകളിൽ നിന്നുള്ളവർ ഈ മേഖലയിലെത്തി ഏക്കർ കണക്കിനു ഭൂമി തരപ്പെടുത്തി പ്രകൃതിയെ നശിപ്പിക്കുന്ന കൃഷിയിലൂടെ ലാഭം കൊയ്യുകയാണ്.

പേപ്പറും പ്ലൈവുഡും  മുതൽ വിറക് വരെ

Eucalyptus grandis plantation

കട്ടികുറഞ്ഞ ഗ്രാന്റീസ് തടി കൂടുതലായി ഉപയോഗിക്കുന്നത് പേപ്പർ നിർമാണത്തിനും പ്ലൈവുഡ് നിർമാണത്തിനുമാണ്. ചെറിയ തടികൾ വിറകാക്കിയും വിൽക്കുന്നു. ഒരു ലോഡ് മരത്തിന് ഒന്നര ലക്ഷം രൂപ വരെ ലഭിക്കും. 

സാധാരണ തോട്ടം ഉടമകൾ മരക്കച്ചവടക്കാർക്കു കരാർ നൽകുകയാണു പതിവ്. ഒരേക്കർ തോട്ടം മരത്തിന്റെ വലുപ്പം അനുസരിച്ച് ഏകദേശം 5 മുതൽ 8 ലക്ഷം രൂപയ്ക്കാണ് കരാർ നൽകുന്നത്. പെരുമ്പാവൂർ, കോഴിക്കോട് പ്ലൈവുഡ് ഫാക്ടറികളിലേക്കാണ് കൂടുതലും മരങ്ങൾ എത്തിക്കുന്നത്.

വില്ലനായി മാറിയ നായകൻ

ലാഭക്കണക്കുകളുടെ കാര്യം പറയുമ്പോഴും നാടിനു ദോഷമായി മാറുന്ന വില്ലനെ നാട്ടുകാർ തിരിച്ചറിഞ്ഞിട്ട് അധികമായില്ല. ഇടുക്കി പാക്കേജുമായി ബന്ധപ്പെട്ടു സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ടിൽ വട്ടവടക്കാർക്കു പ്രത്യേക പദ്ധതി നടപ്പാക്കണമെന്നു ശുപാർശ ചെയ്‌തിരുന്നു. ഇതെത്തുടർന്നു കൃഷി, മണ്ണുസംരക്ഷണം, മണ്ണു പര്യവേഷണ വിഭാഗങ്ങളിലെ ഉദ്യോഗസ്‌ഥർ വട്ടവട സന്ദർശിച്ചു വിശദമായി റിപ്പോർട്ട് തയാറാക്കി. 

വട്ടവടയിലെ പരിസ്‌ഥിതി ശോഷണത്തിനും ജലദൗർലഭ്യത്തിനും പ്രധാന കാരണമായ യൂക്കാലിപ്‌റ്റസ് - ഗ്രാന്റീസ് കൃഷിക്കെതിരെ ശക്‌തമായ പരാമർശമാണു റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. മുൻപൊക്കെ മലമുകളിൽ ഒതുങ്ങിനിന്നിരുന്ന ഗ്രാന്റീസ് കൃഷി പിന്നീടു താഴ്‌വാരങ്ങളിലേക്കു വ്യാപിച്ചു. രണ്ടു പതിറ്റാണ്ടു മുൻപ് നെൽകൃഷിക്കു പേരുകേട്ട വട്ടവടയിലെ കൃഷി ഇല്ലാതായതു ഗ്രാന്റീസ് കൃഷിയെ തുടർന്നാണ്. 

ഇതോടൊപ്പം ചതുപ്പു പ്രദേശങ്ങളിലെ ജലാംശം വറ്റി ഇവ കരഭൂമിയായി മാറിയതു പച്ചക്കറിക്കൃഷിയെ ദോഷകരമായി ബാധിച്ചേക്കുമെന്നും കണ്ടെത്തിയിരുന്നു. ഇങ്ങനെ പോയാൽ കുറഞ്ഞ കാലം കൊണ്ടു ജലാംശം നഷ്‌ടപ്പെട്ടു തരിശുഭൂമിയായി വട്ടവട മാറുമെന്നു ജനങ്ങൾ ഭയപ്പെടുന്നു.

പല വിദേശ രാജ്യങ്ങളിലും ചതുപ്പുനിലങ്ങളെ കരയാക്കി മാറ്റാനാണു യൂക്കാലി - ഗ്രാന്റീസ് കൃഷി പ്രയോജനപ്പെടുത്തിയിരുന്നത്. മരത്തിന്റെ ഉയരത്തിന്റെ അത്ര തന്നെ നീളത്തിൽ ഭൂമിക്കടിയിലേക്ക് ഇവയുടെ വേരു വളരുന്നതിനാൽ ഇതിന്റെ ജലാഗിരണശേഷി വർധിക്കുന്നു. കൂടാതെ ഇലകളുടെ പ്രത്യേകത കാരണം ബാഷ്‌പീകരണത്തോതും കൂടുതലാണ്

ഇത്തരം സാഹചര്യത്തിൽ വട്ടവടയിലെ ഗ്രാന്റീസ് കൃഷി ഘട്ടംഘട്ടമായി ഇല്ലായ്‌മ ചെയ്‌തു പ്രദേശത്തിന്റെ പ്രകൃതിദത്തമായ തനിമ നിലനിർത്തണമെന്നു റിപ്പോർട്ടിൽ പറഞ്ഞിരുന്നു. നിലവിലുള്ള ഗ്രാന്റീസ് കൃഷിക്കു പഞ്ചായത്ത് നികുതിയോ സെസോ ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു.

ഇതോടൊപ്പം പുതിയ ഗ്രാന്റീസ് കൃഷിക്കു പഞ്ചായത്ത് കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്നും ഒരിക്കൽ മുറിച്ചുമാറ്റിയിടത്തു വീണ്ടും ഗ്രാന്റീസ് വളരാൻ അനുവദിക്കരുതെന്നും പറഞ്ഞിരുന്നു. ഇതിനായി വിശദമായ സർവേ നടത്തി വിവിധ ഘട്ടത്തിലുള്ള പ്ലാന്റേഷന്റെ കണക്കെടുക്കാനും നടപടി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.

അരങ്ങൊഴിഞ്ഞ് ഗ്രാന്റീസ് പെരുമ

സർക്കാരിന്റെ പ്രത്യേക ഉത്തരവു പ്രകാരം ഗ്രാന്റീസ് മരങ്ങൾ മുറിച്ചുമാറ്റാൻ തുടങ്ങി. വൻ തോതിൽ തോട്ടങ്ങളിൽ മരം മുറി നടക്കുന്നു. എന്നാൽ പൂർണമായി മരങ്ങൾ മുറിച്ചു കഴിയാൻ ഒരു വർഷമെങ്കിലും എടുക്കുമെന്നാണ് കണക്കുകൂട്ടൽ. പ്രകൃതിക്ക് ദോഷമായ ഗ്രാന്റീസ് മരങ്ങൾ മുറിച്ചു മാറ്റുമ്പോൾ വേര് പിഴുതു മാറ്റുന്നതിനു പകരം മറ്റു മാർഗങ്ങൾ സ്വീകരിക്കാനും ചെടി കിളിർത്തു വരുമ്പോൾ അത് ഒടിച്ചു കളയാനും രാസവസ്തുക്കൾ ഉപയോഗിച്ചു നശിപ്പിക്കാനും ഉത്തരവിൽ പറയുന്നു. 

മണ്ണൈാലിപ്പ് സംഭവിക്കാതിരിക്കാനാണ് ഇത്തരത്തിലുള്ള നിർദേശം. മരം മുറിച്ച സ്ഥലത്ത് അനുയോജ്യമായ കൃഷി ചെയ്യുന്നതിനായി പഠനം നടത്തും. കൃഷി, വനം, പരിസ്ഥിതി, ജലവിഭവം, മണ്ണുസംരക്ഷണം, തദ്ദേശ സ്വയംഭരണം, ജില്ലാഭരണകൂടം, റവന്യു എന്നീ വകുപ്പുകൾ ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിക്കാനും ഉത്തരവിൽ നിർദേശമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com