ADVERTISEMENT

കൊടുങ്ങല്ലൂർ – മുകുന്ദപുരം താലൂക്ക് പ്രദേശത്തുള്ള കണ്ടൽക്കാടുകൾ സംരക്ഷിക്കപ്പെടുന്നില്ല. കരൂപ്പടന്ന പുഴയുടെ തീരത്തും തച്ചപ്പിള്ളി പാലം പ്രദേശത്തിനു സമീപത്തെയും കണ്ടൽക്കാടുകളാണ് നശിക്കുന്നത്.

പുല്ലൂറ്റ് ഗുരുശ്രീ പബ്ലിക് സ്കൂളിനു സമീപവും കണ്ടൽക്കാടുണ്ട്. ഭൂവുടമകൾക്കു നഷ്ടപരിഹാരം നൽകി കണ്ടൽക്കാടുകൾ ഏറ്റെടുക്കാനുള്ള സർക്കാർ പദ്ധതി എങ്ങുമെത്തിയില്ല. പരിസ്ഥിതി ദുർബല പ്രദേശ നിയമം ( ഇഎഫ്എൽ നിയമം) ഉപയോഗിച്ചു തൃശൂർ, കൊല്ലം ജില്ലകളിലെ 200 ഏക്കർ കണ്ടൽ ഏറ്റെടുക്കണമെന്ന നിർദേശമാണ് പാതിവഴിയിലായത്. സ്വകാര്യ ഭൂമിയിലേത് ഉൾപ്പടെയുള്ള കണ്ടൽക്കാടുകൾ ഏറ്റെടുക്കാനായിരുന്നു സർക്കാർ നീക്കം.

അവശേഷിക്കുന്ന കണ്ടൽക്കാടുകൾ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് ഇഎഫ്എൽ നിയമം അനുസരിച്ച് ഏറ്റെടുക്കാൻ തീരുമാനിച്ചത്.ചേറ്റുവയിലും സംരക്ഷണത്തിനായി കണ്ടൽക്കാട് കണ്ടെത്തിയിരുന്നു. സർക്കാർ – സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള ഇൗ പ്രദേശം ഉടൻ വനഭൂമി ആക്കണമെന്നായിരുന്നു വിദഗ്ദ സമിതി നിയമസഭാ സമിതി മുൻപാകെ നിർദേശിച്ചത്.

ആദ്യഘട്ടത്തിൽ തൃശൂർ ജില്ലയിൽ പഠനം നടത്തി കണ്ടൽക്കാടുകൾ കണ്ടെത്താനായിരുന്നു പദ്ധതി. ഇതിന്റെ ഭാഗമായി വിദഗ്ധ സംഘം കൊടുങ്ങല്ലൂർ – മുകുന്ദപുരം താലൂക്കിന്റെ അതിർത്തി പ്രദേശങ്ങളിൽ സന്ദർശനം നടത്തി റിപ്പോർട്ട് തയാറാക്കി.

സംസ്ഥാനത്തെ കണ്ടൽക്കാടുകളിൽ 98 ശതമാനവും നൂറു വർഷത്തിനിടെ വെട്ടിനശിപ്പിച്ചെന്നാണ് കണ്ടെത്തൽ. ഇതിൽ പകുതിയിലേറെയും കഴിഞ്ഞ 15 വർഷത്തിനിടെയാണ് നശിപ്പിച്ചത്. തൃശൂർ ജില്ലയിൽ മൂന്നു പ്രദേശങ്ങൾ ഏറ്റെടുക്കുന്നതിനാണ് കേരള ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞൻ അധ്യക്ഷനായുള്ള സമിതി ശുപാർശ ചെയ്തത്. നിയമസഭ ഉപസമിതിയുടെ നിർദേശപ്രകാരമായിരുന്നു കണ്ടൽക്കാടുകൾ സംബന്ധിച്ച് പഠനം.

കൊടുങ്ങല്ലൂർ – മുകുന്ദപുരം താലൂക്ക് പ്രദേശം കണ്ടൽമരങ്ങൾ വളർന്നതോടെ ദേശാടനപ്പക്ഷികൾ മുടങ്ങാതെ എത്തുന്ന സ്ഥലമായി മാറിയിരുന്നു. വിവിധതരം കൊക്കുകളും കുളക്കോഴി, നീർനായ, വെരുക്, കീരി എന്നിവയും വിവിധ ഇനം അപൂർവ പക്ഷികളും പ്രദേശത്തുണ്ട്. ഒട്ടേറെ മത്സ്യങ്ങളുടെ പ്രജനന കേന്ദ്രവും വെള്ളം കെട്ടി നിൽക്കുന്ന കണ്ടൽകാടുകൾ നിറഞ്ഞ പ്രദേശമാണ്. പുല്ലൂറ്റ് കോഴിക്കുളങ്ങര, തച്ചപ്പിള്ളി പ്രദേശങ്ങളിലാണ് കൂടുതലും കണ്ടൽക്കാടുകളുള്ളത്.

കൊല്ലത്ത് മൺറോ തുരുത്തിലെ 46 ഏക്കർ, പൊട്ടശേരി – ആലുംപാടി മേഖല, വിൻസന്റ് ഐലന്റ്, ആയിരംതെങ്ങ് എന്നിവിടങ്ങളിലെ കണ്ടൽക്കാടുകൾ ആദ്യഘട്ടത്തിൽ ഏറ്റെടുക്കാൻ ശുപാർശ ചെയ്തിരുന്നു. വിവിധ വകുപ്പുകളുടെയും സ്വകാര്യ വ്യക്തികളുടെയും ഉടമസ്ഥതയിലുള്ള കണ്ടൽകാടുകൾ ഏറ്റെടുക്കുന്നതു സംബന്ധിച്ച് ഇഎഫ്എൽ സമിതിയും സർക്കാരുമാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. പ്രദേശത്തെ കണ്ടൽകാടുകൾ ദേശാടന പക്ഷികളുടെ സങ്കേതമാണ്. അപൂർവ ഇനം പക്ഷികളുടെയും മൃഗങ്ങളുടെയും ആവാസകേന്ദ്രം കൂടിയാണ് ഇവിടം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com