മടി പിടിച്ചു മഴ, അവശയായി പുഴ; ആശങ്കയോടെ ജനം

chalakkudy-river
SHARE

മഴ മടി പിടിച്ചു നിൽക്കുന്നതിനാൽ ചാലക്കുടിപ്പുഴയ്ക്ക് ക്ഷീണഭാവം. ഇരുകരകളും മുട്ടിയൊഴുകിയിരുന്ന ചാലക്കുടിപ്പുഴയ്ക്ക് ജലസുലഭത മൺസൂൺ കാലത്തും ഗതകാല പ്രൗഢി മാത്രമായി. പല ഭാഗത്തും കാൽനടയായി മുറിച്ചു കടക്കാവുന്ന രീതിയിൽ പുഴയിൽ ജലനിരപ്പ് താഴ്ന്നു. കടുത്ത വേനൽ മുറിച്ചു കടക്കാൻ വറ്റിയ പുഴയാകുമോ കാത്തിരിക്കുന്നതെന്ന ആശങ്കയാണു ജനത്തിന്.

പരിയാരം പഞ്ചായത്തിലെ മുനിപ്പാറ, തുമ്പൂർമുഴി ഭാഗങ്ങളിലാണു ജലനിരപ്പ് കൂടുതൽ താഴ്ന്നിരിക്കുന്നത്. അടിയിലെ നീരൊഴുക്കു കുറഞ്ഞതോടെ പുഴയുടെ അടിത്തട്ടിലെ പാറക്കെട്ടുകൾ കാണാവുന്ന വിധത്തിൽ അവസ്ഥയായി. പെരിങ്ങൽക്കുത്ത് ഡാമിൽ കഴിഞ്ഞ 45 ദിവസമായി വൈദ്യുതോൽപാദനം പൂർണമായി നിർത്തിവച്ചിരുന്നു. മഴ കുറഞ്ഞതിനൊപ്പം വൈദ്യുതോൽപാദന ശേഷം പുറന്തള്ളുന്ന വെള്ളം പുഴയിലെത്താതിരിക്കുന്നതും  ജലനിരപ്പു താഴ്ത്തി.

അറ്റകുറ്റപ്പണികൾക്കു ശേഷം വൈദ്യുതോൽപാദന കേന്ദ്രത്തിന്റെ ടണലുകൾ കാലിയാക്കിയുള്ള പരിശോധനയും പെൻസ്റ്റോക്ക് നിറയ്ക്കലും ഇന്നലെ പൂർത്തിയാക്കി. രാത്രിയോടെ വൈദ്യുതോൽപാദനവും പുനരാരംഭിച്ചേക്കും. പെരിങ്ങൽക്കുത്ത് ജലസംഭരണിയുടെ പരമാവധി ശേഷി 424 മീറ്ററാണ്. ഇതിൽ 415 മീറ്റർ ജലമാണ് ഇപ്പോൾ സംഭരിച്ചിട്ടുള്ളത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EARTH N COLORS
SHOW MORE
FROM ONMANORAMA