പീച്ചി,ചിമ്മിനി ഡാമുകളിൽ ദിനം പ്രതി ജലനിരപ്പ് താഴോട്ട്; ആശങ്കയോടെ ജനങ്ങൾ!

Peechi Dam
ജലനിരപ്പ് ദിനംപ്രതി താഴുന്ന പീച്ചി ഡാം. ജൂലൈയിൽ വെള്ളം നിറയേണ്ട സ്ഥലത്തുനിന്ന് എടുത്ത ദൃശ്യം.
SHARE

ചരിത്രത്തിനു വിപരീതമായി തൃശൂർ പീച്ചി ഡാമിൽ ജൂലൈ മാസത്തിൽ ജലനിരപ്പ് ദിനം പ്രതി കുറയുന്നു. കഴിഞ്ഞ 10 വർഷത്തെ കണക്കു പരിശോധിച്ചപ്പോഴും ഇങ്ങനെ വെള്ളം താഴുന്ന അവസ്ഥ ഉണ്ടായിട്ടില്ല. സാധാരണ മഴക്കാലത്തു 2 സെന്റിമീറ്റർ വീതം ജലനിരപ്പ് കൂടുന്നതിനു പകരം ഇത്തവണ കുറയുന്നതാണ് ആശങ്കപ്പെടുത്തുന്നത്. ഇന്നലെ 66.48 മീറ്ററാണ് പീച്ചിയിലെ ജലനിരപ്പ് . ഇത് ജൂലൈ 2 നു 66. 50 മീറ്ററായിരുന്നു. 10 വർഷത്തിനിടയിൽ 66.48 മീറ്ററിനേക്കാൾ ജലനിരപ്പ് 2 തവണ താഴെ രേഖപ്പെടുത്തിയെങ്കിലും നിത്യേന ജലനിരപ്പ് കുറഞ്ഞു വരുന്ന അവസ്ഥ ഉണ്ടായിട്ടില്ല. 

ഡാമിലേക്ക് വെള്ളമെത്തുന്നില്ലെങ്കിലും ഡാമിൽ നിന്നു വെള്ളമെടുപ്പ് തുടരുന്നതിനാൽ ഡാം വറ്റിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞവർഷത്തേക്കാൾ അഞ്ചടിയിലേറെ താഴെയാണ് ഇപ്പോൾ ജലനിരപ്പ്. കഴിഞ്ഞ വർഷം ഇതേ ദിവസം 71.58 മീറ്ററും 2017ൽ 67. 1 മീറ്ററും 2016ൽ 70.07 മീറ്ററിലുമായിരുന്നു വെള്ളത്തിന്റെ നിരപ്പ്. 2015ൽ 69.64, 2014ൽ 65.72, 2013 ൽ 71. 7 , 2012 ൽ 66.29, 2011 ൽ 70.7 ( എല്ലാ അളവുകളും മീറ്ററിൽ ) എന്നിങ്ങനെയാണ് ജൂലൈ 3 ന് പീച്ചിയിൽ രേഖപ്പെടുത്തിയിരുന്നത്. അതേ സമയം 2009ൽ 65.58 മീറ്റർ ജലനിരപ്പാണു പീച്ചിയിലുണ്ടായത് എന്നാൽ ആ വർഷവും ജലനിരപ്പ് ശരാശരി 2 സെന്റിമീറ്റർ എന്ന തോതിൽ വർധിക്കുകയാണുണ്ടായത്. സാധാരണ ജലനിരപ്പിൽ കുറവുണ്ടാവുക മുൻ വർഷത്തെ മഴയുടെ അളവ് കുറയുമ്പോഴാണ്. എന്നാൽ പ്രളയമുണ്ടായതിനു ശേഷമുണ്ടായ വർഷത്തിലെ ജലനിരപ്പിന്റെ കുറവാണ് ആശങ്കയ്ക്കു കാരണമാകുന്നത്

നീരൊഴുക്ക് പൂർണമായി നിലച്ചു

canal
ജൂലൈ മാസങ്ങളിൽ ചിമ്മിനി വനത്തിൽ നിന്ന് ഡാം സംഭരണ പ്രദേശത്തേയ്ക്ക് സമൃദ്ധമായി വെള്ളം ഒഴുകാറുള്ള വിറകുതോട്

കൊമ്പഴ, വാണിയമ്പാറ, മാമ്പാറ, കള്ളക്കുന്ന്, ആനവാരി, വള്ളിക്കയം, തെക്കേകുളം, പാലക്കുന്ന് എന്നിങ്ങനെ പീച്ചിയിലെ നീരൊഴുക്ക് സജീവമാക്കുന്ന പ്രദേശങ്ങളെല്ലാം വരണ്ട നിലയിലാണ്.

നിത്യേന നൽകുന്നത്  5.5 കോടി ലീറ്റർ

Peechi

പീച്ചിയിൽ നിന്ന് ജല അതോറിറ്റിക്കു ദിവസേന 5.5 കോടി ലീറ്റർ വെള്ളം ശുദ്ധജല വിതരണത്തിനായി നൽകുന്നുണ്ട്. നിലവിൽ 5 മാസം നൽകാനുള്ള കുടിവെള്ളം പീച്ചിയിലുണ്ട്. എന്നാൽ മഴ കനിഞ്ഞില്ലെങ്കിൽ ജലനിരപ്പ് വീണ്ടും താഴുകയും ശുദ്ധജലവിതരണത്തെ ബാധിക്കുകയും ചെയ്യും. തൃശൂർ കോർപ്പറേഷനും സമീപത്തെ പത്തോളം പഞ്ചായത്തുകളും കുടിവെള്ളത്തിനായും 3000 ഹെക്ടർ കൃഷിഭൂമിയിലെ ജലസേചനത്തിനായും ഒരു മാർഗമേയുള്ളു: അതാണ് പീച്ചി.

ചിമ്മിനിയിൽ എട്ടിലൊന്ന് !

മഴയില്ലാതായതോടെ പുകയുന്നത് ചിമ്മിനി ഡാം ഇറിഗേഷൻ ഓഫിസിലെ അധികൃതരാണ്. ചിമ്മിനിയിലെ ഷട്ടറുകൾ പൂട്ടുകയും മഴ ലഭിക്കാതെ വരികയും ചെയ്തതോടെ കുറുമാലിപ്പുഴയിൽ ജലനിരപ്പ് താഴ്ന്നു. ചിമ്മിനിയിൽ നിന്നു തുറന്നുവിടുന്ന വെള്ളത്തെ ആശ്രയിച്ചു കഴിയുന്ന കൃഷിയിടങ്ങളെല്ലാം പ്രശ്നത്തിലായി. കുറുമാലിപ്പുഴ ചിലയിടങ്ങളിൽ  വറ്റിയ അവസ്ഥയിലും എത്തി.

മഴ സമൃദ്ധമായി പുഴകൾ നിറഞ്ഞൊഴുകേണ്ട ജൂലൈ മാസത്തിൽ ഡാമിൽ നിന്ന് വെള്ളം തുറന്നുവിടാൻ നാട്ടുകാർ ആവശ്യപ്പെടുന്ന അവസ്ഥയിലാണു കാര്യങ്ങൾ. ജൂലൈ മാസത്തിൽ പൊട്ടിച്ചുകളയുന്ന പുഴയിലെ താൽക്കാലിക മൺചിറകളെല്ലാം ഇപ്പോഴും നിലനിർത്തിയിരിക്കുകയാണ്. നാല് ചിറകളിൽ തോട്ടുമുഖത്ത് മാത്രമാണ് ആവശ്യത്തിന് വെള്ളം സംഭരിച്ചുകിടക്കുന്നത്. മറ്റുചിറകളിൽ താരതമ്യേന വെള്ളം കുറവാണ്. 

ഇതോടെ ഡാമിനു തൊട്ടുതാഴെയുള്ള കന്നാറ്റുപാടത്തുനിന്നുപോലും വെള്ളത്തിനായി നാട്ടുകാർ മുറവിളി കൂട്ടുകയാണ്. ഡാം തുറന്ന് കുറുമാലിപ്പുഴയിലൂടെ വെള്ളം തുറന്നുവിട്ട് ജലക്ഷാമത്തിന് പരിഹാരം കാണണമെന്നാണ് ആവശ്യം. ഡാമിൽ സംഭരണ ശേഷിയുടെ മൂന്നിൽ ഒന്ന് വെള്ളമെങ്കിലും സംഭരിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. എന്നാൽ, മഴ ലഭിക്കാതെയായതോടെ കഴിഞ്ഞ ദിവസം അവശേഷിക്കുന്നത് 12.25 ശതമാനം ജലം മാത്രമാണ്. 

Chimmini Dam
ജലനിരപ്പ് കുറഞ്ഞ ചിമ്മിനി ഡാമിന്റെ സംഭരണ പ്രദേശം.

ചിമ്മിനി ഡാം കമ്മിഷൻ ചെയ്തതിനുശേഷം ജൂലൈ മാസത്തിലെ ഏറ്റവും കുറഞ്ഞ ജലനിരപ്പായിരിക്കും ഇത്തവണത്തേതെന്ന് അധികൃതർ പറയുന്നു. ജൂൺ, ജൂലൈ മാസങ്ങളിൽ മുങ്ങികിടക്കാറുള്ള ഡാമിന്റെ പല വൃഷ്ടി പ്രദേശങ്ങളും ഇപ്പോഴും വേനലിലെന്ന പോലെ വരണ്ടുകിടക്കുകയാണ്. ഈ സാഹചര്യത്തിൽ ഡാമിലുള്ള ജലം പുഴയിലൂടെ തുറന്നുവിടുന്നത് പ്രായോഗികമല്ലെന്ന നിലപാടാണ് ജലസേചന അധികൃതരുടേത്. 

ഇതിനിടെ താഴെ ചിറകളിൽ വെള്ളം സംഭരിക്കുന്നതിനായി നിരത്തിവച്ച മണൽചാക്കുകൾ  മീൻപിടിക്കുന്നതിനായി സാമൂഹികവിരുദ്ധർ എടുത്തുമാറ്റുന്നതായും ആരോപണമുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EARTH N COLORS
SHOW MORE
FROM ONMANORAMA