ADVERTISEMENT

ഉപയോഗിക്കുന്നതും അല്ലാത്തതുമായ ഒട്ടേറെ കുഴൽക്കിണറുകളുള്ള ജില്ലയാണു കാസർകോട്. യാതൊരു നിയന്ത്രണവുമില്ലാതെ ഭൂഗർഭ ജലം വ്യാപകമായി ഉപയോഗിക്കുകയും അതേസമയം ആനുപാതികമായി പ്രകൃതിദത്തമായ രീതിയിൽ മഴവെള്ളം ഭൂമിയിലേക്ക് റീചാർജ് ചെയ്യപ്പെടാത്തതുമാണ് ഭൂഗർഭ ജലവിതാനം അപകടകരമാം വിധത്തിൽ താഴ്ന്നു കൊണ്ടിരിക്കുന്നതിന്റെ പ്രധാന കാരണം. ഭൂഗർഭ ജലം കാർഷിക വ്യവസായിക, ഗാർഹിക ആവശ്യങ്ങൾക്കെല്ലാം വൻതോതിലാണ് ജില്ലയിൽ ഉപയോഗിക്കുന്നത്.  കുഴൽക്കിണറുകളും നദീജലവും ഇങ്ങനെ വ്യാപകമായി ചൂഷണം ചെയ്യപ്പെടുന്നു.

സുരങ്കകളുടെ പതനം

Suranka
ബേപ്പ് തലക്കോട്ടെ എ.സുകുമാരൻ നായരുടെ പുരയിടത്തിലെ സുരങ്ക മഴക്കാലം തുടങ്ങിയിട്ടും വറ്റി വരണ്ട നിലയിൽ ചിത്രങ്ങൾ: ജിബിൻ ചെമ്പോല ∙മനോരമ

എല്ലാക്കാലത്തും വെള്ളം കിട്ടിയിരുന്ന സുരങ്കകൾ എന്ന തുരങ്കങ്ങളായിരുന്നു കാസർകോടിന്റെ  ഒരു കാലത്തെ ജല സമൃദ്ധിയുടെ അടയാളങ്ങൾ. എന്നാൽ ഏതാനും വർഷങ്ങളായി ജില്ലയിൽ പലയിടത്തും വ്യാപകമായി സുരങ്കകൾ വറ്റിത്തുടങ്ങി. ഇതൊരു മുന്നറിയിപ്പായിരുന്നു.എന്താണു സംഭവിക്കുന്നതെന്നു മനസിലാവാതെ കർഷകരും നാട്ടുകാരും ദുരിതത്തിലായി. കുടിക്കാനും കാർഷികാവശ്യത്തിനും വെള്ളമില്ലാതായി. യാതൊരു നിയന്ത്രണവുമില്ലാതെ നിർമിച്ച കുഴൽക്കിണറുകളായിരുന്നു സുരങ്കകളുടെ പതനത്തിനു കാരണം.

സുരങ്കകൾ ഇല്ലാതായെങ്കിലും കുഴൽക്കിണറിൽ വെള്ളമുണ്ടല്ലോ എന്ന ആശ്വാസത്തിലായിരുന്നു നാട്ടുകാർ. എന്നാൽ ഇനി ആ ആശ്വാസത്തിനും വകയില്ല. ജില്ലയിൽ ഭൂമിക്കടിയിലെ ഉപയോഗയോഗ്യമായ ജലം തീരുന്നുവെന്നാണ് പുതിയ കണക്കുകൾ.

കേന്ദ്ര ജലശക്തി മന്ത്രാലയത്തിന്റെ കീഴിലുള്ള ഗ്രൗണ്ട് വാട്ടർ എസ്റ്റിമേഷൻ കമ്മിറ്റിയുടെ (ജിഇസി) 2017ലെ റിപ്പോർട്ട് പ്രകാരം കാസർകോട് ബ്ലോക്കിലെ 97.68 % ഭൂഗർഭജലവും ഉപയോഗിച്ചു കഴിഞ്ഞു. 2013ൽ അത് 90.52 ശതമാനമായിരുന്നു. 4 വർഷം കൊണ്ടാണ് ഇത്ര വലിയ ഇടിവ് വെള്ളത്തിന്റെ അളവിലുണ്ടായതെന്നതാണ് സ്ഥിതി ഗുരുതരമാക്കുന്നത്.

കാസർകോട് ജില്ലയിൽ  മഞ്ചേശ്വരം, കാറഡുക്ക, കാഞ്ഞങ്ങാട് എന്നീ ബ്ലോക്കുകൾ സെമി ക്രിട്ടിക്കൽ സാഹചര്യത്തിലാണ്. 83.96 %, 82.03 %, 77.67 % എന്നിങ്ങനെയാണ് ഈ ബ്ലോക്കുകളിലെ ഭൂഗർഭ ജലവിനിയോഗം. നീലേശ്വരം, പരപ്പ ബ്ലോക്കുകൾ മാത്രമാണ് അൽപമെങ്കിലും സുരക്ഷിതം. 69.52 %, 66.97 % എന്നിങ്ങനെയാണ് ഈ മേഖലകളിൽ അവശേഷിക്കുന്ന ജലം. 

പ്രതീക്ഷിച്ച മഴ പെയ്തില്ല, അന്തരീക്ഷത്തിലെ  ചൂട് അസഹ്യം

River
മഴക്കാലമെത്തിയിട്ടും ഷിറിയപ്പുഴയുടെ കൈവഴിയായ അംഗടി മുഗർ പുഴയിൽ വെള്ളം നിറയാത്ത നിലയിൽ.

കഴിഞ്ഞ വർഷം ജൂണിൽ കിട്ടിയതിന്റെ പകുതി പോലും ഇത്തവണ മഴ പെയ്തില്ല. ജൂൺ 1 മുതൽ 30 വരെ കാസർകോട്ട് 520 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്. കഴിഞ്ഞ വർഷം ഇത് 1010 മില്ലീ മീറ്റർ ആയിരുന്നു. അന്തരീക്ഷത്തിലെ താപനില ഇക്കഴിഞ്ഞ ജൂണിൽ 32. കഴിഞ്ഞ വർഷം ജൂണിൽ ഇത് ശരാശരി 28 സെൽഷ്യസ്. 

തൊട്ടടുത്ത സ്ഥങ്ങളിലെ കാലാവസ്ഥയിൽ തന്നെ വലിയ വ്യതിയാനങ്ങൾ. കാസർകോട് നഗരത്തിൽ മഴ പെയ്യുമ്പോൾ 2 കിലോമീറ്റർ അകലെയുള്ള പ്രദേശങ്ങളിൽ ഒരിറ്റു പോലും വീഴാത്ത സ്ഥിതി. അന്തരീക്ഷത്തിൽ കനത്ത ചൂട് വിട്ടുമാറിയിട്ടില്ല. പുറത്ത് മാത്രമല്ല കെട്ടിടത്തിനകത്തുള്ളവരുടെ ദേഹത്തു പോലും വിയർപ്പിൽ കുളിക്കുന്ന നില. തുടക്കത്തിൽ പെയ്ത മഴയിൽ ഉണ്ടായ കുളിർമ ദിവസങ്ങൾക്കകം നഷ്ടമായി.

വരണ്ടുണങ്ങി കൃഷിയിടങ്ങൾ; പടരുന്ന ആശങ്ക

Drought
വെള്ളം ലഭിക്കാത്തതിനെത്തുടർന്നു നെൽക്കൃഷി മുടങ്ങിയ മുളയൂർ കാനത്തൂർ പാടശേഖരം.

കൃഷിയിടങ്ങളിലും കിണറുകളിലും പ്രതീക്ഷിച്ച  മഴ കിട്ടാതായതോടെ ജനം കടുത്ത ആശങ്കയിലാണ്. തെങ്ങിൻതോപ്പുകളിൽ പുതയിട്ടും മറ്റും ഈർപ്പം നിലനിർത്തുകയാണ് കർഷകർ. സുരങ്കകളെ ആശ്രയിച്ചായിരുന്നു ബേപ്പ് തലക്കോട്ടെ എ.സുകുമാരൻ നായരുടെ കൃഷി മുഴുവൻ. കൃഷിയിടത്തോടു ചേർന്ന് മൂന്നു സുരങ്കകളാണ് കാർഷികാവശ്യത്തിനു പണിതത്. ഓരോ സുരങ്കയും വറ്റുമ്പോൾ അടുത്തതു പണിതു. എന്നാൽ ഇപ്പോൾ ഒരു സുരങ്കയിലും വെള്ളമില്ല. 

കമുകു കൃഷി ഇതോടെ നാശത്തിലായി. മുളയൂർ കാനത്തൂർ പാടത്ത് പത്തേക്കറോളം സ്ഥലത്ത് ഇപ്പോഴും കൃഷിയിറക്കിയിട്ടില്ല. തുറന്ന കിണറുകളിലും കുഴൽക്കിണറുകളിലും ആവശ്യമായ ജല നിരപ്പ് ഉയരാത്തത് ഭാവിയിലും കുടിവെള്ള പ്രതിസന്ധി രൂക്ഷമാക്കിയേക്കുമെന്ന സൂചനയാണ് നൽകുന്നത്. കമുകുകളിലും ഇതാണ് സ്ഥിതി. കുടിവെള്ളം, ജലസേചന പ്രതിസന്ധിക്കു പരിഹാരമായി കനത്ത മഴ പെയ്യുമെന്ന പ്രതീക്ഷയിലാണ് ജനം. ഷിറിയപ്പുഴയുടെ കൈവഴിയായ അംഗടി മുഗർ പുഴ അടക്കം പുഴകൾ പലതും ഇപ്പോഴും വറ്റിവരണ്ട നിലയിലാണ്. കർണാടകയിലെ സുള്ള്യയിൽ നിന്ന് ഉത്ഭവിക്കുന്ന പുഴകളുടെ വരൾച്ച അതിർത്തിക്കിരുവശത്തുമുള്ള കർഷകരെ ഭീതിയിലാഴ്ത്തുന്നു.

മൺസൂണിനെ തളർത്തി  ആഗോള പ്രതിഭാസങ്ങൾ

മഴയുടെ ആദ്യമാസം കടന്നുപോകുന്നതു പ്രതീക്ഷയ്‌ക്കൊത്തു നിറഞ്ഞു പെയ്യാതെ. കുറവ് 48 ശതമാനത്തോളമെന്ന് ഇന്ത്യൻ കാലാവസ്‌ഥാ കേന്ദ്രത്തിന്റെ  (ഐഎംഡി) മാസക്കണക്ക്.  കേരളത്തിൽ മഴ എത്തിയതു തന്നെ 8 ദിവസത്തോളം വൈകിയാണ്. വയനാട്ടിലാണ് ഏറ്റവും കുറവ്– 64 ശതമാനം.  തുടക്കസമയത്ത് ചുഴലിക്കാറ്റ് രൂപപ്പെട്ടതാണ് മഴയുടെ താളം തെറ്റിച്ചത്. കേരളത്തിലേക്ക് എത്തിക്കൊണ്ടിരുന്ന മഴമേഘങ്ങളെ ‘വായു’ ചുഴലിക്കാറ്റ് വലിച്ചെടുത്തതോടെ അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ തോതു കുറഞ്ഞു. ന്യൂനമർദങ്ങളും മാറി നിന്നു. എന്നാൽ ബംഗാൾ ഉൾക്കടൽ കടന്നെത്തുന്ന മേഘങ്ങൾ പതിവുപോലെ മുന്നേറിയതോടെ മധ്യപ്രദേശ് വരെ മഴ എത്തുകയും ചെയ്‌തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com