കൂറ്റൻ തിമിംഗലത്തിന്‍റെ വായിൽ അബദ്ധത്തിൽ അകപ്പെട്ട സീല്‍; അപൂർവ ചിത്രങ്ങൾ!

 Sea Lion Ended Up in a Whale's Mouth
SHARE

തിമിംഗലങ്ങൾ സീലുകളെ തിന്നാറുണ്ടോ? സാധാരണ ഗതിയില്‍ ഇല്ല, എന്നാല്‍ ചേസ് ഡക്കര്‍ എന്ന ഫൊട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രത്തിലെ സീല്‍ ഏറ്റവും മോശം സമയത്ത് ഏറ്റവും മോശമായ സ്ഥലത്തെത്തിയ ജീവിയായിരുന്നു എന്നു കണക്കാക്കാം. കാരണം ചെറുമത്സ്യങ്ങളെയും ക്രില്‍ ഇനത്തില്‍ പെട്ട ചെറുജീവികളെയും മാത്രം ഭക്ഷിക്കുന്ന കൂനന്‍ തിമിംഗലത്തിന്‍റെ വായിലാണ് ഈ സീല്‍ അകപ്പെട്ടത്. തിമിംഗലത്തിന്‍റെ വായിലേക്കു പതിക്കുന്ന സീലിന്‍റെ ചിത്രം ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയാണ്.

കലിഫോര്‍ണിയയുടെ തീരത്ത് തിമിംഗലങ്ങളുടെ വിഹാര കേന്ദ്രമായ മൊണ്ടേറേ ബേയില്‍ നിന്നാണ് ചേസ് ഡെക്കറിന് ഈ അപൂര്‍വ ചിത്രം ലഭിച്ചത്. തിമിംഗലങ്ങളെ കാണുകയെന്ന ഉദ്ദേശത്തില്‍ മാത്രം പുറപ്പെട്ട ഒരു അമച്വര്‍ ഫൊട്ടോഗ്രാഫറായിരുന്നു ചേസ് ഡെക്കര്‍. മത്സ്യങ്ങളെ വേട്ടയാടുക എന്ന ഉദ്ദേശത്തോടെ മറ്റൊരു ദിശയില്‍നിന്നു പുറപ്പെട്ടവയാണ് ഒരു കൂട്ടം സീലുകൾ. ഇരുകൂട്ടരും ചെന്നെത്തിയത് മത്സ്യങ്ങളെ ഭക്ഷിക്കുന്ന തിരക്കിലായിരുന്ന കൂനന്‍ തിമിംഗലങ്ങളുടെ നടുവിലേക്കാണ്.

തിമിംഗലങ്ങളുടെ നടുവില്‍പെട്ട സീലുകള്‍

ശരാശരി 15 മീറ്റര്‍ വരെ വലുപ്പം വരുന്ന കൂനന്‍ തിമിംഗലങ്ങളുടെ ഇടയിലേക്കു ചെന്ന സീലുകളും ചേസ് ഡെക്കറും വ്യത്യസ്ത മാനസികാവസ്ഥയിലായിരുന്നു എന്നു മാത്രം. കൂട്ടത്തോടെ തിമിംഗലങ്ങളെ കണ്ട ഡക്കറും സഹ ഫൊട്ടോഗ്രാഫര്‍മാരും ഫൊട്ടോ പകർത്താനുള്ള തിരക്കിലായപ്പോള്‍ തിമിംഗലങ്ങളുടെ വായില്‍ പെടാതെ എങ്ങനെ രക്ഷപ്പെടാമെന്ന തത്രപ്പാടിലായിരുന്നു സീലുകള്‍. ഇതിനിടയിലാണ് ഒരു കൂനന്‍ തിമിംഗലത്തിന്‍റെ വായിലേക്ക് സീലുകളിലൊന്ന് അകപ്പെട്ടത്.

ചെറുമീനുകളെ വായിലൊതുക്കാനായി ഉയര്‍ന്നു പൊങ്ങിയ തിമിംഗലത്തിന്‍റെ മുന്നിലേക്ക് സീല്‍ വന്നു ചാടുകയായിരുന്നു. ഏതാണ്ട് 250 കിലോഗ്രാം വരെ ഭാരം വരുമെങ്കിലും തിമിംഗലം ഉയര്‍ത്തിയ തിരമാലയുടെ തള്ളലില്‍ പെട്ട് സീലും ആകാശത്തേക്കുയര്‍ന്നു. തിമിംഗലം വാ തുറന്ന് അടയ്ക്കും മുന്‍പ് സീലും അതിനുള്ളില്‍പെട്ടു. ഇതിനിടയിലാണ് കൃത്യസമയത്ത് ഈ ദൃശ്യം ഡെക്കറിന്‍റെ കണ്ണിലുടക്കിയത്. ക്യാമറ ഉയര്‍ത്തി തുടരെ ക്ലിക്ക് ചെയ്യുക മാത്രമാണ് താന്‍ ചെയ്തതെന്ന് ഡെക്കര്‍ തുറന്നു പറയുന്നു. ആ സമയത്ത് ഏത് ചിത്രം കിട്ടുമെന്നു പോലും തനിക്കറിയില്ലായിരുന്നു എന്ന് ഡെക്കര്‍ സമ്മതിക്കുന്നു. 

പിന്നീട് ക്യാമറ പരിശോധിച്ചപ്പോഴാണ് തിമിംഗലത്തിന്‍റെ വായുടെ തുമ്പിലിരിക്കുന്ന സീലിന്‍റെ ചിത്രം കണ്ടെത്തുന്നത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ ചിത്രമെന്നാണ് ഇതിനെ പല ഫൊട്ടോഗ്രാഫര്‍മാരും വിശേഷിപ്പിച്ചത്. കാരണം പൊതുവെ സീലുകളും തിമിംഗലങ്ങളും തമ്മില്‍ ഒരേ സ്ഥലത്ത് കണ്ടുമുട്ടുകയോ വേട്ടയാടുകയോ ചെയ്താലും സീലുകള്‍ക്ക് അങ്ങനെ അപകടം പിണയാറില്ല. പ്രത്യേകിച്ച തിമിംഗലങ്ങള്‍ സീലുകളെ ഭക്ഷിക്കാത്ത സാഹചര്യത്തില്‍.

അതേസമയം തിമിംഗലത്തിന്‍റെ വായില്‍ കുടുങ്ങിയ സീലിന് എന്തു സംഭവിച്ചു എന്ന കാര്യത്തില്‍ വ്യക്തതയില്ല. 90 ശതമാനവും ഈ സീല്‍ രക്ഷപെട്ടു കാണുമെന്നാണ് ഡെക്കറിന്‍റെ പ്രതീക്ഷ. കാരണം കൂനന്‍തിമിംഗലങ്ങള്‍ വായിലുള്ള അരിപ്പ ഉപയോഗിച്ചാണ് ഭക്ഷണം കഴിക്കുന്നത്. ഈ അരിപ്പയില്‍ കുടുങ്ങുന്ന എന്തിനെയും തിമിംഗലങ്ങൾ പുറത്തുകളയുകയാണ് പതിവ്. എന്നാല്‍ തിമിംഗലത്തിന്‍റെ ബലിഷ്ഠമായ വായ്ക്കുള്ളില്‍ അകപ്പെട്ട സീലിന് സാരമായ പരിക്ക് പറ്റിയിരിക്കാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EARTH N COLORS
SHOW MORE
FROM ONMANORAMA