നിലം നികത്തലിന്റെ കാലത്ത് കുളങ്ങള്‍ വീണ്ടെടുക്കുന്ന ഒരു ഗ്രാമം !

Pond
SHARE

പച്ചപുതച്ച വയലിന്റെ ഓരം ചേര്‍ന്ന്, നാട്ടുവഴിക്കരികെ പളുങ്കു പോലെ തിളങ്ങുന്ന വെള്ളമുള്ള കുളം. അതില്‍ പ്രായഭേദമന്യേ നീന്തിത്തുടിക്കുന്ന കുട്ടികളും മുതിര്‍ന്നവരും. കരയ്ക്ക് സൊറ പറഞ്ഞിരിക്കുന്ന ചെറുകൂട്ടങ്ങള്‍.പോയ കാലത്തെ ഗൃഹാതുരമായ ഓരോര്‍മചിത്രം പങ്കുവയ്ക്കുകയാണെന്ന് തോന്നുന്നുണ്ടോ? അല്ല, ഈ കാലത്തെ കഥ തന്നെയാണ്. കോഴിക്കോട് നഗരത്തില്‍ നിന്ന് പത്ത് മുപ്പത് കിലോമീറ്റര്‍ ദൂരത്തുള്ള ചേന്ദമംഗല്ലൂര്‍ ഗ്രാമത്തിന്റെ ഇന്നത്തെ ചിത്രം.

വയല്‍ നികത്തി കെട്ടിടങ്ങളും തോട് നികത്തി ഷോപ്പിങ് മാളുകളും പണിയുന്ന ഇക്കാലത്ത്, ഒരു ഗ്രാമം കുളങ്ങള്‍ വീണ്ടെടുക്കുന്നതിന്റെ, പരിസ്ഥിതി സംരക്ഷണത്തിന് മാതൃകയാവുന്നതിന്റെ ഉത്തമ ഉദാഹരണമാണ് ചേന്ദമംഗല്ലൂര്‍. കഴിഞ്ഞ കുറച്ചു കാലത്തിനിടെ ഇവിടെ നിര്‍മിക്കപ്പെട്ടത് രണ്ട് പൊതു കുളങ്ങളാണ്. ഏതെങ്കിലും സര്‍ക്കാര്‍ ഫണ്ടിന്റെയോ ജലസംരക്ഷണ യോജനകളുടെയോ ചെലവഴിക്കല്‍ യ‍ജ്ഞമല്ല. 

പരിസ്ഥിതി സ്നേഹികളുടെ നേതൃത്വത്തില്‍, നാട്ടുകാരുടെ സഹകരണത്തോടെ നാടിനു വേണ്ടി നിര്‍മിച്ച കുളങ്ങള്‍. ഇന്നവിടെ ഒഴിവുദിനങ്ങളില്‍ സമീപഗ്രാമങ്ങളില്‍ നിന്നും സന്ദര്‍ശകരെത്തുന്നു, കുട്ടികള്‍ നീന്തല്‍ പഠിക്കുന്നു. നാടിന്റെ പരിസ്ഥിതിസംരക്ഷണ ചിന്തകള്‍ക്ക് പുതുജീവന്‍ കൈവന്നിരിക്കുന്നു. നാലോ അഞ്ചോ വര്‍ഷത്തിനപ്പുറം കേരളത്തിലെ ഗ്രാമങ്ങളിലെ ഭൂഗര്‍ഭജലനിരക്കിന്റെ കണക്കെടുത്താല്‍,ചേന്ദമംഗല്ലൂരിന്റേത് മുന്‍കാലങ്ങളേക്കാള്‍ ഉയര്‍ന്നു നില്‍ക്കുകയോ ചുരുങ്ങിയത് അതേ അളവില്‍ പരിപാലിക്കപ്പെടുകയെങ്കിലും ചെയ്യുന്നുമെന്ന് ഈ ശ്രമങ്ങള്‍ ഉറപ്പുവരുത്തുന്നു.

Chennamangalloor-Kadambally-pond

ഗ്രാമത്തെ തൊട്ടുതഴുകിയൊഴുകുന്ന ഇരുവഴിഞ്ഞിപ്പുഴ നേരിട്ട ദുരന്തം തന്നെയാണ് ചേന്ദമംഗല്ലൂര്‍കാരെ ഇങ്ങനെ ചിന്തിപ്പിക്കാനുള്ള ഒരു കാരണം. അനിയന്ത്രിതവും അശാസ്ത്രീയവുമായ മണൽവാരലും മാലിന്യങ്ങളുടെ നിക്ഷേപവുമെല്ലാം ചേർന്ന് ഇരുവഴിഞ്ഞിപ്പുഴയെ നശിപ്പിച്ചു. കാലക്രമേണ പുഴയുടെ  സ്വാഭാവികത നഷ്ടപ്പെട്ട് കെട്ടിക്കിടക്കുന്ന മാലിന്യ കൂമ്പാരമായി മാറി. അഴുക്ക് പാട കെട്ടിക്കിടക്കുന്ന, ഒഴുക്കില്ലാത്ത പുഴയില്‍ കുളിയും നീന്തലും അപൂര്‍വമായി. വൈകുന്നേരങ്ങളിലെ ഒത്തുകൂടല്‍ വേദിയായിരുന്ന പുഴയോരം തന്നെ അപ്രത്യക്ഷമായി.

ഇങ്ങനെയൊക്കെയുള്ള പൊള്ളുന്ന ചിത്രങ്ങളുടെ പശ്ചാത്തലത്തിലാണ് "പണ്ടത്തെ കാലമായിരുന്നു മോനേ കാലം" എന്ന സ്ഥിരം ഗൃഹാതുര അയവിറക്കലുകള്‍ മാറ്റിവച്ച്, ആ കാലത്തെ നല്ല ചിത്രങ്ങള്‍ വീണ്ടെടുക്കാന്‍ ഗ്രാമത്തിലെ നിസ്വാര്‍ത്ഥരായ ചില മനുഷ്യര്‍ ഇറങ്ങിയത്. പരിസ്ഥിതി മുന്നേറ്റ കൂട്ടായ്മകളും ആലോചനകളുമുണ്ടായി. മുര്‍ഷിദ് കീരന്‍തൊടിക, നാസിറുദ്ദീന്‍ ചേന്ദമംഗല്ലൂര്‍ എന്നീ രണ്ടു നാട്ടുകാരുടെ നേതൃത്വത്തില്‍ ഒരുങ്ങിയിറങ്ങിയപ്പോള്‍, അങ്ങാടിയില്‍ നിന്ന് നടന്നെത്താവുന്ന ദൂരത്തില്‍ ഗ്രാമത്തിനു മുഴുവന്‍ ഉപകാരപ്രദമാവുന്ന വിധം രണ്ട് കുളങ്ങള്‍ ജന്മം കൊണ്ടു.

പണ്ട് ചെറുകുളമായി തന്നെ നിലകൊണ്ടിരുന്നതാണ് കടാമ്പള്ളി കുളം. മഴക്കാലത്ത് സജീവമായും വേനലില്‍ ചെറുതായും നിന്നിരുന്ന കുളം കാലക്രമേണ തനിച്ചായിത്തുടങ്ങി. അവനവന്റെ കിണറ്റിന്‍ കരയിലേക്കും വീടകത്തിലേക്കും ഒതുങ്ങിയതോടെ എല്ലാവരുടേതുമായൊരു കുളം എന്നത് മെല്ലെ മറവിയിലാഴ്ന്നു തുടങ്ങി . എന്നാല്‍, കുട്ടിക്കാലം തൊട്ടേ കളിച്ചും കുളിച്ചും വളര്‍ന്ന കുളം, കൂടുതല്‍ പേര്‍ക്ക് ഉപകാരപ്രദമാവുന്ന വിധം വിപുലമായി നവീകരിച്ചെടുക്കണമെന്നത് സമീപവാസി കൂടിയായ മുര്‍ഷിദ് കീരന്‍തൊടിയുടെ വലിയ മോഹങ്ങളിലൊന്നായിരുന്നു. അങ്ങനെ രണ്ടു വര്‍ഷം മുന്‍പേ പ്രവാസത്തിനിടെയുള്ള അവധിക്കാലങ്ങളിലൊന്നില്‍ ഈ ആഗ്രഹം സാക്ഷാത്കരിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടു. ചെറിയൊരു ഉറവയില്‍ നിന്നൊഴുകിത്തുടങ്ങുന്ന കുളത്തിന്റെ ആഴം കൂട്ടി. കല്‍പടവുകള്‍ പണിതു. ചിത്രകാരന്റെ ഭാവനയിലുള്ളതു പോലെ, സ്ഥടികസമാനമായ ജലമുള്ള ഒരു കൊച്ചുകുളം ജന്മം കൊള്ളുകയായിരുന്നു.

"അവധിക്ക് നാട്ടില്‍ വന്നാല്‍ വയലിലൂടെ നടന്ന് ആ കുളക്കരയില്‍ ചെന്ന് നില്‍ക്കുന്നതു പതിവായിരുന്നു. അതൊക്കെയും അത്രമേല്‍ പ്രിയപ്പെട്ട ഓര്‍മകളാണ്. കുളം നന്നാക്കിയെടുക്കണമെന്നത് കുറേ വര്‍ഷങ്ങളായുള്ള ആഗ്രഹമായിരുന്നു. പക്ഷേ പല കാരണങ്ങളാല്‍ നടന്നില്ല. രണ്ടു വര്‍ഷം മുന്നേയുള്ള അവധിക്കാലത്ത് എല്ലാം ഒത്തുവന്നു. സ്ഥലത്തിന്റെ ഉടമസ്ഥര്‍ കുളത്തിന്റെ നവീകരണത്തിനായി സ്ഥലം സൗജന്യമായി വിട്ടുനല്‍കി. അപ്പോള്‍ തന്നെ ജെസിബി വിളിച്ചു, കുളത്തിന്റെ ആകൃതിയൊരുക്കി. പിന്നീടെല്ലാം പടിപടിയായി നടന്നു"-  മുര്‍ഷിദ് പറയുന്നു. ഇന്ന് സമീപവാസികള്‍ അലക്കാനും കുളിക്കാനും കുളത്തിലെത്തുന്നു. ഒഴിവുദിനങ്ങളില്‍ നീന്തലും കളികളുമായി സ്കൂള്‍ കുട്ടികള്‍ നിറയുന്നു. 

Chennamangalloor-pond

ചേന്ദമംഗല്ലൂര്‍ ഗ്രാമത്തില്‍ നിന്ന് മുക്കത്തേക്കുള്ള റോഡരികിലാണ് രണ്ടാമത്തെ കുളം. ഏകദേശം എണ്‍പത് അടി വീതിയും പതിനഞ്ചടി താഴ്ചയും ഒന്നരയേക്കര്‍ വയലില്‍ നിറഞ്ഞു നില്‍ക്കുന്ന ഒന്നൊന്നര കുളം. നാട്ടിലെ പരിസ്ഥിതി മുന്നേറ്റത്തിന്റെ ഭാഗമായി ഉരുത്തിരിഞ്ഞ ആശയത്തില്‍ നിന്നാണ് ഈ പുതിയ കുളത്തിന്റെ പിറവി. കൂട്ടായ്മയുടെ, നാടിന്റെ തന്നെ ശ്രമഫലം.

"ഉമ്മയുടെ പേരില്‍ വയലില്‍ സ്ഥലം കിട്ടിയപ്പോഴാണ് കുളമെന്ന ചിരകാലസ്വപ്നം വീട്ടിലവതരിപ്പിച്ചത്. പഴയ കുളങ്ങളുടെ ഗൃഹാതുര ഓർമകളും എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരാശയമെന്നതും സമ്മതം മൂളാൻ എല്ലാവരേയും പ്രേരിപ്പിച്ചു.  2017 ലെ വേനൽ ചൂടിന്റെ അവസാന ഘട്ടത്തിൽ പണി തുടങ്ങി. ഏകദേശം മുക്കാൽ മീറ്ററിൽ കുഴിച്ചപ്പോഴേക്കും വെള്ളത്തിന്റെ ഉറവകൾ വന്ന് തുടങ്ങി. കടുത്ത വേനലിലും ഇത്രയെളുപ്പത്തിൽ വെള്ളം കണ്ടത് അവേശം കൂട്ടി. പക്ഷേ ഹിറ്റാച്ചി കിട്ടാത്തതിനാലും മഴക്കാലം അടുത്തതിനാലും പണി പെട്ടെന്ന് നിർത്തിവെക്കേണ്ടി വന്നു. മഴക്കാലത്ത് പാടത്ത് ഇത്തരം ജോലി നടക്കില്ലായിരുന്നു. പിന്നീട് ഡിസംബറിലാരംഭിച്ച പണി 2018 ലെ പ്രളയത്തിലും നിർത്തിവെക്കേണ്ടി വന്നു. പിന്നീട് ഈ വര്‍ഷത്തെ വേനലിൽ നേരത്തേ തന്നെ ജോലികൾ തുടങ്ങി. കാര്യമായ പണികൾ മെയ് മാസത്തോടെ തീർന്നു. അവസാന മിനുക്കു പണികൾ ജൂണ്‍ മാസത്തില്‍ പെരുന്നാളിന്റെ തലേ ദിവസത്തോടെയും" -  നാസിറുദ്ദീന്‍ ചേന്ദമംഗല്ലൂര്‍ പറയുന്നു. നാട്ടിലെ പരിസ്ഥിതി സംരക്ഷണ കൂട്ടായ്മയുടെയും തൊഴിലാളികളുടെയും തുടര്‍ശ്രമങ്ങളോടൊപ്പം മുനിസിപ്പാലിറ്റിയുടെയും കൃഷി-ജിയോളജി വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെയും പിന്തുണ കൂടിയായപ്പോള്‍, പ്രതീക്ഷിച്ചതിനേക്കാള്‍ മികവോടെ കുളം യാഥാര്‍ഥ്യമായി.

വിനോദവും ഗൃഹാതുരതയും മാത്രമല്ല, അല്‍പം കാര്യവുമുണ്ട് ഈ ശ്രമത്തില്‍ - കുട്ടികള്‍ക്കായുള്ള സൗജന്യ നീന്തല്‍ പരിശീലനം. പുഴ മലിനമായതോടെ  നിത്യജീവിതത്തില്‍ നിന്നകന്ന നീന്തല്‍ പാഠങ്ങള്‍ പുതുതലമുറയ്ക്ക് വീണ്ടും പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. ഇരുവഴിഞ്ഞിപ്പുഴയില്‍ വെള്ളം നിറഞ്ഞാല്‍ ആദ്യം വെള്ളം കയറുന്ന ഗ്രാമങ്ങളിലൊന്നാണ് ചേന്ദമംഗല്ലൂര്‍. തുടര്‍പ്രളയങ്ങളുടെ കാലത്ത് അങ്ങനെയൊരിടത്ത് നീന്തല്‍ പാഠങ്ങള്‍ക്ക് പ്രാധാന്യമേറുന്നുമുണ്ട്. വിദഗ്ധ പരിശീലകന്റെ മേല്‍നോട്ടത്തിലാണ് നീന്തല്‍ പാഠങ്ങള്‍.

"രണ്ട് മൂന്ന് വർഷങ്ങളായി എന്നും അതിരാവിലെ തൊട്ട് ഇരുട്ടുന്നതു വരെ പാടത്തായിരുന്നത്, എന്താണ് ഒരാവാസ വ്യവസ്ഥയിൽ വയലിന്റെ സ്ഥാനമെന്നത് മനസ്സിലാക്കാൻ സഹായിച്ചു. നാല് ടിപ്പർ ലോറിയുണ്ടെങ്കിൽ ഒരേക്കർ നിലം നികത്താൻ മണിക്കൂറുകൾ മതി. പക്ഷേ അത് തിരിച്ചു വയലാക്കാൻ വർഷങ്ങളുടെ പരിശ്രമവും ഭീമമായ ചിലവും ആവശ്യമായി വരും" - കുളം നിര്‍മാണ യാത്രയെ നാസിറുദ്ദീന്‍ ഉപസംഹരിക്കുന്നതിങ്ങനെയാണ്.

ഏറ്റവും പുതിയ കണക്കുകളനുസരിച്ച് ഇന്ത്യയിലെ ഭൂഗര്‍ഭ ജലനിരക്ക് അതിഭീകരമായി താഴ്ന്നുകൊണ്ടിരിക്കുകയാണ്. അടുത്ത വര്‍ഷത്തോടെ ബാംഗ്ലൂര്‍, ഡല്‍‍ഹി, ചെന്നൈ തുടങ്ങിയ നഗരങ്ങളില്‍ ഭൂഗര്‍ഭജലത്തിന്റെ ലഭ്യതയില്ലാതാവും. 2030 ഓടെ ജനസംഖ്യയുടെ നാല്‍പ്പത് ശതമാനത്തിനു കുടിവെള്ളമുണ്ടാവില്ല.  മെട്രോ നഗരങ്ങളില്‍ മാത്രമല്ല, നമ്മുടെയൊക്കെ ഗ്രാമങ്ങളിലും അത് ബാധിച്ചു തുടങ്ങിയിട്ടുണ്ട്.

പ്രളയവും കഴിഞ്ഞ് മാസങ്ങള്‍ പിന്നിടുമ്പോഴേക്കും വറ്റിവരളുന്ന കിണറുകള്‍ അതിന്റെ സാക്ഷ്യമാണ്. കുടിവെള്ളത്തിനായി ടാങ്കറുകളും റേഷനും കാത്തിരിക്കേണ്ടി വരുന്ന കാലം വിദൂരമല്ലെന്ന വാര്‍ത്തകളുടെ കാലത്ത്, ചേന്ദമംഗല്ലൂര്‍ ഗൃഹാതുരതയുടെ കുളിര്‍മ മാത്രമല്ല പകരുന്നത് ഓര്‍മപ്പെടുത്തല്‍ കൂടിയാണ്. ഒരുമിച്ചുള്ള ശ്രമങ്ങള്‍ക്കും കൂട്ടായ്മകള്‍ക്കും നാളെയുടെ ചിത്രം മാറ്റിവരയ്ക്കാനാവുമെന്ന ഓര്‍മപ്പെടുത്തല്‍. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EARTH N COLORS
SHOW MORE
FROM ONMANORAMA