2 മാസത്തിനുള്ളില്‍ കൊല്ലപ്പെട്ടത് 8 തിമിംഗലങ്ങൾ; നോര്‍ത്ത് അറ്റ്ലാന്‍റിക് റൈറ്റ് തിമിംഗലങ്ങള്‍ക്കു സംഭവിക്കുന്നതെന്ത്?

North Atlantic Right Whale
Image Credit: NOAA
SHARE

നോര്‍ത്ത് അറ്റ്ലാന്‍റിക് റൈറ്റ് വിഭാഗത്തില്‍ പെടുന്ന 400 തിമിംഗലങ്ങളാണ് ഇന്ന് ലോകത്ത് അവശേഷിക്കുന്നത്. ഇവയുടെ 2 ശതമാനം അതായത് 8 തിമിംഗലങ്ങളാണ് കഴിഞ്ഞ രണ്ട് മാസത്തിനുള്ളില്‍ മരണപ്പെട്ടതായി കണ്ടെത്തിയത്. കാനഡയിലെ സെന്‍റ് ലോറന്‍സ് തീരപ്രദേശത്ത് ഒരു നിരീക്ഷണ വിമാനം തിമിംഗലങ്ങളിലൊന്നിന്‍റെ ജഢം കണ്ടെത്തിയതോടെയാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത്. തുകല്‍ മുഴുവന്‍ ചീന്തിയെടുത്ത നിലയിലായിരുന്നു തിമിംഗലത്തിന്‍റെ ജഢം കാണപ്പെട്ടത്. പിറ്റേന്നു തന്നെ 18 വയസ്സുള്ള ഒരു തിമിംഗലത്തെയും കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.

ഇതോടെയാണ് നോർതേണ്‍ അറ്റ്ലാന്‍റിക് റൈറ്റ് തിമിംഗലങ്ങളില്‍ 8 എണ്ണം കഴിഞ്ഞ രണ്ട് മാസത്തിനിടെ മരണപ്പെട്ടതായി ഗവേഷകര്‍ തിരിച്ചറിഞ്ഞത്. മുന്‍പേ തന്നെ രാജ്യാന്തര ഉടമ്പടികള്‍ അനുസരിച്ചും കനേഡിയന്‍ നിയമങ്ങള്‍ അനുസരിച്ചും സംരക്ഷിത വിഭാഗത്തിൽ പെട്ടവയാണ് ഈ തിമിംഗലങ്ങള്‍. അതുകൊണ്ടു തന്നെ ഇവയ്ക്ക് നേരിട്ട ഈ ദുരന്തം ശാസ്ത്രലോകത്തെയും പരിസ്ഥിതി ലോകത്തെയും ഒരു പോലെ ഞെട്ടിക്കുന്നതായിരുന്നു.

അറ്റ്ലാന്‍റിക് റൈറ്റ് തിമിംഗലങ്ങള്‍ക്ക് സംഭവിക്കുന്നതെന്ത് ?

വംശനാശത്തിന്‍റെ വക്കോളം എത്തിയശേഷം ഇപ്പോള്‍ തിരിച്ചു വരവിന്‍റെ പാതയിലേക്ക് കാലെടുത്തു വച്ചവയാണ് ഈ തിമിംഗലങ്ങള്‍. ഇതിനിടയിലാണ് തിരിച്ചടിയായി എട്ട് തിമിംഗലങ്ങളുടെ മരണ വാര്‍ത്ത രണ്ട് മാസത്തിനിടെ പുറത്തു വരുന്നത്. പല കാരണങ്ങളാലാണ് ഈ തിമിംഗലങ്ങള്‍ കൊല്ലപ്പെട്ടത്. ഒന്നിന്‍റെ പോലും സ്വാഭാവിക മരണമാണെന്ന് ഗവേഷകര്‍ കരുതുന്നില്ല. എല്ലാ തിമിംഗലങ്ങളുടെയും ശരീരം മുഴുവനായി പരിശോധിക്കാന്‍ സാധിച്ചിട്ടില്ലെങ്കിലും എല്ലാ തിമിംഗലങ്ങളിലും തന്നെ പരുക്കിന്‍റെ ലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു. അതിനാലാണ് ഒന്നിന്‍റെയും സ്വാഭാവിക മരണമല്ലെന്ന നിഗമനത്തിലെത്തിയത്.

സെന്‍റ് ലോറന്‍സ് തീരത്ത് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ തിമിംഗലത്തിന്‍റെ മരണ കാരണം മത്സ്യബന്ധന വലയില്‍ കുരുങ്ങിയതാണെന്നു തിരിച്ചറിഞ്ഞു. ഇരുമ്പ് വള്ളികളുപയോഗിച്ച് നിര്‍മിച്ച വലയാണ് തിമിംഗലത്തിന്‍റെ മരണത്തിനു കാരണമായത്. തോലുകള്‍ ഉരിഞ്ഞതു പോലെ കാണപ്പെട്ടതുള്‍പ്പടെ 3 തിമിംഗലങ്ങളുടെ മരണം കപ്പലിടിച്ചുണ്ടായതാണെന്നും തെളിഞ്ഞിട്ടുണ്ട്. ആശങ്കപ്പെടുത്തുന്ന മറ്റൊരു വസ്തുത ഇത്തരത്തില്‍ കൊല്ലപ്പെട്ട 8 തിമിംഗലങ്ങളില്‍ 4 എണ്ണവും പെണ്‍ തിമംഗലങ്ങളാണെന്നതാണ്.

അറ്റ്ലാന്‍റിക് റൈറ്റ് തിമിംഗലങ്ങളില്‍ പ്രത്യുൽപാദന ശേഷിയുള്ള പെണ്‍തിമിംഗലങ്ങള്‍ ഇനി 100 ല്‍ താഴെ മാത്രമാണ് ശേഷിക്കുന്നത്. അത് കൊണ്ട് തന്നെ ഓരോ അറ്റ്ലാന്‍റിക് റൈറ്റ് പെണ്‍ തിമിംഗലത്തിന്‍റെയും ജീവന്‍ ഈ വംശത്തിന്‍റെ നിലനില്‍പ്പിനെ സംബന്ധിച്ച് അമൂല്യമാണ്. 2010 ന് ശേഷം ഈ വംശത്തില്‍ കുട്ടികളുണ്ടാകുന്നതിന്‍റെ അളവില്‍ 40 ശതമാനം വരെ കുറവു വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ പെണ്‍ തിമിംഗലങ്ങളുടെ മരണം കൂടുതല്‍ ആഘാതമാകുമെന്നുറപ്പ്.

ഈ അവസ്ഥയില്‍ മുന്നോട്ടു പോയാല്‍ അറ്റ്ലാന്‍റിക് റൈറ്റ് തിമിംഗലങ്ങളുടെ ഭാവി ഒട്ടും സുരക്ഷിതമല്ലെന്ന് ഗവേഷകനായ ഫിലിപ് ഹാമില്‍ട്ടണ്‍ പറയുന്നു. അടുത്ത 20 വര്‍ഷത്തിനുള്ളില്‍ പ്രത്യുൽപാദന ശേഷിയുള്ള ഒരു പെണ്‍ തിമിംഗലം പോലും ഈ വംശത്തില്‍ അവശേഷിക്കാന്‍ സാധ്യതയില്ലെന്നാണ് ബോസ്റ്റണിലെ ന്യൂ ഇംഗ്ലണ്ട് അക്വേറിയത്തിലെ ശാസ്ത്രജ്ഞനായ ഫിലിപ് ഹാമില്‍ട്ടണിന്‍റെ നിരീക്ഷണം.

തിരിച്ചു വരവിന്‍റെ പാതയില്‍ നിന്ന് വീണ്ടും തകര്‍ച്ചയിലേക്ക്

1935 വരെ ലോകത്ത് ഏറ്റവുമധികം വേട്ടയാടപ്പെട്ടിരുന്ന തിമിംഗല വര്‍ഗങ്ങളില്‍ ഒന്നായിരുന്നു നോര്‍ത്ത് അറ്റ്ലാന്‍റിക് റൈറ്റ് തിമിംഗലങ്ങള്‍. പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ വടക്കന്‍ അറ്റ്ലാന്‍റിക് മേഖലയില്‍ മാത്രം കാണപ്പെടുന്നവയാണ് ഈ തിമിംഗലങ്ങള്‍. അതിനാല്‍ തന്നെ വ്യാപകമായ വേട്ട ഇവയെ വംശനാശത്തിന്‍റെ വക്കിലേക്കു തള്ളിവിട്ടു. ഇവയുടെ ദുരവസ്ഥ തിരിച്ചറിഞ്ഞ കനേഡിയന്‍ അധികൃതര്‍ നടത്തിയ ഫലപ്രദമായ ഇടപെടലാണ് പിന്നീട് ഈ ജീവികളെ തിരികെ കൊണ്ടുവന്നതും ഇതുവരെ സംരക്ഷിച്ച് നിര്‍ത്തിയതും.

എന്നാല്‍ 2010 മുതല്‍ ഈ തിമിംഗലങ്ങളുടെ സ്ഥിതി വീണ്ടും ദയനീയമാകാന്‍ തുടങ്ങി. ആഗോളതാപനം മൂലം ഈ തിമിംഗലങ്ങളുടെ കുടിയേറ്റ രീതിയിലുണ്ടായ വ്യത്യാസം ഇവയുടെ പ്രത്യുൽപാദനത്തെ സാരമായി ബാധിച്ചിരിക്കാമെന്നാണ് ഗവേഷകര്‍ കരുതുന്നത്. കൂടാതെ ഇവയുടെ പുതിയ കുടിയേറ്റ പാത കപ്പല്‍ പാതകളുമായി കൂട്ടിമുട്ടുന്നതും ഈ തിമിംഗലങ്ങളുടെ മരണത്തിലേക്ക് പലപ്പോഴും നയിക്കാറുണ്ട്. കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഉണ്ടായ നോര്‍ത്ത് അറ്റ്ലാന്‍റിക് റൈറ്റ് തിമിംഗലങ്ങളുടെ മരണത്തില്‍ 88 എണ്ണവും കപ്പലുമായി കൂട്ടിമുട്ടിയോ ഇരുമ്പു വലകളില്‍ കുടുങ്ങിയോ ആണെന്നത് ഈ നിരീക്ഷണം ശരിവയ്ക്കുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EARTH N COLORS
SHOW MORE
FROM ONMANORAMA