പാറക്കൂട്ടം നീങ്ങുന്നത് ഓസ്ട്രേലിയയെ ലക്ഷ്യമാക്കി; പ്യൂമിസ് റാഫ്റ്റ് എന്ന അപൂർവ പ്രതിഭാസത്തിനു പിന്നിൽ?

A Massive Raft of Volcanic Rock Is Floating Towards Australia
Image Credit: NASA Earth Observatory/Joshua Stevens
SHARE

പസിഫിക് സമുദ്രത്തിനടിയില്‍ സ്ഥിതി ചെയ്യുന്ന അഗ്നിപര്‍വതസ്ഫോടനത്തിന്‍റെ ഫലമായാണ് ഇതില്‍ നിന്ന് ഉയര്‍ന്നു വന്ന കൂറ്റന്‍ കല്ലുകളും ചാരവുമെല്ലാം ഭൂമിക്കടിയില്‍നിന്ന്  കടലിന്‍റെ അടിത്തട്ടിലേക്കെത്തിയത്. പക്ഷേ സാന്ദ്രത കുറവായതിനാൽ  ഇവ കൂട്ടമായി തന്നെ വെള്ളത്തില്‍ ഒഴുകാന്‍ പാകത്തിന് പൊങ്ങിക്കിടക്കുകയാണ്. 20000 ഫുട്ബോള്‍ മൈതാനത്തിന്‍റെ വലുപ്പമുള്ള ദ്വീപെന്നു തന്നെ  വിശേഷിപ്പിക്കാവുന്ന തക്ക വലുപ്പമുള്ള ഈ പാറക്കൂട്ടം ഇപ്പോള്‍ ഓസ്ട്രേലിയയെ ലക്ഷ്യമാക്കി നീങ്ങുകയാണ്. 

പ്യൂമിസ് റാഫ്റ്റ് എന്നാണ് ഈ പ്രതിഭാസത്തെ വിളിക്കുന്നത്. സാന്ദ്രത കുറഞ്ഞ അഗ്നിപര്‍വത ശിലകള്‍ കടലിനു മുകളിലേക്കെത്തി കൂട്ടത്തോടെ ഒഴുകി നടക്കുന്നതിനെയാണ് പ്യൂമിസ് റാഫ്റ്റ് എന്നു വിളിയ്ക്കുന്നത്. ഈ പ്യൂമിസ് റാഫ്റ്റ് ഓസ്ട്രേലിയയെ ലക്ഷ്യമാക്കി നീങ്ങുന്നു എന്നത് ഒട്ടും ഭീതിപ്പെടുത്തുന്ന വാര്‍ത്തയല്ല. മറിച്ച് സന്തോഷം നല്‍കുന്ന കാര്യമാണ്. കാരണം ഈ അഗ്നിപര്‍വത ശിലകളിലുള്ള ധാതുക്കളും മറ്റും നശിച്ചു കൊണ്ടിരിക്കുന്ന ഗ്രേറ്റ് ബാരിയര്‍റീഫിന് പുതുജീവന്‍ നല്‍കാന്‍ സഹായിച്ചേക്കുമെന്നാണ് കരുതുന്നത്.

പസിഫിക്കിലെ ടോംഗാ ദ്വീപസമൂഹത്തിനു സമീപമാണ് ഈ അഗ്നിപര്‍വത സ്ഫോടനം ഉണ്ടായതെന്നാണു കണക്കാക്കുന്നത്. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ് ഈ ഒഴുകുന്ന അഗ്നിപര്‍വതശിലാ ദ്വീപ് ശാസ്ത്രലോകത്തിന്റെ ശ്രദ്ധയില്‍ പെട്ടത്. സാറ്റ്‌ലെറ്റ് ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് ഇപ്പോള്‍ ഈ ഒഴുകുന്ന ദ്വീപിന്‍റെ സഞ്ചാരം ഗവേഷകര്‍ നിരീക്ഷിക്കുന്നത്. പ്രദേശത്തു കൂടി കടന്നു പോയ ഏതാനും കപ്പലുകളാണ് ഈ അപ്രതീക്ഷിത പാറക്കൂട്ടത്തിന്‍റെ സാന്നിധ്യം ശ്രദ്ധയില്‍ പെടുത്തിയത്. തുടര്‍ന്ന് ഓഗസ്റ്റ് 9 മുതലാണ് ഈ പാറക്കൂട്ടത്തിന്‍റെ നിരീക്ഷണം ആരംഭിച്ചത്.

ചെറിയ ഉരുളന്‍ കല്ലുകള്‍ മുതല്‍ ബാസ്കറ്റ് ബോളിന്‍റെ വരെ വലിപ്പമുള്ള ശിലകളാണ് ഈ കൂട്ടത്തിലുള്ളത്. ഓസ്ട്രേലിയന്‍ അഡ്വെഞ്ചര്‍ കാറ്ററാമന്‍ റോം എന്ന കപ്പലിലെ നാവികരാണ് ഈ ഒഴുകുന്ന ദ്വീപിന്‍റെ തൊടട്ടുത്തു പോയി നിരീക്ഷിച്ചത്. പാറകളുടെ വലുപ്പം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചതും ഇവരില്‍ നിന്നാണ്. കടലിനെ പൂര്‍ണമായി മറച്ച് ഒട്ടിചേര്‍ന്ന വിധത്തിലാണ് ഈ പാറക്കൂട്ടം ഒഴുകുന്നതെന്ന് നാവികര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിക്കുന്നു. 

കടലിനു മുകളില്‍ എന്തോ വിരിച്ചതു പോലെയാണ് ആദ്യം ഈ കാഴ്ച അനുഭവപ്പെട്ടതെന്ന് നാവികര്‍ പറയുന്നു. കപ്പല്‍ സമീപത്ത് കൂടി പോയപ്പോള്‍ ഉണ്ടായ ഓളത്തില്‍ തിരയ്ക്കൊപ്പമാണ് ഈ ശിലകളും അനങ്ങിയത്. പക്ഷേ അപ്പോഴും ഈ കൂട്ടത്തിനിടയില്‍ ഒരു വിള്ളല്‍പോലും ഉണ്ടായില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഈ അപൂര്‍വ പ്രതിഭാസത്തിന്‍റെ ചിത്രങ്ങളും ദൃശ്യങ്ങളും ഇവര്‍ പകര്‍ത്തിയിരുന്നു. ഈ പ്യൂമിസ് മേഖലയിലൂടെ ഇവര്‍ സഞ്ചരിച്ചത് ഏതാണ്ട് 6-8 മണിക്കൂറാണ്. അപ്പോഴൊന്നും സമുദ്രജലം കാണാന്‍ പോലും സാധിച്ചില്ലെന്നും ഇവര്‍ പറയുന്നു.

ഗ്രേറ്റ് ബാരിയര്‍ റീഫ്

പ്യൂമിസ് മേഖലയുടെ ഈ വിസ്തൃതി കപ്പലുകള്‍ക്ക് ഇനിയും ഏതാനും മാസങ്ങള്‍ കൂടി പ്രതിസന്ധി സൃഷ്ടിച്ചേക്കാമെന്നാണ് ഗവേഷകര്‍ കരുതുന്നത്. പക്ഷേ ഗവേഷകരെ ആകര്‍ഷിക്കുന്നത് ഈ പ്യൂമിസ് മേഖലയ്ക്ക് ഗ്രേറ്റ് ബാരിയര്‍ റീഫിന് നല്‍കാന്‍കഴിയുന്ന ഉണര്‍വാണ്. കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ഇത്ര വലുതല്ലെങ്കിലും പല തവണ ചെറിയ പ്യൂമിസ് ശേഖരം ഗ്രേറ്റ് ബാരിയര്‍റീഫിന് സമീപത്തേക്കെത്തിയിരുന്നു. അപ്പോഴെല്ലാം ഗ്രേറ്റ് ബാരിയര്‍ റീഫില്‍ പവിഴപ്പുറ്റുകള്‍ നശിച്ചിരുന്ന മേഖലയിലേക്ക് ഇവ തിരിച്ചു വരാന്‍ ഈ പ്യൂമിസിന്‍റെ സാന്നിധ്യം സഹായിച്ചിട്ടുണ്ട്. ഗ്രേറ്റ് ബാരിയര്‍റീഫ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തില്‍ പുതിയ പ്യൂമിസ് മേഖല തീര്‍ച്ചയായും പവിഴപ്പുറ്റുകളെ വീണ്ടെടുക്കാന്‍ സഹായിക്കുമെന്നാണ് ശാസ്ത്രലോകത്തിന്‍റെ പ്രതീക്ഷ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EARTH N COLORS
SHOW MORE
FROM ONMANORAMA