ADVERTISEMENT

കൊച്ചി നഗരത്തിനടുത്ത് പച്ചത്തുടിപ്പായി അധികമാർക്കും അറിയാതെ ഒരു കുഞ്ഞുവനം. കളമശേരി എച്ച്എംടി കമ്പനിയുടെ വികസനത്തിനായി സർക്കാർ നൽകിയ ഭൂമിയിലാണ് ഏകദേശം 72 ഏക്കറിൽ ഈ വനം സ്ഥിതി ചെയ്യുന്നത്. ഇവിടത്തെ ജൈവവൈവിധ്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കി പ്രകൃതി സ്നേഹികളും പക്ഷിനിരീക്ഷകരും ഇവിടേയ്ക്ക് എത്താൻ തുടങ്ങിയിട്ട് 11 വർഷമേ ആകുന്നുള്ളു. 

‌തണ്ണീർത്തടവും വനവും ഒന്നു ചേർന്ന ഇടമാണെന്നതാണ് ഇതിന്റെ  പ്രാധാന്യം. ഇവിടത്തെ തണ്ണീർത്തടങ്ങൾ മഴക്കാലത്തു ഹൃദയത്തിലിറക്കി സൂക്ഷിക്കുന്ന വെള്ളമാണു കളമശേരി മേഖലയുടെ ശുദ്ധജല സ്രോതസ്. അതുകൊണ്ടു തന്നെ ആസൂത്രിതമായ ഒരു സംരക്ഷണ പദ്ധതി കളമശേരിയിലെ ഈ വനം ആവശ്യപ്പെടുന്നു. എറണാകുളം നഗരത്തിന്റെ അനുഗ്രഹമായ മംഗള വനത്തിലെ പക്ഷി വൈവിധ്യം കുറഞ്ഞതു മുന്നറിയിപ്പായി എടുത്തുവേണം കളമശേരി വനത്തിന്റെ കാര്യത്തിൽ പദ്ധതികൾ ആവിഷ്കരിക്കാൻ.‌

സമീപമേഖലയിലെ കൂറ്റൻ കെട്ടിടങ്ങളുടെ നിർമാണങ്ങളും കായലിലെ മാലിന്യമൊഴുക്കുമാണു മംഗളവനത്തിനു ക്ഷീണമുണ്ടാക്കിയത്. സമാന സാഹചര്യങ്ങൾ കളമശേരിയിലെ വനവും നേരിട്ടുതുടങ്ങുന്നുണ്ട്. പ്രളയങ്ങൾ തുടർക്കഥയാകുമ്പോൾ ഇത്രയും സമൃദ്ധമായ തണ്ണീർത്തടത്തെ പൊന്നുപോലെ നോക്കേണ്ടതു കടമ മാത്രമല്ല, അടിയന്തര ആവശ്യം കൂടിയാണ്.

നാകമോഹൻ പക്ഷി

പക്ഷികളുടെ സ്വർഗം

പാരിസ് പീക്കോക്ക്

‌കേരളത്തിലെ അറിയപ്പെടുന്ന പക്ഷി സങ്കേതമായ തട്ടേക്കാട് 256 തരം പക്ഷികളെയാണു കണ്ടെത്തിയിട്ടുള്ളത്. കളമശേരിയിൽ വനംവകുപ്പിന്റെ സഹകരണത്തോടെ നടത്തിയ സർവേയിൽ കണ്ടെത്തിയത് 175 ഇനം പക്ഷികളെ. ഇതിൽ 43 ദേശാടക പക്ഷികളുണ്ട്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെയാണ് ഈ സർവേ നടത്തിയത്. ‌

10 വർഷത്തിനിടെ മംഗളവനത്തിൽ പുതിയ പക്ഷികളെ കണ്ടെത്തുന്നതു കുറഞ്ഞെങ്കിലും, വംശനാശഭീഷണി നേരിടുന്നതടക്കം ഒട്ടേറെ പുതിയ പക്ഷി അതിഥികൾ കളമശേരിയിൽ വന്നെത്തി. ഇന്ത്യയുടെ തെക്കുകിഴക്കൻ മേഖലയിലും കിഴക്കൻ ഹിമാലയത്തിലും കണ്ടു വരുന്ന കിന്നരി പ്രാപ്പരുന്ത്(black baza) കളമശേരിയിൽ സന്ദർശനം നടത്താറുള്ള പ്രമുഖനാണ്. 12 വർഷം മുൻപു വരെ ഇവിടെ കഴുകന്മാരെ കാണാറുണ്ടായിരുന്നെന്നും പ്രദേശവാസികൾ സാക്ഷ്യപ്പെടുത്തുന്നു. ഇപ്പോൾ അവ അപ്രത്യക്ഷമായി. 

മാലിന്യത്തൊട്ടി

പ്ലാസ്റ്റിക് മാലിന്യം തിന്നുന്ന കളമശേരി വനത്തിലെ അണ്ണാൻ

‌ചാക്കുകളിലും മറ്റും കെട്ടി മാലിന്യം കൊണ്ടുതള്ളുന്ന ഇടമായി ഇവിടം മാറിയിട്ടുണ്ട്. ഹോർമോണുകളും മറ്റും കുത്തിവച്ചിട്ടുള്ള ഇറച്ചിക്കോഴികളുടെ മാലിന്യം ഈ കാട്ടിൽ ജീവിക്കുന്ന ജീവജാലങ്ങളുടെ സ്വാഭാവിക ഭക്ഷണക്രമത്തിന്റെ താളംതെറ്റിക്കുന്നു. ഇത് അവയുടെ ഉള്ളിൽ ചെന്നാൽ ജീവനു തന്നെ ഭീഷണിയാണ്.‌

‌കൂടാതെ കേബിളുകൾ കത്തിച്ചു കോപ്പർ വേർതിരിച്ച് എടുക്കുന്നവരുടെ സ്ഥിരം താവളമായി ഈ കാടകം മാറിയിട്ടുണ്ട്. വൻതോതിൽ കേബിളുകൾ കത്തിക്കുന്നതിന്റെ വിഷപ്പുക വനം മുഴുവൻ പരക്കുകയും കത്തിക്കുന്ന ഇടത്തെ സസ്യജാലങ്ങൾ സ്ഥിരമായി കരിഞ്ഞു കിടക്കുകയും ചെയ്യുന്നു. ദേശാടന പക്ഷികളെ ഇവിടെനിന്ന് അകറ്റുന്നതിന് ഇതു കാരണമാകും. വേനൽക്കാലത്തു പലപ്പോഴും ഇതു ചെറിയ കാട്ടുതീകൾക്കു കാരണമാകാറുണ്ട്.

പച്ചപ്പിൽ അൽപനേരം 

butterfly-kalamassery
ബുദ്ധമയൂരി

‌ജൈവവൈവിധ്യത്തെക്കുറിച്ചു പഠിക്കുന്നവരും പക്ഷിനിരീക്ഷകരുമൊക്കെയാണ് ഇപ്പോൾ പ്രധാനമായും ഇവിടേക്ക് എത്തുന്നത്. എച്ച്എംടി കമ്പനിയുടെ നിയന്ത്രണത്തിലുള്ള ഭൂമിയായതിനാൽ നിയമപരമായി പ്രവേശനമൊന്നും അനുവദിച്ചിട്ടില്ല. എങ്കിലും നഗരത്തിരക്കിൽ നിന്ന് അൽപനേരം സ്വസ്ഥമായി ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർ ഇതുവഴി കയറിയിറങ്ങി പോകുന്നു. സുരക്ഷാ സംവിധാനങ്ങൾ ഒരുക്കി, എല്ലാവർക്കും പ്രവേശനം അനുവദിക്കുന്ന സംരക്ഷിത വനമേഖലയാക്കി ഇവിടം മാറ്റണമെന്നതാണ് പ്രകൃതി സ്നേഹികളുടെ ആവശ്യം. ‌

‌ഔദ്യോഗിക നിയന്ത്രണങ്ങൾ ഇല്ലാത്തതിനാൽ കാടിനകത്തു മദ്യപരുടെ ശല്യം രൂക്ഷമാണ്. സർക്കാർ മുൻകയ്യെടുത്തു  കളമശേരി വനത്തെ ജൈവവൈവിധ്യമേഖലയായി പ്രഖ്യാപിക്കുകയും സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുകയും ചെയ്താൽ മാത്രമേ ഇതിനു ശാശ്വത പരിഹാരമുണ്ടാകു. നഗരവാസികൾക്കു പച്ചപ്പിന്റെ കുടയിൽ ശാന്തമായിരിക്കാൻ ഒരിടമാകുകയും ചെയ്യും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com