ADVERTISEMENT

മണല്‍ നിറഞ്ഞ മരുഭൂമിയിലെ കാലാവസ്ഥയെ മാറ്റിമറിക്കാന്‍ മരങ്ങള്‍ നടുന്നതിലൂടെ സാധിക്കുമെന്നാണ് ജര്‍മനിയിലെ ഒരു സംഘം ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. അനവധി മരങ്ങള്‍ നിറഞ്ഞ തോട്ടങ്ങൾ മരുഭൂമികളിലെ കാറ്റിന്‍റെ ഗതിയെ തന്നെ മാറ്റാന്‍ സഹായിക്കുമെന്നും താപനിലയിൽ വ്യത്യാസം കൊണ്ടുവരുമെന്നും ഇതിലൂടെ ഇവിടെ കൂടുതല്‍ മഴയെത്തിക്കാന്‍ കഴിയുമെന്നുമാണ് ഹോഷന്‍ഹെയ് സര്‍വകലാശാലയില്‍ നടന്ന പഠനങ്ങൾ പറയുന്നത്. വ്യാപകമായ തോതില്‍ ഈ പരീക്ഷണം നടത്തി വിജയിച്ചാല്‍ ഒരു പക്ഷേ ആഗോള താപനം പോലുള്ള പ്രതിസന്ധികള്‍ക്ക് പോലും പരിഹാരം കാണാന്‍ ഈ മാര്‍ഗത്തിലൂടെ കഴിയുമെന്നാണു കരുതുന്നത്.‌

മരുഭൂമിയിലെ വനമേഖലുയുടെയും ഇതുവഴി മഴ പെയ്യിക്കുന്നതിന്‍റേയും സാധ്യതകള്‍ പരിശോധിക്കാന്‍ പ്രായോഗിക പരീക്ഷണം നടത്തിയത് ‌ബ്രാഞ്ച്, വുള്‍ഫ് മേയര്‍ എന്നീ ഗവേഷകരാണ് . ഇസ്രയേലിലേയും ഒമാനിലേയും മരുഭൂമികളാണ് പഠനത്തിനായി തിരഞ്ഞെടുത്തത്. ഈ മേഖലകളില്‍ മരുഭൂമിയിലാണ് ജോജോബാ വൃക്ഷങ്ങളുടെ വലിയ തോട്ടങ്ങളുള്ളത്. വനങ്ങള്‍ എന്നു കേള്‍ക്കുമ്പോള്‍ മനസ്സിലേക്കെത്തും വിധം കൂറ്റന്‍ വലുപ്പമുള്ള വൃക്ഷങ്ങളല്ല ജോജോബാ വൃക്ഷങ്ങള്‍. പക്ഷേ അന്തരീക്ഷത്തില്‍ നിന്ന് കാര്‍ബണ്‍ ഡയോക്സൈഡ് വലിച്ചെടുക്കാനുള്ള ഇവയുടെ ശേഷി വളരെ കൂടുതലാണ്. ‌

‌വലുപ്പം കുറവായതിനാല്‍ തന്നെ ഇവയ്ക്ക് അധികം ജലസ്രോതസ്സ് ആവശ്യമില്ല. ഇക്കാരണം കൊണ്ടുതന്നെ വരണ്ട ചൂടുള്ള മേഖലയ്ക്ക് അനുയോജ്യമാണ് ഈ വൃക്ഷങ്ങള്‍. അതേസമയം തന്നെ കാര്‍ബണ്‍ ഡയോക്സൈഡ് വലിയ തോതില്‍ വലിച്ചെടുക്കാനുള്ള ഇവയുടെ ശേഷി മൂലം ഈ വൃക്ഷങ്ങള്‍ കാലാവസ്ഥാ മാറ്റത്തിനെതിരായ പോരാട്ടത്തില്‍ നിര്‍ണായകവുമാണ്.

‌വൃക്ഷങ്ങള്‍ മഴ പെയ്യിക്കുന്നതെങ്ങനെ?

‌ജോജോബാ തോട്ടങ്ങളിൽ നിരീക്ഷണം നടത്തിയ ഗവേഷകര്‍ കണ്ടെത്തിയ പ്രദേശത്തെ മാറ്റങ്ങളിലൊന്ന് മണ്ണിന്‍റെ നിറമാണ്. ഇതേ മരുപ്രദേശത്തെ മറ്റ് മണ്ണുകളുടെ നിറവുമായി ഈ തോട്ടങ്ങളിലെ മണ്ണുകളുടെ നിറത്തിനു വ്യത്യാസമുണ്ട്. ഇതിന് കാരണം മണ്ണിലേക്ക് അടിക്കുന്ന സൂര്യപ്രകാശത്തിന്‍റെ അളവു കുറവാണെന്നതാണ്. ഇങ്ങനെ ഇരുണ്ട നിറമുള്ള തോട്ടങ്ങളിലെ മണ്ണ് ഈര്‍പ്പം അടങ്ങിയ വായു പുറന്തള്ളുകയും ഈ വായുവിന്‍റെ കനം കാറ്റിന്‍റെ വേഗത മന്ദീഭവിപ്പിക്കുകയും ദിശ തിരിക്കുകയും ചെയ്യുന്നു. ഈ പ്രതിഭാസങ്ങളെല്ലാം പ്രദേശത്ത് മഴ ലഭിക്കാന്‍ കാരണമാകുന്നു. ഇങ്ങനെ ലഭിക്കുന്ന മഴ തോട്ടങ്ങളിലെ മരങ്ങള്‍ക്ക് അതിജീവിക്കാന്‍ പൂർണമായും മതിയാകില്ലെങ്കിലും കൃത്രിമമായി എത്തിക്കേണ്ട ജലത്തിന്‍റെ അളവ് ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കുന്നുണ്ട്.

‌ആഗോളതാപനത്തിനു പരിഹാരമായി മരം നടുക എന്നതിന്‍റെ പ്രായോഗികത ഇതുവരെ ശാസ്ത്രം പൂര്‍ണമായി അംഗീകരിച്ചിട്ടില്ല. ആഗോളതാപനത്തിന് പ്രധാനമായും കാരണമാകുന്നത് കാര്‍ബണ്‍ ഡയോക്സൈഡ് എന്ന വാതകമാണെന്നും ഈ വാതകത്തിന്‍റെ അളവില്‍ ഗണ്യമായ കുറവ് വരുത്താന്‍ വ്യാപകമായി മരം നടുന്നതിലൂടെ സാധിക്കുമെന്നതും ലളിതമായ ശാസ്ത്രമാണ്. പക്ഷേ എന്നിട്ടും ഇക്കാര്യം പ്രായോഗികമാണോ എന്ന ചോദ്യം ഉയരാന്‍ കാരണം സ്ഥലപരിമിതിയാണ്. ഈ പരിമിതിയെ മറികടക്കാന്‍ സഹായിക്കുന്നതാണ് മരുഭൂമിയിലെ തോട്ടങ്ങളും അവയിലൂടെ ഉണ്ടാകുമെന്നു കണ്ടെത്തിയിരിക്കുന്ന കാലാവസ്ഥാ മാറ്റവും.

Desert plantations found to enhance rainfall

‌മരുഭൂമിയിലെ വനങ്ങളുടെ സാധ്യത

‌എന്താണ് മരുഭൂമിയില്‍ വനങ്ങള്‍ നടേണ്ട ആവശ്യകതയിലേക്കെത്തിയതെന്ന ചോദ്യം വളരെ പ്രസക്തമാണ്. കൃഷിക്കും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുമായി ഇപ്പോഴും തുടരുന്ന വനനശീകരണം തന്നെയാണ് ഇതിനു പ്രധാന കാരണം. ഈ സാഹചര്യത്തിലാണ് മനുഷ്യര്‍ അധികം കയ്യേറാതെ ബാക്കി വച്ചിരിക്കുന്ന മരുഭൂമികളിലും തരിശു നിലങ്ങളിലും വനം വളര്‍ത്താനുള്ള പദ്ധതി ഗവേഷകര്‍ ആവിഷ്കരിക്കുന്നതും. വനനശീകരണത്തിലൂടെ കാര്‍ബണ്‍ ബഹിര്‍ഗമനം വർധിക്കുമ്പോള്‍ ഇതിന് ബദലായി കൂടുതല്‍ മരങ്ങള്‍ നട്ട് പിടിപ്പിച്ച് ഈ പ്രതിസന്ധി നേരിടാമെന്ന് ഗവേഷകര്‍ കണക്കു കൂട്ടുന്നു. ‌

‌അതേസമയം മരുഭൂമിയിലെ വനം എന്ന ഈ പരീക്ഷണത്തിന് ഏറ്റവും വലിയ വെല്ലുവിളി വെള്ളത്തിന്‍റെ ലഭ്യത തന്നെയാണ്. നഗരങ്ങളില്‍ നിന്ന് പുറന്തള്ളുന്ന മലിനജലമാണ് ഒരു സ്രോതസ്സായി ഗവേഷകര്‍ കണക്കാക്കുന്നത്. പക്ഷേ ഇത് എല്ലായിടത്തും പ്രായോഗികമല്ല. ഭൂഗര്‍ഭജലത്തെ കുറച്ചു കാലത്തേക്ക് ആശ്രയിക്കാമെങ്കിലും വളരെ താല്‍ക്കാലികമായിട്ടുള്ള സ്രോതസ്സ് മാത്രമായിരിക്കും അത്. ഇവിടെയാണ് മരങ്ങള്‍ക്ക് അന്തരീക്ഷത്തില്‍ മാറ്റങ്ങള്‍ വരുത്താനും ഇതുവഴി മഴ പെയ്യിക്കാനും സാധിക്കുമെന്ന പഠനം പ്രസക്തമാകുന്നത്.

‌‌വനനശീകരണം എങ്ങനെ ഒരു പ്രദേശത്തെ മഴയുടെ ലഭ്യത കുറയ്ക്കുന്നുവോ അതുപോലെ തന്നെ മരങ്ങള്‍ നട്ടുവളര്‍ത്തുന്നത് മഴ വർധിക്കാനും സഹായിക്കുമെന്നാണ് ഗവേഷകരുടെ കണക്കുകൂട്ടല്‍. ഭൂമധ്യരേഖാപ്രദേശത്തെ നിത്യഹരിത വനമേഖലയില്‍ കനത്ത മഴ ലഭിയ്ക്കുന്നതിനുള്ള ഒരു പ്രധാന കാരണം വ്യാപകമായ വൃക്ഷങ്ങളുടെ എണ്ണം തന്നെയാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ചുരുങ്ങിയത് 100 ചതുരശ്ര കിലോമീറ്ററോ അതിലധികമോ വിസ്തൃതിയുള്ള വനമേഖലയ്ക്ക് ആ പ്രദേശത്തെ മഴ ലഭ്യതയില്‍ സാരമായ മാറ്റം വരുത്താന്‍ കഴിയുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com