ADVERTISEMENT

മലേഷ്യന്‍ ദ്വീപസമൂഹങ്ങളിലൊന്നായ പുലാസു ബസാര്‍ എന്ന ദവീപ് ഇപ്പോള്‍ അത്യപൂര്‍വമായ ഒരു പ്രതിസന്ധി നേരിടുകയാണ്. ദ്വീപിലേക്ക് കുടിയേറിയ ഏതാനും കാട്ടുപന്നികളാണ് ഈ പ്രതിസന്ധിക്കു പിന്നില്‍. കാട്ടുപന്നികള്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്നതാണ് ദ്വീപ്നിവാസികള്‍ക്കു തലവേദനയായിരിക്കുന്നത്. 

പക്ഷേ ഈ പന്നികള്‍ എവിടെ നിന്നെത്തി എന്നുള്ളതാണ് കൗതുകമുളവാക്കുന്ന കാര്യം. ഈ ദ്വീപില്‍ നിന്ന് 65 കിലോമീറ്ററോളം അകലെ സ്ഥിതി ചെയ്യുന്ന സുമാത്രയുടെ ഭാഗമായ ദ്വീപാണ് കാട്ടുപന്നികളുടെ സ്വാഭാവിക വാസസ്ഥാനമുള്ള ഏറ്റവും അടുത്തുള്ള പ്രദേശം. ഈ രണ്ട് ദ്വീപുകള്‍ക്കിടയിലുള്ളത് മലാക്ക കടലിടുക്കാണ്. 65 കിലോമീറ്റര്‍ വീതിയുള്ള മലാക്ക കടലിടുക്ക് നീന്തിയാകണം ഈ കാട്ടുപന്നികള്‍ കുടിയേറ്റം നടത്തിയിട്ടുണ്ടാകുകയെന്നാണ് ഇപ്പോള്‍ അനുമാനിക്കപ്പെടുന്നത്. 

കാട്ടുപന്നികള്‍ സ്വതവേ വിദഗ്ധരായ നീന്തല്‍ക്കാരാണ്. പക്ഷേ 65 കിലോമീറ്ററോളം കടലില്‍ നീന്തി പത്തിലധികം പന്നികള്‍ ഈ ദ്വീപിലേക്കെത്തിയത് അതിശയിപ്പിക്കുന്ന സംഭവം തന്നെയാണ്. ഒളിംപിക്സിലെ മാരത്തോണ്‍ നീന്തല്‍ മത്സരത്തിലുള്ള ദൂരത്തിന്‍റെ ഏതാണ്ട് ആറിരട്ടിയിലധികം ദൂരമാണ് ഈ കാട്ടുപന്നികള്‍ നീന്തിക്കയറിയത്. 

പന്നികള്‍ കപ്പല്‍ കയറിയോ?

എന്നാൽ പന്നികള്‍ കടല്‍നീന്തിയെത്തി എന്ന് വിശ്വസിക്കാന്‍ തയാറാകാത്തവരുമുണ്ട്. പന്നികള്‍ ഒരു പക്ഷേ ഏതെങ്കിലും കപ്പലില്‍ കയറി ഒളിച്ചെത്തിയതാകാം എന്നതാണ് ഇവരുടെ നിരീക്ഷണം. പക്ഷേ ഇത്രയധികം പന്നികള്‍ കൂട്ടത്തോടെ കപ്പലിലെത്തിയാല്‍ അത് ശ്രദ്ധിക്കാതെ പോകില്ലെന്നതാണ് മറുപക്ഷത്തിന്‍റെ വാദം. ഒന്നോ രണ്ടോ പന്നികള്‍ വീതം പല കപ്പലുകളിലായി എത്തിച്ചേരുന്നതിനുള്ള സാധ്യതയും വിരളമാണ്. അതുകൊണ്ട് തന്നെയാണ് പന്നികള്‍ കടല്‍ നീന്തിയെത്തി എന്ന ആശയം തന്നെ ഇപ്പോള്‍ പരക്കെ അംഗീകരിക്കപ്പെടുന്നതും.

പന്നികളുടെ വിളയാട്ടം

പന്നികള്‍ എത്തിയതെങ്ങനെ എന്നതിനേക്കാൾ പ്രശ്നം ഇവ  ദ്വീപില്‍ സൃഷ്ടിക്കുന്ന പ്രതിസന്ധികളാണ്. ദ്വീപിലെ കര്‍ഷകര്‍ക്ക് തലവേദനയായി മാറിയിരിക്കുകയാണ് ഈ കാട്ടുപന്നികള്‍. കൃഷിവിളകള്‍ പന്നികള്‍ നശിപ്പിക്കുന്നത് ഇപ്പോൾ പതിവ് സംഭവമാണ്. പന്നിക്കുട്ടികളെയും അടുത്തിടെ കണ്ടതായി പ്രദേശവാസികള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇതോടെ കാട്ടുപന്നികള്‍ പെറ്റു പെരുകാനും തുടങ്ങിയതായണ് നിഗമനം.

പന്നികള്‍ കടല്‍ നീന്തുന്നത് മലേഷ്യയെ സംഭവിച്ച് ഒറ്റപ്പെട്ട കാര്യമല്ല. ബഹാമയിലെ നീന്തുന്ന പന്നികള്‍ കടലില്‍ നീന്തുന്ന ഈ വര്‍ഗത്തിന്‍റെ വളരെ ജനപ്രിയമായ ഉദാഹരണങ്ങളിലൊന്നാണ്. കൂടാതെ ഇതിനു മുന്‍പ് ഒരു പന്നി 11 കിലോമീറ്ററോളം കടലില്‍ നീന്തിയ ചരിത്രവുമുണ്ട്. ഫ്രാന്‍സില്‍ നിന്നും ഇഗ്ലണ്ടിലേക്കാണ് അന്ന് പന്നി നീന്തിയെത്തിയത്. നിലനില്‍പിനു വേണ്ടിയോ ജീവന്‍ രക്ഷിക്കേണ്ട സന്ദര്‍ഭത്തിലോ ഒക്കെയാണ് കാട്ടുപന്നികള്‍ ഇത്തരത്തില്‍ പുഴയും കടലുമൊക്കെനീന്തിക്കടക്കാന്‍ തയാറാകുന്നതെന്ന് ഗവേഷകര്‍ പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com