എണ്ണക്കറുപ്പൻ, കാട്ടുപുൽ ചിന്നൻ, വടക്കൻ അരുവിയൻ, ചേരച്ചിറകൻ; കണ്ടെത്തിയത് 75 ഇനം തുമ്പികളെ!

HIGHLIGHTS
  • ഭൂഖണ്ഡങ്ങൾ താണ്ടിയെത്തുന്ന ദേശാടനത്തിലെ വമ്പൻമാർ
  • തുടർച്ചയായുണ്ടായ പ്രളയം തുമ്പികളുടെ എണ്ണത്തിൽ സാരമായ കുറവു വരുത്തി
Wandering glider
SHARE

സൈലന്റ്‌വാലി ദേശീയോദ്യാനത്തിൽ നടത്തിയ തുമ്പി സർവേയിൽ 75 ഇനം തുമ്പികളെ കണ്ടെത്തി. ഇതിൽ എട്ടെണ്ണം മുൻ സർവേകളിൽ കണ്ടെത്താത്തവയാണ്. ഇതോടെ സൈലന്റ്‌വാലി മേഖലയിലെ തുമ്പികളുടെ ഇനം 91 ആയി. കഴിഞ്ഞ വർഷം 83 ഇനം തുമ്പികളെയാണു കണ്ടെത്തിയത്.  പ്രളയമുണ്ടായ സാഹചര്യത്തിൽ കരുതൽമേഖല മാത്രം കേന്ദ്രീകരിച്ചായിരുന്നു കഴിഞ്ഞ വർഷത്തെ സർവേ.

dragonflies in Silent Valley
നീലക്കുറുവാലൻ, നീലഗിരി നഖവാലൻl

ഇത്തവണ കരുതൽ, കാതൽ മേഖലകളിൽ സർവേ നടന്നു. സൈലന്റ്‌വാലി ദേശീയോദ്യാനവും സൊസൈറ്റി ഫോർ ഒഡോണേറ്റ് സ്റ്റഡീസും ചേർന്നാണു സർവേ സംഘടിപ്പിച്ചത്. 19 മുതൽ 21 വരെയാണു സർവേ നടത്തിയത്. മണ്ണാർക്കാട്, നിലമ്പൂർ, തുടുക്കി, പാന്തൻതോട്,  വാളക്കാട് തുടങ്ങി 10 ക്യാംപുകളിലായി 11 സംഘങ്ങൾ പങ്കെടുത്തു

കല്ലൻതുമ്പിയായ കാട്ടുമരതകനെ നിലമ്പൂർ മേഖലയിലാണു കണ്ടെത്തിയത്. പശ്ചിമഘട്ടത്തിൽ 80 വർഷങ്ങൾക്കു ശേഷം പെരിയാർ കടുവ സങ്കേതത്തിൽ 2017 ൽ ഈ തുമ്പിയെ കണ്ടെത്തിയിരുന്നു. നീലഗിരി നഖവാലൻ, വയനാടൻ കടുവ, തീക്കറുപ്പൻ, നീലക്കുറുവാലൻ, സൂചിത്തുമ്പികളായ ചതുപ്പു മുളവാലൻ, എണ്ണക്കറുപ്പൻ, കാട്ടുപുൽ ചിന്നൻ, വടക്കൻ അരുവിയൻ, ചേരച്ചിറകൻ എന്നീ അപൂർവ ഇനങ്ങളെയും കണ്ടെത്തി.

dragonflies in Silent Valley
ഓണത്തുമ്പി, കാട്ടുമരതകൻ

തുടർച്ചയായുണ്ടായ പ്രളയം തുമ്പികളുടെ എണ്ണത്തിൽ സാരമായ കുറവു വരുത്തിയിട്ടുണ്ടെന്നു സർവേ വിലയിരുത്തി.  2018ൽ പ്രളയത്തിൽ തുമ്പികളുടെ ലാർവകൾ വൻതോതിൽ ഒഴുകിപ്പോയിരുന്നു. ഇതാണ് എണ്ണത്തിൽ കുറവുണ്ടാകാൻ കാരണമെന്ന് ഇന്ത്യൻ ഡ്രാഗൺ ഫ്ലൈ സൊസൈറ്റി സെക്രട്ടറിയും മുതിർന്ന തുമ്പിനിരീക്ഷകനുമായ വി.ബാലചന്ദ്രൻ അഭിപ്രായപ്പെട്ടു.

dragonflies in Silent Valley
എണ്ണക്കറുപ്പൻ

മുക്കാലിയിൽ നടന്ന സർവേയുടെ സമാപനച്ചടങ്ങിൽ സൈലന്റ്‌വാലി ദേശീയോദ്യാനം വൈൽഡ് ലൈഫ് വാർഡൻ സാമുവൽ വി പച്ചൗ, അസി. വാർഡൻ വി അജയഘോഷ്, എ.ആശാലത, കൺസർവേഷൻ ബയോളജിസ്റ്റ് അനുരാജ് എന്നിവർ പ്രസംഗിച്ചു.  തുമ്പിനിരീക്ഷകരായ വി.ബാലചന്ദ്രൻ, സി.സുശാന്ത്, രഞ്ജിത് ജേക്കബ് മാത്യൂ, സുജിത് വി ഗോപാലൻ, മുഹമ്മദ് ഷെറീഫ് തുടങ്ങി 22 വിദഗ്ധരും വനം ഉദ്യോഗസ്ഥരും പങ്കെടുത്തു. 

ഓണത്തുമ്പികളിൽ വൻ കുറവ്

കേരളത്തിൽ സാധാരണ വലിയ കൂട്ടങ്ങളായി കാണപ്പെടുന്ന ഓണത്തുമ്പി (ഗ്ലോബൽ വാണ്ടറർ) എന്ന കല്ലൻ തുമ്പിയുടെ എണ്ണത്തിൽ അസാധാരണമായ കുറവു വന്നതായി സർവേയിൽ ബോധ്യപ്പെട്ടു. ഓണത്തുമ്പി (തുലാത്തുമ്പി) എന്നറിയപ്പെടുന്ന വാണ്ടറിങ് ഗ്ലൈഡർ സെപ്റ്റംബർ – ഒക്ടോബർ മാസങ്ങളിൽ വലിയ കൂട്ടങ്ങളായാണു കേരളത്തിൽ കാണപ്പെടാറ്. ചെറുജലാശയങ്ങളിലും മഴയിലുണ്ടാകുന്ന വെള്ളക്കെട്ടിലുമാണ് ഇവ മുട്ടയിടാറ്. ദേശാടനത്തിലെ വമ്പൻമാരായ ഇവർ ആഫ്രിക്ക, ഓസ്ട്രേലിയ തുടങ്ങിയ ഭൂഖണ്ഡങ്ങൾ താണ്ടിയാണ് ഇവിടെ എത്തുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EARTH N COLORS
SHOW MORE
FROM ONMANORAMA