പശ്ചിമഘട്ടത്തിലേക്ക് ചിത്രശലഭങ്ങളുടെ ദേശാടനം; കാരണങ്ങൾ ഇന്നും അജ്‌ഞാതം!

 butterflies sighted in Wayanad
SHARE

വയനാട് ഉൾപ്പെടെയുള്ള പശ്ചിമഘട്ട വനപ്രദേശത്തേക്കു ശലഭങ്ങളുടെ ദേശാടനം ആരംഭിച്ചു. ആദ്യത്തെ ദേശാടന ശലഭങ്ങൾ 2 ദിവസം മുൻപാണു കേരളത്തിലെത്തിയത്. വയനാട്ടിൽ അമ്പലവയലിലാണ് അവയെ കണ്ടത്. അനേകലക്ഷം ചിത്രശലഭങ്ങൾ ഓരോ വർഷവും ദേശാടനത്തിൽ പങ്കുചേരുന്നു. കേരളത്തിൽ 300 ഇനം ശലഭങ്ങളെ കണ്ടെത്തിയിട്ടുണ്ട്. അതിൽ 46 ഇനം ദേശാ‍‍‍ടനം നടത്തുന്നു. നീലക്കടുവ, അരളി ഇനത്തിൽപെട്ടവയുടെ ദേശാടനം ശ്രദ്ധേയമാണെന്നു വിദഗ്ധർ പറയുന്നു. സെപ്റ്റംബർ മുതൽ നവംബർ വരെയാണു വൻതോതിൽ ശലഭങ്ങൾ എത്തുന്നത്. 

വർണപ്പൊട്ടുകൾ ചിറകുവീശിപ്പറക്കുകയാണ്. കുടകിൽനിന്നു വയനാട്ടിലേക്ക്. വയനാട്ടിൽനിന്നു നീലഗിരിയിലേക്കും നിലമ്പൂരിലേക്കും സൈലന്റ് വാലിയിലേക്കുമെല്ലാം. ഒരുപാടു രഹസ്യങ്ങളുമായി പശ്‌ചിമഘട്ട മേഖലയിൽ ചിത്രശലഭങ്ങളുടെ ദേശാടനം സജീവമായി.

നീലക്കടുവ, കരിനീലക്കടുവ, അരളിശലഭം, ആൽബട്രോസ്, തകരമുത്തി എന്നീ ശലഭങ്ങൾ ദേശാടനം നടത്തുന്നതായി അറിവായിട്ടുണ്ട്. ഒക്‌ടോബർ മുതൽ ഫെബ്രുവരി വരെയും ഏപ്രിലിലും മേയിലും ഈ പ്രതിഭാസം കാണുന്നു. നവംബറിലാണ് ദേശാടനം ഏറ്റവും കുടുതൽ നടക്കുന്നതെന്നു നിരീക്ഷകർ സാക്ഷ്യപ്പെടുത്തുന്നു.

കുടകിൽനിന്നു വയനാട്, നിലമ്പൂർ, കാളികാവ്, കരുവാരകുണ്ട് വഴി സൈലന്റ് വാലിയിലേക്കും തിരിച്ചുമാണു ദേശാടന പാത. ലക്ഷക്കണക്കിനു നീലക്കടുവയും അരളിശലഭവും അട്ടപ്പാടി മേഖലയിൽനിന്നു വടക്കു പടിഞ്ഞാറു ഭാഗത്തേക്കു പറക്കുന്നതായും നിരീക്ഷിച്ചിട്ടുണ്ട്. 

 butterflies sighted in Wayanad

സൂര്യന്റെ സമയസൂചിക്കനുസരിച്ച് പറക്കുന്ന പൂമ്പാറ്റകൾക്ക് അരുവിയോരവും വയലേലകളും ഒഴിഞ്ഞ പാതകളുമാണ് സഞ്ചാരപഥം. ഇഷ്‌ടസസ്യങ്ങളിൽ കൂട്ടം കൂടിയിരിക്കുന്ന ഇവ പത്തരയോടെ ദേശാടനം തുടങ്ങുന്നു. ഉച്ചയോടെ മൂക്കുന്ന ദേശാടനം വൈകിട്ട് മൂന്നോടെ വിശ്രമത്തിനു വഴിമാറും. ഇന്ത്യയിൽ അറുപതിലേറെ ശലഭയിനങ്ങൾ ദേശാടകരായുണ്ട്. കേരളത്തിൽ നാൽപ്പത്തഞ്ചോളം ഇനങ്ങളും. കരിനീലക്കടുവ, നീലക്കടുവ, തെളിനീലക്കടുവ, വരയൻകടുവ, അരളിശലഭം, ആൽബട്രോസ്, തകരമുത്തി എന്നിവയാണ് കേരളത്തിലെ പ്രമുഖ ദേശാടകർ. 

കരിനീലക്കടുവ, നീലക്കടുവ, അരളിശലഭം എന്നിവയുടെ കൂട്ടംകൂടൽ ദേശാടനപ്പറക്കലിന്റെ മുന്നോടിയാണെന്ന് നിഗമനം. കിലുക്കച്ചെടി, തേൾക്കട, അപ്പ തുടങ്ങിയ സസ്യങ്ങളിലാണ് ഇവ കൂട്ടംചേരുക.സൂര്യനു ശലഭദേശാടനവുമായി ബന്ധമുണ്ടെന്നതിന്റെ സൂചനയാണിത്. തറയിൽനിന്നു രണ്ടു മീറ്റർ ഉയരത്തിൽ മൂന്നു മുതൽ 15 വരെ എണ്ണങ്ങളുള്ള ചെറുകൂട്ടങ്ങൾ ഒഴുകിപ്പറക്കുകയാണു ചെയ്യുന്നത്. മിനിറ്റിൽ 500 എണ്ണം വരെ കടന്നുപോകാറുണ്ട്.

ചെറുതും വലുതുമായ കൂട്ടങ്ങളയണിവ സഞ്ചരിക്കുന്നത്. ഈ യാത്രയ്‌ക്കിടയിൽ അരുവിയോരത്തെ നനഞ്ഞ മണ്ണിൽ മഡ്‌പഡ്‌ലിങ്ങിൽ ഏർപ്പെടറുണ്ട്. നൂറുകണക്കിന് ശലഭങ്ങൾ ഇങ്ങനെ ഒന്നിച്ചു ചേരുന്ന കാഴ്‌ച ഏതൊരു ശലഭനിരീക്ഷകന്റെയും അകം കുളിർപ്പിക്കുന്നതാണ്. പ്രത്യുൽപദനത്തിനവശ്യമയ അധിക പോഷണം വലിച്ചെടുക്കാനാണ് ഇങ്ങനെ മഡ്‌പഡ്‌ലിങ്ങിൽ ഏർപ്പെടുന്നത്.

പക്ഷിദേശാടനത്തിനു കാരണം ഭക്ഷണവും പ്രജനനവും കാലാവസ്‌ഥയുമാണെന്നു ശാസ്‌ത്രലോകം ഉറപ്പിക്കുമ്പോൾ ശലഭദേശാടനത്തിന്റെ കാരണങ്ങൾ ഇന്നും അജ്‌ഞാതം. ഒരിടത്ത് എണ്ണപ്പെരുക്കമുണ്ടാകുമ്പോൾ മറ്റൊരിടം തേടുന്നതായിരിക്കാമെന്ന് നിഗമനം. തണുപ്പുകാലത്ത് കാനഡയിൽനിന്നു 3200 കിലോമീറ്റർ താണ്ടി മെക്‌സിക്കോയിലേക്കു പറക്കുന്ന മൊണാർക്ക് ശലഭങ്ങൾ ലോകപ്രശസ്‌തരാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EARTH N COLORS
SHOW MORE
FROM ONMANORAMA