കേരളത്തിൽ വിരളമായെത്തുന്ന ശിശിരകാല ദേശാടകൻ ‘കോരിച്ചുണ്ടൻ’

Northern Shoveler
SHARE

ചുണ്ടിനു കോരിയുടെ(Shovel) ആകൃതിയുള്ളതുകൊണ്ടാണ് ഈ പക്ഷിയെ മലയാളത്തിൽ കോരിച്ചുണ്ടൻ എന്ന് വിളിക്കുന്നത്. കോരികൊണ്ടു പണി ചെയ്യുന്ന ആൾ (Shoveler)എന്ന് ഇംഗ്ലിഷിൽ ഇതിനെ വിളിക്കാനും കാരണം ചുണ്ടിന്റെ ആകൃതി തന്നെ. കോരിച്ചുണ്ടൻ എന്ന് അർത്ഥം വരുന്നതാണ് ഇതിന്റെ ശാസ്ത്ര നാമം (Spatula clypeata). ചുണ്ടിന്റെ രൂപം നോക്കി ഇതിനെ മറ്റു താറാവുകളിൽ നിന്ന് എളുപ്പത്തിൽ തിരിച്ചറിയാം. ചുണ്ടിൽ അരിപ്പ പോലെ ഒരു പാളിയുണ്ട്.

ചെറിയ ജലജീവികളെ ഊറ്റിപ്പിടിക്കാൻ ഈ ചുണ്ട് സഹായിക്കുന്നു. നീന്തുമ്പോൾ ചുണ്ടു തുറന്നു പിടിച്ചു വെള്ളത്തിൽ പാതി താഴ്ത്തി വയ്ക്കും. ചുണ്ടിലെ അരിപ്പകൊണ്ടു വെള്ളം അരിച്ചു ചെറു ജീവികളെ അകത്താക്കും.കക്കകളും മൽസ്യങ്ങളും പ്രാണികളും പുഴുക്കളുമാണ് മുഖ്യാഹാരം. ജലസസ്യങ്ങളുടെ തണ്ടും ധാന്യങ്ങളും ഭക്ഷിക്കാറുണ്ട്. ചിലപ്പോൾ കരയിലും ഇര തേടാറുണ്ട്.

കേരളത്തിൽ വിരളമായി എത്തുന്ന ശിശിരകാല ദേശാടകനാണ് കോരിച്ചുണ്ടൻ. ചില വർഷങ്ങളിൽ. സെപ്റ്റംബറിൽ വന്നു മേയ് വരെ ഇവിടെ തങ്ങാറുണ്ട്. വടക്കേ യൂറോപ്പിലും വടക്കേ അമേരിക്കയിലും ചില ഏഷ്യൻ രാജ്യങ്ങളിലുമാണ് ഇവ സന്താനോൽപാദനം നടത്തുന്നത്. ശിശിരകാലത്ത് ആഫ്രിക്കയിലേക്കും ഇന്ത്യ, പാക്കിസ്ഥാൻ, ശ്രീലങ്ക മുതലായ രാജ്യങ്ങളിലേക്കും ദേശാടനം നടത്തും.ഒരിക്കൽ സിന്ധിൽ കാലിൽ വളയമിട്ടു(Ringing) വിട്ട ഒരു പക്ഷിയെ സൈബീരിയയിൽ വെച്ച് കണ്ടെത്തിയിരുന്നു.അതുപോലെ കസാഖിസ്ഥാനിൽ വച്ച് വളയമിട്ടു വിട്ട പക്ഷി ഡൽഹിയിൽ എത്തിയതായി കണ്ടെത്താൻ കഴിഞ്ഞിരുന്നു.

Shoveler-duck

ശുദ്ധജല തടാകങ്ങളാണു പ്രധാന ആവാസ സ്ഥലം. ജലസസ്യങ്ങൾ നിറഞ്ഞ തടാകങ്ങളിലും പാടങ്ങളിലും ജലസംഭരണികളിലും പുഴകളിലും കാണാറുണ്ട്. ജോടിയായും ചെറുകൂട്ടമായും കാണാറുണ്ട്. വിരളമായേ ശബ്ദമുണ്ടാക്കാറുള്ളു. വർഷകാലത്താണ് കൂടു കൂട്ടുന്നത്. ജലാശയങ്ങളിൽ നിന്ന് 25 മുതൽ നൂറു മീറ്റർ വരെ അകലെയാണ് കൂടുകൂട്ടുക. പൊതുവെ പുൽപ്രദേശത്തു കൂടുണ്ടാകാനാണു താൽപര്യം. പിടയെ സ്വന്തമാക്കാൻ പൂവന്മാർ തമ്മിൽ പോരടിക്കുന്നതു സാധാരണമാണ്.

പിടയാണു കൂടുണ്ടാക്കുന്നത് നിലത്ത് ഒരുക്കുന്ന കൂട്ടിനകത്തു പായലുകളും ചെറുതൂവലുകളും വിരിക്കും. ഒരുകൂട്ടിൽ 12 വരെ മുട്ടയിടും. മുട്ടയ്ക്ക് ഇളംപച്ചനിറമാണ് .പിട മാത്രമാണ് അടയിരിക്കുന്നത്. 21 -27 ദിവസം വരെയാണ് അടയിരിപ്പു കാലം. പിടകൾക്കാണു കൂടുതൽ വർണപ്പകിട്ട്. പിടയുടെ തലയ്ക്കു പച്ചനിറമാണ്. നെഞ്ചിൽ വെളുപ്പും പാർശ്വത്തിൽ തവിട്ടു നിറവും കാണാം. നേത്ര വളയത്തിനു മഞ്ഞ നിറമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EARTH N COLORS
SHOW MORE
FROM ONMANORAMA