ഉറക്കത്തിനിടയില്‍ നിറം മാറുന്ന നീരാളി; അപൂർവ പ്രതിഭാസത്തിനു പിന്നിൽ?

The Mesmerising Colour Shifts of a Sleeping Octopus
SHARE

ഉറങ്ങുന്ന വളര്‍ത്ത് മൃഗങ്ങളെ നിരീക്ഷിക്കുകയെന്നത് രസകരമായ കാര്യമാണ്. ഉറക്കത്തിനിടയില്‍ അവയുടെ ചലനങ്ങളും മുഖഭാവങ്ങളുമെല്ലാം കൗതുകം ഉളവാക്കുന്നതായിരിക്കും. ഹെയ്ദി എന്ന നീരാളിയുടെ ഉറക്കം നിരീക്ഷിച്ച അതിന്‍റെ ഉടമ പക്ഷേ കണ്ടത് ഇത്തരം ചലനങ്ങള്‍ മാത്രമല്ല മറിച്ച് ശരീരത്തിന്‍റെ നിറം തന്നെ പൂര്‍ണമായും മാറിക്കൊണ്ടിരിക്കുന്ന അപൂർവ കാഴ്ചയാണ്. വെളുത്ത നിറത്തിൽ നിന്ന് ഇളം പച്ച നിറത്തിലേക്കും തുടര്‍ന്ന് ഇരുണ്ട പച്ച നിറത്തിലേക്കും പിന്നീട് തവിട്ട്, മഞ്ഞ തുടങ്ങിയ നിറങ്ങളിലേക്കും മാറുന്ന ഹെയ്ദി നീരാളിയുടെ വിഡിയോ ദൃശ്യങ്ങളാണ് ഉടമയും സമുദ്രഗവേഷകനുമായ ഡേവിഡ് ഷീല്‍ പുറത്തു വിട്ടത്.

ഉറങ്ങുന്ന നീരാളികളില്‍ ഇത്തരം നിറം മാറ്റങ്ങള്‍ വളരെ സ്വാഭാവികമാണെന്ന് ഡേവിഡ് ഷീല്‍ പറയുന്നു. ഫ്ലിക്കറിങ് എന്നാണ് ഇതറിയപ്പെടുന്നത്. നീരാളികള്‍ ഉറങ്ങുമ്പോള്‍ അവയുടെ ന്യൂറോണുകള്‍ ക്രോമാറ്റോഫോര്‍സ് എന്ന പിഗ്മന്‍റ് സെല്ലുകളില്‍ വരുത്തുന്ന മാറ്റങ്ങളാണ് ഈ നിറം മാറ്റത്തിനു കാരണമാകുന്നത്. നിറം മാത്രമല്ല ഈ നിറം മാറുന്ന ഡിസൈനുകള്‍ക്കും ഓരോ സമയത്തും മാറ്റമുണ്ടാകും എന്നതാണ് മറ്റൊരു പ്രത്യേകത. അവയ്ക്ക് മാത്രം തിരിച്ചറിയാന്‍ കഴിയുന്ന ഒന്നിനോടുള്ള പ്രതികരണമാണ് ഈ നിറം മാറ്റമെന്നും ഗവേഷകര്‍ വിശദീകരിക്കുന്നു. നീരാളികള്‍ സ്വപ്നം കാണുന്നതാണ് ഇതെന്നാണ് ഡെവിഡ് ഷീല്‍ വിശദീകരിക്കുന്നത്.

നീരാളികള്‍ ഉണര്‍ന്നിരിക്കുമ്പോള്‍ സംഭവിക്കുന്ന കാര്യങ്ങളുമായി ഈ നിറം മാറ്റത്തിന് ബന്ധമുണ്ടെന്ന് ഡേവിഡ് ഷീല്‍ പറയുന്നു. ഇക്കാരണം കൊണ്ടു തന്നെയാണ് ഇതിനെ സ്വപ്നം എന്നു വിശേഷിപ്പിക്കാന്‍ കാരണവും. മനുഷ്യര്‍ സ്വപ്നം കാണുന്നവരാണ്, പക്ഷേ മനുഷ്യര്‍ കാണുന്ന സ്വപ്നങ്ങളുടെ കാരണം കൃത്യമായി വിശദീകരിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. അതേസമയം തന്നെ ഉണര്‍ന്നിരിക്കുമ്പോള്‍ ഉണ്ടാകുന്ന സംഭവങ്ങളുമായി ഈ സ്വപ്നങ്ങള്‍ക്ക് ബന്ധമുണ്ട് എന്നത് ഏറെക്കുറെ അംഗീകരിക്കപ്പെട്ട കാര്യമാണ്. 

അങ്ങനെയാണെങ്കില്‍ മൃഗങ്ങള്‍ക്കും സമാനമായ മാനസിക വ്യാപാരങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. അതുകൊണ്ട് തന്നെ നീരാളിയുടെ നിറം മാറ്റത്തെ സ്വപ്നവുമായി ബന്ധപ്പെടുത്താം എന്ന് ഡേവിഡ് ഷീല്‍ പറയുന്നു. 2012 ല്‍ നീരാളിയുടെ അതേ വിഭാഗത്തില്‍ പെട്ട സെപിയാ ഒഫീഷ്യനാലിസ് എന്ന കട്ടില്‍ ഫിഷ് ഇനത്തില്‍ പെട്ട ജീവിയില്‍ സമാനമായ നിറം മാറ്റം ശ്രദ്ധയില്‍ പെടുകയും ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തിട്ടുണ്ട്. അതുപോലെ തന്നെ 2017 ല്‍ സ്പോട് ഒക്ടോപസ് വിഭാഗത്തില്‍ പെട്ട രണ്ട് നീരാളികളെയും ഉറക്കത്തിനിടയില്‍ നിറം മാറുന്ന സ്ഥിതിയില്‍ കണ്ടെത്തിയിരുന്നു. 

നിത്യജീവിതത്തില്‍ സ്വയരക്ഷയ്ക്കു വേണ്ടിയും ഇര തേടാനും മറ്റുമായി ശരീരത്തിന്‍റെ നിറം മാറ്റാന്‍ കഴിവുള്ളവയാണ് നീരാളികള്‍. ഓന്തുകളെ പോലെ തങ്ങള്‍ ഇരിക്കുന്ന പ്രതലത്തിന്‍റെ അതേ നിറം ശരീരത്തിനു നല്‍കി ഒളിച്ചിരിക്കാനും നീരാളികള്‍ക്ക് കഴിവുണ്ട്. അത് കൊണ്ട് തന്നെ ഒരു പക്ഷേ സ്വപ്നത്തില്‍ ഇരിക്കുന്നതായി തോന്നുന്ന പ്രതലത്തിന്‍റെ നിറമായിരിക്കാം ഇവയുടെ ശരീരത്തില്‍ ഉറങ്ങുമ്പോള്‍ മാറി മറിയുന്നതെന്നാണ് ഗവേഷകര്‍ കണക്കു കൂട്ടുന്നത്. പക്ഷേ ഇക്കാര്യം സ്ഥിതീകരിക്കാന്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EARTH N COLORS
SHOW MORE
FROM ONMANORAMA