sections
MORE

അപകടം സംഭവിച്ചാൽ നിലവിളിച്ച് മുന്നറിയിപ്പു നല്‍കുന്ന ചെടികള്‍; അപൂർവ പ്രതിഭാസത്തിനു പിന്നിൽ!

Plants
SHARE

സസ്യങ്ങള്‍ക്ക് ജീവനുണ്ടെന്നത് ശാസ്ത്രീയമായി തന്നെ തെളിയിക്കപ്പെട്ടിട്ടുള്ള കാര്യമാണ്. എന്നാല്‍ അവയുടെ മണ്ണില്‍ വേരൂന്നി ഒരിടത്തു മാത്രം വളരാനുള്ള പരമിതി മൂലം ജീവനുള്ള മറ്റ് വര്‍ഗങ്ങള്‍ക്കുള്ള പരിഗണന സസ്യങ്ങള്‍ക്ക് ലഭിക്കുന്നില്ല. വെറുതെ നടന്നു പോകുമ്പോള്‍ ഒരു കമ്പോ ചെടിയുടെ തണ്ടോ ഒടിച്ചിട്ട് പോകാന്‍ നമുക്ക് മടിയുമില്ല. അതേസമയം അപകടസമയത്ത് സസ്യങ്ങള്‍ക്ക് വേദന അറിയുമോ ഇല്ലയോ എന്നത് വ്യക്തമല്ലെങ്കിലും പരസ്പരം മുന്നറിയിപ്പ് നല്‍കാന്‍ സസ്യങ്ങള്‍ക്ക് കഴിയും എന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

സസ്യങ്ങളുടെ കരച്ചില്‍

സസ്യത്തിന്‍റെ ഏതെങ്കിലും ഒരു ഭാഗത്തു പരുക്ക് പറ്റിയാല്‍ അത് അറിയിക്കാനുള്ള സിഗ്നലുകള്‍ അതിവേഗം സസ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിലേക്ക് കുതിക്കുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. സസ്യത്തിന്‍റെ മറ്റ് ഭാഗങ്ങളോട് പ്രതിരോധ നടപടി സ്വീകരിക്കാനാവശ്യപ്പെടുന്നതാണ് ഈ സിഗ്നലുകള്‍. ഈ സമയത്ത് സസ്യത്തില്‍ നിന്ന് മനുഷ്യര്‍ക്ക് പോലും തിരിച്ചറിയാൻ കഴിയുന്ന ഗന്ധം പുറത്തു വരുമെന്നും ഗവേഷകര്‍ പറയുന്നു. 

സസ്യങ്ങളില്‍ നിന്ന് ഈ സമയത്ത് പുറത്തു വരുന്ന ഗന്ധത്തിന് പിന്നിൽ ഒരു തരത്തിലുള്ള ജൈവവസ്തുവാണെന്ന് ഗവേഷകര്‍ വിവരിക്കുന്നു. ഈ ജൈവവസ്തുവിനെ കരച്ചിലിനോട് തുല്യമാണ് ഗവേഷകര്‍ വ്യാഖ്യാനിക്കുന്നത്. ഇത്തരം ജൈവവസ്തുക്കള്‍ പുറത്തു വരുന്നതോടെ അതേ സസ്യത്തിന്‍റെ വര്‍ഗത്തില്‍ പെട്ട മറ്റു ചെടികള്‍ സമീപത്തുണ്ടെങ്കില്‍ അവയ്ക്കു കൂടി മുന്നറിയിപ്പു നല്‍കാനും സഹായിക്കും. എത്ര സമീപത്തായാണോ അടുത്തുള്ള സമാനവര്‍ഗത്തില്‍ പെട്ട ചെടി സ്ഥിതി ചെയ്യുന്നത് എന്നതിന് അനുസരിച്ചാകും ഈ ആശയവിനിമയം വിജയകരമാകുക എന്ന് പഠനത്തിന് നേതൃത്വം നല്‍കിയ കോര്‍ണല്‍ സര്‍വകലാശാല പ്രഫസര്‍ ആന്ദ്രെ കെസ്ലര്‍ പറയുന്നു. 

കാനഡ ഗോള്‍ഡന്‍ റോഡ് എന്ന ചെടിയില്‍നടത്തിയ ഗവേഷണങ്ങളാണ് ഈ കണ്ടെത്തലിലേക്കു നയിച്ചത്. ഇത്തരത്തില്‍ സസ്യങ്ങള്‍ തമ്മിലുള്ള ആശയവിനിമയത്തിനായി സൂക്ഷ്മമായ ജൈവവസ്തുക്കളും മണവും ഉപയോഗിക്കുന്നതിനെ ഏകീകൃത ഭാഷ എന്നാണ് ഗവേഷകര്‍ വിശേഷിപ്പിക്കുന്നത്. നിരന്തരം മനുഷ്യരോ മറ്റ് ജീവികളോ കടന്നു കയറുന്ന മേഖലകളിലെ സസ്യങ്ങളിലാണ് ഈ പ്രതിഭാസം സജീവമായി കാണപ്പെടുന്നതെന്നും ഗവേഷകര്‍ പറയുന്നു. 

പഠനരീതി

ഗോള്‍ഡന്‍ റോഡ്  ഇനത്തില്‍ പെട്ട ചെടികള്‍ സ്വാഭാവികമായി വളരുന്ന മൈതാനത്താണ് ഈ പരീക്ഷണം ഗവേഷകര്‍ നടത്തിയത്. ഇത്തരം ചെടികള്‍ കൂട്ടത്തോടെ കാണപ്പെടുന്നതിന് മധ്യത്തിലായി പുഴുക്കളുടെ ആക്രമണം നേരിടുന്ന സമാന വിഭാഗത്തില്‍ പെട്ട ചെടികള്‍ വിവിധ സ്ഥലങ്ങളിലായി സ്ഥാപിച്ചു. ചട്ടികളില്‍ സ്ഥാപിച്ച ഈ ചെടികള്‍ സുതാര്യമായ തുണി ഉപയോഗിച്ച് പൊതിയുകയും ചെയ്തിരുന്നു. ഇത് വഴി വേര് വഴിയുള്ള സസ്യങ്ങള്‍ തമ്മിലെ ആശയവിനിമയത്തിന് തടസ്സം സൃഷ്ടിക്കുകയാണ് ഗവേഷകര്‍ ചെയ്തത്.

തുടര്‍ന്ന് ഏതാനും ആഴ്ചകള്‍ക്കു ശേഷം ഈ സസ്യങ്ങളെ പൊതിഞ്ഞിരിക്കുന്ന അതേ അവസ്ഥയില്‍ തന്നെ ലാബിലേക്കെത്തിച്ചു. തുടര്‍ന്ന് ഈ പൊതിക്കുള്ളിലെ വായു സൂക്ഷ്മമായി വലിച്ചെടുത്ത് പഠനത്തിനു വിധേയമാക്കി. ഈ വായുവില്‍ നിന്നാണ് സസ്യങ്ങള്‍ക്ക് പുഴുക്കളെക്കുറിച്ചുള്ള മുന്നറിയിപ്പായി പുറത്തു വിട്ട ജൈവവസ്തുക്കള്‍ ഗവേഷകര്‍ക്കു ലഭിച്ചത്. പുഴുക്കളുടെ ആക്രമണം ഇല്ലാത്ത ഏതാനു സസ്യങ്ങളും ഇത്തരത്തില്‍ പൊതിഞ്ഞ് സൂക്ഷിച്ചിരുന്നു. ഇവ പക്ഷേ സമാനമായ രീതിയിലുള്ള ജൈവവസ്തുക്കള്‍ പുറന്തള്ളിയിരുന്നില്ല. 

മനുഷ്യര്‍ സംസാര ഭാഷ ഉപയോഗിക്കുന്നത് പോലെ തന്നെയാണ് സസ്യങ്ങള്‍ രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് ആശയവിനിമയം നടത്തുന്നതെന്ന് ഗവേഷകര്‍ ഈ പരീക്ഷണത്തെ അടിസ്ഥാനമാക്കി അവകാശപ്പെടുന്നു. ഇത്തരത്തില്‍ മുന്നറിയിപ്പ് ലഭിക്കുന്ന സസ്യങ്ങള്‍ എന്ത് പ്രതിരോധ മാര്‍ഗമാണ് സ്വീകരിക്കുന്നത് എന്നതിനെക്കുറിച്ചും ഗവേഷകര്‍ പഠനം നടത്തി വരികയാണ്. ഇതിന്‍റെ ആദ്യ സൂചനകളനുസരിച്ച് വൈറസ്, ഫംഗസ് ബാധ പോലുള്ളവയെ പ്രതിരോധിക്കാന്‍ ആഹാരശീലങ്ങളിലും ദഹനരീതികളിലും വരെ സസ്യങ്ങള്‍ മാറ്റം വരുത്തുന്നുണ്ടെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EARTH N COLORS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA