പൊതുവെ സെപ്റ്റംബർ മുതലാണു കേരളത്തിൽ ദേശാടനപ്പക്ഷികൾ എത്തിത്തുടങ്ങുന്നത്. മേയ് ആദ്യ വാരം തന്നെ മിക്കപക്ഷികളും ജന്മനാട്ടിലേക്കു തിരിച്ചു പോകും. ചില പക്ഷികൾ ഓഗസ്റ്റിൽ വിരുന്നു വന്നു മേയ് അവസാനം മടങ്ങും. ഇങ്ങനെ വൈകി മടങ്ങുന്ന കൂട്ടത്തിലാണ് വഴികുലുക്കി (Grey Wagtail) എന്ന പക്ഷി.
ജലാശയങ്ങളുടെയും അരുവികളുടെയും പുഴകളുടെയും സമീപം കഴിയാനാണ് ഇവയ്ക്ക് ഇഷ്ടം.കുന്നുകളിലും വനങ്ങളിലും തോട്ടങ്ങളിലും പാടങ്ങളിലും കാണാം. പൊതുവെ ഒറ്റയ്ക്കാണു സഞ്ചാരം.ചിലപ്പോൾ ജോടിയായും വളരെ വിരളമായി, 50 എണ്ണം വരെയുള്ള കൂട്ടമായും കാണാം.
ഹിമാലയൻ മേഖലകളിലുംഅഫ്‌ഗാനിസ്ഥാനിലും ഭൂട്ടാനിലുമാണു മുട്ടയിട്ടു കുഞ്ഞുവിരിയുന്നത്. ശിശിരകാലത്ത് ഇന്ത്യ, ശ്രീലങ്ക, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിലേക്കൊക്കെ ദേശാടനത്തിനു പോകും.
പൃഷ്ഠഭാഗം കുലുക്കിക്കൊണ്ടാണു നടപ്പ്. വാലാട്ടുന്ന ചാരനിറമുള്ള പക്ഷി എന്നാണു ഇതിന്റെ ശാസ്ത്ര നാമത്തിന്റെ അർത്ഥം.ഇതിന്റെ കൂട്ടിൽ കുക്കൂ കുയിൽ (Common Cuckoo)മുട്ടയിടുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഏപ്രിൽ മുതൽ ജൂലൈ വരെയാണു കൂടുകൂട്ടുന്ന കാലം. പൊതുവെ പുഴകളുടെയും അരുവികളുടെയും ജലാശയങ്ങളുടെയും സമീപത്താണു കൂടുകൂട്ടുന്നത്. സസ്യാവശിഷ്ടങ്ങളും നാരുകളും ചേർത്താണു കൂടു നിർമാണം. കൂടിനു കോപ്പയുടെ ആകൃതിയാണ്. പൂവനും പിടയും സഹകരിച്ചാണു കൂടൊരുക്കുക. ഒരു കൂട്ടിൽ നാലോ അഞ്ചോ മുട്ടയിടും. മുട്ടയ്ക്കു മങ്ങിയ തവിട്ടു നിറമാണ്. മുട്ടയിൽ ധാരാളം മങ്ങിയ പൊട്ടുകളും പാടുകളും കാണാം.ആണും പെണ്ണും അടയിരിക്കാറുണ്ട്.12 മുതൽ 14 ദിവസം വരെയാണ് അടയിരിപ്പു കാലം. അച്ഛനും അമ്മയും കുഞ്ഞുങ്ങളെ തീറ്റിപ്പോറ്റാൻ എപ്പോഴും ശ്രദ്ധിക്കും. രണ്ടാഴ്ചയ്ക്കുള്ളിൽ കുഞ്ഞുങ്ങൾ പറക്കമുറ്റും. ചിലപ്പോൾ വർഷത്തിൽ ഒന്നിലേറെ തവണ കൂടുകൂട്ടാറുണ്ട്.
തുമ്പികളും ശലഭങ്ങളുമാണു മുഖ്യാഹാരം. കക്കകളും മണ്ണിരകളും ഭക്ഷിക്കാറുണ്ട്. വായുവിൽ വച്ചുതന്നെ പ്രാണികളെ പിടിച്ചുതിന്നാറുണ്ട്. പുഴകളിലെ പാറകളിൽ ഇരതേടുന്നതു പതിവ് കാഴ്ചയായാണ്. ഇതിന്റെ പുറത്തിനു മിക്കവാറും ചാരനിറമാണ്. നീണ്ട വാലുകളുണ്ട്. മാറിടത്തിലും വാലിനടിയിലും മഞ്ഞനിറംപടർന്നിരിക്കും. വെളുത്ത പുരികവര തെളിഞ്ഞു കാണാം. പ്രജനന കാലത്തു പൂവന്റെ തൊണ്ടയിൽ കറുപ്പ് നിറം കാണാം. പിടയുടെ തൊണ്ട വെളുത്തിട്ടാണ്.