കൊച്ചിയിൽ കണ്ടെത്തിയത് 113 ഇനം പക്ഷികളെയും 102 ഇനം ചിത്രശലഭങ്ങളെയും

Parus cinereus
നഗരത്തിൽ അപൂർവമായ ചാരമരപ്പൊട്ടനെ കൊച്ചിയിലെ ഇടതൂർന്ന മരങ്ങളുള്ള പ്രദേശങ്ങളിൽ നിന്നാണു കണ്ടെത്തിയത്
SHARE

കൊച്ചി പോലെ തിരക്കും ബഹളവും നിറഞ്ഞ നഗരത്തിൽ, തീരെ തിരക്കില്ലാത്ത ചിലരുണ്ട്. അവരെ തിരക്കിനടന്ന തേവര സേക്രഡ് ഹാർട്ട് കോളജ് സുവോളജി വിഭാഗത്തിലെ ഗവേഷകനായ എബിൻ ജോസ്‌ലിഫ്, ഗവേഷണ ഗൈഡ് ഡോ. സാംസൺ ഡേവിസ് പടയാട്ടി എന്നിവർ കണ്ടെത്തിയതു 113 ഇനം പക്ഷികളെയും 102 ഇനം ചിത്രശലഭങ്ങളെയുമാണ്. ഇതിൽ വംശനാശഭീഷണി നേരിടുന്നതും സംരക്ഷിക്കപ്പെട്ടിട്ടുള്ളതും മാത്രമല്ല, കാണാൻ കൊള്ളാവുന്നവരും നഗരത്തിൽ പൊതുവെ കാണാത്തവരുമുണ്ട്.

ചാരമരപ്പൊട്ടൻ (Parus cinereus)

നഗരത്തിൽ അപൂർവമായ ചാരമരപ്പൊട്ടനെ കൊച്ചിയിലെ ഇടതൂർന്ന മരങ്ങളുള്ള പ്രദേശങ്ങളിൽ നിന്നാണു കണ്ടെത്തിയത്. മലകളിലും കാടുകളിലും എസ്റ്റേറ്റുകളിലുമാണു പൊതുവെ കാണുന്നത്. മരക്കൊമ്പുകളിൽ ചാടിനടന്ന്, ചെറിയ പ്രാണികളെയും പുഴുക്കളെയും ഭക്ഷിക്കുന്ന ഈ കൊച്ചു പക്ഷി മരങ്ങളിലുള്ള ചെറു മാളങ്ങളിലാണു കൂടുണ്ടാക്കുന്നത്. 

നഗരത്തിലെ ആവാസ വ്യവസ്ഥകളിലെ വൈവിധ്യം പക്ഷികളുടെയും ചിത്രശലഭങ്ങളുടെയും എണ്ണം വർധിക്കാനിടയാക്കിയതായി എബിൻ ജോസ്‌ലിഫ് പറഞ്ഞു.  ‘കൊച്ചിയിലെ കണ്ടൽക്കാടുകളിലും ചതുപ്പുകളിലും ഇടതൂർന്ന വൃക്ഷങ്ങളുള്ള സംരക്ഷിത മേഖലകളിലുമാണു സർവ സാധാരണമല്ലാത്ത പക്ഷികളെ നിരീക്ഷിക്കാനായത്. അപൂർവ ചിത്രശലഭങ്ങൾ കണ്ടെത്തിയതു മരങ്ങൾ തിങ്ങിനിറഞ്ഞ സംരക്ഷിതപ്രദേശങ്ങളിലും കുറ്റിക്കാടുകളിലും പുൽമേടുകളിലുമാണ്.

തേൻകൊതിച്ചിപ്പരുന്ത് (Pernis ptilorhynchus)

Pernis ptilorhynchus

ഉയർന്ന കെട്ടിടങ്ങളിലെ കൂറ്റൻ തേൻകൂടുകളാകാം തേൻകൊതിച്ചിപ്പരുന്തിനെ നഗരത്തിലേക്ക് ആകർഷിച്ചത്. തേനും തേനീച്ചക്കുഞ്ഞുങ്ങളും തേനീച്ചക്കൂട്ടിലെ കീടങ്ങളും ഇഷ്ടയാഹാരം. സാധാരണ, മലമ്പ്രദേശങ്ങളിലാണു കാണാറുള്ളത്.  കൊച്ചിയിലെ ഉയർന്ന മരങ്ങളുടെ ശിഖരങ്ങളിലാണു കണ്ടെത്തിയത്.  

നഗരത്തിന്റെ തിരക്കിലും മനുഷ്യരോടൊപ്പം ജീവിക്കാൻ മടിക്കാത്ത ഒട്ടേറെ പക്ഷികളും ചിത്രശലഭങ്ങളും കൊച്ചിയിലുണ്ട്. തിരക്കേറിയ റോഡുകളിലും ശബ്ദമുഖരിതമായ റെയിൽവേ ട്രാക്കുകളിലും  വ്യവസായ മേഖലകളിലും അങ്ങാടികളിലും കോൺക്രീറ്റ്‌ കെട്ടിടങ്ങളിലും കാണുന്ന ഇക്കൂട്ടർക്കു നഗരജീവിതത്തോട് ഇണങ്ങിച്ചേരാനുള്ള അനുകൂല ഘടകങ്ങളുണ്ട്‌. നഗരത്തിലെ ഭക്ഷ്യമാലിന്യങ്ങൾ കാക്കകൾ, പരുന്തുകൾ, മൈനകൾ തുടങ്ങിയ പക്ഷികളെ കൂടുതലായി ആകർഷിക്കുന്നു.

പുള്ളിച്ചുണ്ടൻ താറാവ്  (Anas poecilorhyncha)

Anas poecilorhyncha

നഗരത്തിൽ സാധാരണമല്ലാത്ത പുള്ളിച്ചുണ്ടൻ താറാവ് ചതുപ്പുകളിലാണു കാണുന്നത്. അധികം ആഴമില്ലാത്ത വെള്ളത്തിൽ മുങ്ങിത്തപ്പിയാണ് ഇര തേടുന്നത്. കൊച്ചി നഗരത്തിലെ ചതുപ്പുനിലങ്ങൾ ഒട്ടേറെ ജലപ്പക്ഷികളെ ആകർഷിക്കുന്നുണ്ട്. ബഹുനിലക്കെട്ടിടങ്ങളിൽ കൂടൊരുക്കാൻ കിട്ടുന്ന  'കുഞ്ഞിടങ്ങളാണ്' അമ്പലപ്രാവുകളെ ആകർഷിക്കുന്നത്. 

നഗരോദ്യാനങ്ങളിലെ തദ്ദേശീയവും വിദേശീയവുമായ പൂച്ചെടികൾ ചിത്രശലങ്ങളുടെ ആതിഥേയ സസ്യങ്ങളായി (ചിത്രശലഭങ്ങൾ മുട്ടയിടാൻ തിരഞ്ഞെടുക്കുന്ന സസ്യങ്ങൾ). നഗരത്തിലെ മുസാണ്ട (വെള്ളില) ഇനങ്ങളിൽ അതിഥിയായ വെള്ളിലത്തോഴി, അലങ്കാരപ്പനകളിൽ അതിഥിയായ ഓലക്കണ്ടൻ തുടങ്ങിയവ ഉദാഹരണങ്ങളാണ്. നഗരത്തിൽ പലയിടങ്ങളിലും പടർന്നുപിടിച്ചിട്ടുള്ള അധിനിവേശ സ്പീഷീസായ കൊങ്ങിണിപ്പൂച്ചെടിയിൽ (അരിപ്പൂച്ചെടി) തേൻനുകരുന്ന ചിത്രശലഭങ്ങൾ പതിവുകാഴ്‌ചയാണ്‌.’ ജോസ്‌ലിഫ് പറഞ്ഞു. 

ചിത്രിത (Vanessa cardui)

Vanessa-cardui

ലോകത്ത് മിക്കവാറും എല്ലാ ഭൂഖണ്ഡങ്ങളിലും കാണുന്ന ദേശാടനസ്വഭാവമുള്ള ചിത്രിത എന്ന ചിത്രശലഭം ആതിഥേയസസ്യം തേടി എത്ര ദൂരം സഞ്ചരിക്കാനും മടിക്കാറില്ല. കൊച്ചിയിലെ ഏറ്റവും തിരക്കേറിയ പ്രദേശങ്ങളിൽപോലും ഇവയെ കാണാം. പശ്ചിമഘട്ടത്തിലെ മലമ്പ്രദേശങ്ങളിൽ നിരീക്ഷിക്കപ്പെട്ടിട്ടുള്ള ചിത്രിതയെ നഗരത്തിൽ കണ്ടെത്തുന്നത് അപൂർവമായാണ്. 

പക്ഷികൾ, ശലഭങ്ങൾ

നഗരങ്ങളിൽ സാധാരണമല്ലാത്ത കറുപ്പും വെളുപ്പും കലർന്ന  പുള്ളിമീൻകൊത്തി (Ceryle rudis),  കൊമ്പൻകുയിൽ (Clamator jacobinus), നാട്ടിൻപുറങ്ങളിൽ കാണുന്ന ചിത്തഭ്രമപ്പക്ഷി അഥവാ പേക്കുയിൽ (Hierococcyx varius),  ചെമ്പൻപാടി (Mirafra affinis), വരണ്ടപ്രദേശങ്ങളിലെ കുറ്റിക്കാടുകൾ ഇഷ്ടപ്പെടുന്ന തവിടൻ ബുൾബുൾ (Pycnonotus luteolus) തുടങ്ങിയ പക്ഷികളെ കൊച്ചി നഗരത്തിൽ നിരീക്ഷിച്ചിട്ടുണ്ട്.

സൂര്യശലഭം (Curetis thetis)

Curetis thetis

വനപ്രദേശങ്ങളിലും അരുവിയോരങ്ങളിലും കണ്ടൽക്കാടുകളിലും പാറിനടക്കുകയും ഇലത്തലപ്പുകളിൽ ചിറകു  പാതി തുറന്നു വെയിൽ കായുകയും ചെയ്യുന്ന സൂര്യശലഭം കൊച്ചി നഗരത്തിൽ കണ്ടെത്തിയത് ആദ്യമായാണ്. കൊച്ചിയിലെ കണ്ടൽക്കാടുകളുടെ സാന്നിധ്യമായിരിക്കാം ഇവയെ നഗരവാസിയാക്കിയത്.

കുന്നിൻചരിവുകളിലും കാവുകളിലും കാണുന്ന വളരെ  ഉയരത്തിൽ പറന്നുപൊങ്ങുന്ന ചെഞ്ചിറകൻ (Hebomoia glaucippe), കാടുകളിലെ നനവാർന്ന പ്രദേശങ്ങളിൽ കാണുന്ന നീലവരയൻ കോമാളി (Discolampa ethion), കാട്ടുപ്രദേശങ്ങളിലും നാട്ടിൻപുറത്തും കാണുന്ന കുഞ്ഞിവാലൻ (Loxura atymnus), കുഞ്ഞിപ്പരപ്പൻ (Sarangesa dasahara), കാടുകളും സമതലങ്ങളും ഇഷ്ടപ്പെടുന്ന ചെറുപുള്ളിച്ചാടൻ (Spialia galba), മുളങ്കാടുകളിൽ കണ്ടുവരുന്ന ചെങ്കണ്ണി (Matapa aria) തുടങ്ങിയ ചിത്രശലഭങ്ങളെയും എബിനും ഡോ. സാംസൺ ഡേവിസും കൊച്ചിയിൽ നിരീക്ഷിച്ചിട്ടുണ്ട്.  ജൈവ വൈവിധ്യ സംരക്ഷണമെന്നാൽ, കാട്ടിലും നാട്ടിൻപുറങ്ങളിലും മാത്രം ഒതുങ്ങേണ്ടതല്ലെന്നും നഗരങ്ങളിലും അതു വേണമെന്നും എബിനും ഡോ. സാംസൺ ഡേവിസും പറയുന്നു.

ചോക്കലേറ്റ് ആൽബട്രോസ് (Appias lyncida)

Appias lyncida

ദക്ഷിണേന്ത്യയിൽ പ്രധാനമായി പശ്ചിമഘട്ടത്തിൽ കാണുന്ന ചോക്കലേറ്റ് ആൽബട്രോസ് എന്ന ചിത്രശലഭം കൊച്ചി നഗരത്തിൽ ആദ്യമായാണു നിരീക്ഷിക്കപ്പെടുന്നത്. വംശനാശഭീഷണി നേരിടുന്ന ഇവ വന്യജീവിസംരക്ഷണ നിയമത്തിന്റെ ഷെഡ്യൂൾ രണ്ടിൽപെടുന്നു. അരുവിയോരങ്ങളിലും പൊന്തകളിലും വെട്ടിത്തെളിച്ച കാടുകളിലുമാണ് ഇവയെ പൊതുവെ കാണുന്നത്. 

നഗരവന്യജീവി സംരക്ഷണം

യുഎസിലെ സാന്റ മോണിക്ക കുന്നുകളിൽ നിന്നു നഗരത്തിലേക്ക് ഒരു സിംഹം വർഷങ്ങൾക്കു മുൻപൊരു യാത്ര നടത്തി. പി22 എന്നു ശാസ്ത്രലോകം പേരിട്ട ആ പർവത സിംഹത്തെ (മൗണ്ടൻ ലയൺ) 2012 ലാണു ലോസാഞ്ചലസ് നഗരത്തിനു സമീപമുള്ള ഗ്രിഫിത് നാഷനൽ പാർക്ക് എന്ന ചെറിയ സംരക്ഷിത വനപ്രദേശത്തു കണ്ടെത്തിയത്.

പി22 പർവത സിംഹത്തിന്റെ  അവിശ്വസനീയമെന്നു തോന്നാവുന്ന യാത്ര നഗരവന്യജീവി സംരക്ഷണത്തിന്റെയു പഠനത്തിന്റെയും പുതിയ വാതിലുകൾ തുറന്നു. യുഎസിലെ നാഷനൽ വൈൽഡ് ലൈഫ് ഫെഡറേഷൻ, ഈമാസം 13 മുതൽ 19 വരെ നഗരവന്യജീവി വാരം ആഘോഷിച്ചതു പി22 നടന്നുപോയ അതേ പാതയിലൂടെ, 80 കിലോമീറ്ററുകളോളം കാൽനട യാത്ര നടത്തിയാണ്. 

English Summary: 102 butterfly, 113 bird species spotted in Kochi

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EARTH N COLORS
SHOW MORE
FROM ONMANORAMA