ADVERTISEMENT

ജില്ലയിലെ ആദ്യ പക്ഷി ഗ്രാമം ആകാൻ ഒരുങ്ങുന്ന കിദൂരിൽ കരിങ്കൽ ക്വാറി തുടങ്ങാനുള്ള നീക്കം പരിസ്ഥിതി പ്രവർത്തകരെ ആശങ്കപ്പെടുത്തുന്നു. പക്ഷി ഗ്രാമത്തിന്റെ തൊട്ടടുത്താണ് ക്വാറി തുടങ്ങാൻ സ്ഥലം കണ്ടെത്തിയിട്ടുള്ളത്. ക്വാറിയിൽ സ്ഫോടനം നടത്തുമ്പോൾ ഇവിടെയുള്ള പക്ഷികളെല്ലാം മറ്റൊരു സ്ഥലത്തേക്ക് ചേക്കേറാനുള്ള സാധ്യതയാണ് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത്. രണ്ടു സർവേ നമ്പറുകളിലായി 5 ഏക്കറിലധികം സ്ഥലമാണ് ക്വാറിക്കു വേണ്ടി വാങ്ങിയിട്ടുള്ളത്.‌

‌ഈ സ്ഥലത്തോട് ചേർന്നു കിടക്കുന്ന റവന്യു വകുപ്പിന്റെ 10 ഏക്കർ സ്ഥലത്തെയാണ് പക്ഷി ഗ്രാമമായി വിജ്ഞാപനം ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുന്നത്. കുമ്പള പഞ്ചായത്ത് ഭരണസമിതിയും ജൈവ വൈവിധ്യ പരിപാലന സമിതിയും ഇതിനുള്ള പദ്ധതി തയാറാക്കി ജില്ലാ ഭരണകൂടത്തിനു സമർപ്പിച്ചിരുന്നു. പരിസ്ഥിതി അനുമതി ഉൾപ്പെടെ നൽകിയെങ്കിലും സ്ഫോടക വസ്തുക്കൾ ഉപയോഗിക്കാൻ എഡിഎമ്മിന്റെ നിരാക്ഷേപ പത്രവും മൈനിങ് ആൻഡ് ജിയോളജി  വകുപ്പിന്റെ അന്തിമ അനുമതിയും ബാക്കിയുണ്ട്.‌

പഠിക്കാൻ ജൈവ വൈവിധ്യ ബോർഡ്

‌ക്വാറി പക്ഷി ഗ്രാമത്തെ എങ്ങനെ ബാധിക്കുമെന്ന് പഠിക്കാൻ ജൈവവൈവിധ്യ ബോർഡ് നിയോഗിച്ച സാങ്കേതിക വിദഗ്ദർ കിദൂർ സന്ദർശിച്ചു. കല്ക്ടറുടെ നിർദേശ പ്രകാരമാണ് സംഘത്തിന്റെ സന്ദർശനം.കാസർകോട് വനം റേഞ്ച് ഓഫിസർ എൻ. അനിൽ കുമാറിന്റെ നേതൃത്വത്തിൽ പരിസ്ഥിതി പ്രവർത്തകരായ ഡോ. ഇ. ഉണ്ണികൃഷ്ണൻ, പ്രഫ. വി.ഗോപിനാഥൻ, കേന്ദ്രസർവകലാശാലയിലെ അസി.പ്രഫസർ ഡോ.രാമചന്ദ്രൻ കോതാറമ്പത്ത്, ജൈവവൈവിധ്യ ബോർഡ് ജില്ലാ കോ ഓർഡിനേറ്റർ കിരൺ തോമസ് എന്നിവരടങ്ങിയ സമിതിയാണ് സ്ഥലം സന്ദർശിച്ചത്. ഒരാഴ്ചയ്ക്കകം കലക്ടർക്കു റിപ്പോർട്ട് നൽകും.‌

‌പ്രാഥമിക അനുമതി ലഭിച്ചതിനു ശേഷമാണ് ക്വാറി തുടങ്ങാനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോയത്. അതിനു ശേഷമാണ് പക്ഷിഗ്രാമം എന്ന ആശയം രൂപപ്പെട്ടത്. പക്ഷിഗ്രാമത്തിന്റെ കാര്യം ആദ്യം തന്നെ അറിയിച്ചിരുന്നെങ്കിൽ ക്വാറി തുടങ്ങാനുള്ള നീക്കത്തിൽ നിന്ന് പിന്മാറുമായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com