ADVERTISEMENT

അപൂർവ ജൈവവൈവിധ്യകേന്ദ്രമായ ആലക്കോട്  ഈയ്യഭരണി തുരുത്ത് നാശത്തിലേക്ക്. വർഷങ്ങൾക്കു മുൻപ് ഏറെ കൊട്ടിഘോഷിച്ച് ഉയർത്തിക്കൊണ്ടു വന്ന സ്ഥലം ഇന്നു സംരക്ഷണമില്ലാതെ  മണൽമാഫിയയുടെയും  സാമൂഹികവിരുദ്ധരുടെയും താവളമായി മാറി. മണക്കടവ്പുഴ കുട്ടാപറമ്പിനടുത്തുള്ള നെടുവോട്ട് വേർതിരിഞ്ഞൊഴുകുന്നതിന് ഇടയിലുള്ള അഞ്ചേക്കറോളമാണു തുരുത്ത്.

കോളി, പൂവഞ്ചാൽ, പരപ്പ, നെടുവോട് എന്നിവിടങ്ങളിലെ മലകളാൽ ചുറ്റപ്പെട്ടുകിടക്കുന്ന തുരുത്ത് പ്രകൃതിരമണീയമായ പ്രദേശം കൂടിയാണ്. നൂറ്റാണ്ടു പഴക്കമുള്ള വൻമരങ്ങൾ, അപൂർവ സസ്യങ്ങൾ, വംശനാശം നേരിടുന്ന മത്സ്യങ്ങൾ, അന്യം സംഭവിച്ചുകൊണ്ടിരിക്കുന്ന പക്ഷികൾ, കൗതുക രൂപത്തിലുള്ള ശിലകൾ, മനോഹരമായ ജലാശയം എന്നിവ ഈ തുരുത്തിലുണ്ട്.

1993 വരെ തുരുത്തിലെ മൂന്ന് ഏക്കർ ഭൂമി കൃഷിക്കായി പഞ്ചായത്ത് പാട്ടത്തിനു നൽകിയിരുന്നു. പിന്നീടാണ് തുരുത്തിലെ ജൈവസമ്പത്ത് കണ്ട് ഇക്കോടൂറിസം നടപ്പാക്കാനുളള പദ്ധതികൾ ആസൂത്രണം ചെയ്തത്. കുറെക്കാലം സംരക്ഷിച്ചുവെങ്കിലും പിന്നീട് അധികൃതർ തിരിഞ്ഞുനോക്കാതെയായി.

തുരുത്തിന്റെ സംരക്ഷണത്തിനായി നിർമിച്ച വേലിയും പ്രവേശനകവാടവും ഇന്ന് ജീർണാവസ്ഥയിലാണ്. പ്രതിഷേധം ഉയർന്നപ്പോൾ തുരുത്തിന്റെ പുനരുദ്ധാരണത്തിനു പദ്ധതികൾ നടപ്പാക്കുമെന്ന് പഞ്ചായത്ത് പറഞ്ഞെങ്കിലും നടപ്പായില്ല. ഇതിനിടെ തുരുത്തിൽ വൻ തീപിടിത്തമുണ്ടായി ഒട്ടേറെ ജൈവവൈവിധ്യങ്ങൾ നശിച്ചു.

ഈയ്യഭരണി തുരുത്തിലേക്ക് അധികൃതർ തിരിഞ്ഞുനോക്കാതായതോടെ പതിറ്റാണ്ടുകൾ പഴക്കമുള്ള വൻമരങ്ങൾ കടപുഴകി നശിച്ചു തുടങ്ങി.തുരുത്തിൽ ചേക്കേറിയിരുന്ന പക്ഷികളും കൈവിട്ടു തുടങ്ങി. പുഴയോരത്ത് കൊത്തിവച്ചതു പോലെ കാണപ്പെട്ട ശിലാരൂപങ്ങൾ കരയിടിച്ചിലിനെ തുടർന്നു വികൃതമായിക്കൊണ്ടിരിക്കുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com