ഈനാംപേച്ചിയും ഒരു ദിവസം മാത്രം പ്രായമായ കുഞ്ഞും; അപൂർവ ദൃശ്യങ്ങൾ

 Adorable video of baby pangolin with its mother
SHARE

ലോകത്തിൽ ഏറ്റവുമധികം വേട്ടയാടപ്പെടുന്ന മൃഗം ഏതാണ്? വെറും 30 മുതൽ 100 സെന്റീമീറ്റർ വരെ മാത്രം നീളമുള്ള ഈനാംപേച്ചിയാണ് ആ മൃഗം. അങ്ങനെയുള്ള ഒരു ഈനാംപേച്ചിയുടെയും അതിന്റെ ഒരു ദിവസം മാത്രം പ്രായമായ കുഞ്ഞിന്റെയും ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ഈ അപൂർവ ദൃശ്യങ്ങൾ ട്വിറ്ററിലൂടെ പങ്കുവച്ചത്.  ലോകത്താകെ എട്ടിനം ഈനാംപേച്ചികളാണഉള്ളത്. ഇവയെല്ലാം തന്നെ ഇന്റർനാഷനൽ യൂണിയൻ ഫോർ ദ് കൺസർവേഷൻ ഓഫ് നേച്ചറിന്റെ (ഐയുസിഎൻ) വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളുടെ പട്ടികയായ റെഡ് ലിസ്റ്റിലുണ്ട്. കേരളത്തിലും അപൂർവമായി ഇവയെ കാണാം.

ശരീരത്തെ അപേക്ഷിച്ച് വളരെ ചെറിയ കണ്ണുകളായതിനാൽ ഈനാംപേച്ചികൾക്ക് കാഴ്ചശക്തി കുറവാണ്. കൂടാതെ ഒരിനമൊഴിച്ച് ബാക്കിയെല്ലാം രാത്രി മാത്രമേ പുറത്തിറങ്ങൂ. കേൾവിശക്തിയും ഘ്രാണശക്തിയും പക്ഷേ അപാരമാണ്. നീളൻ നാവുപയോഗിച്ച് ഭക്ഷണമാക്കുന്നതാകട്ടെ ചിതലുകളെയും ഉറുമ്പുകളെയും. ചിതൽപ്പുറ്റുകളുടെയും മറ്റും സമീപം ഇവയുണ്ടാകുമെന്നുറപ്പുള്ള വേട്ടക്കാർ രാത്രിയിൽ കണ്ണിലേക്ക് ശക്തമായി വെളിച്ചമടിച്ച് നിർത്തി ഇവയെ കൊന്നൊടുക്കുകയാണ് പതിവ്.

ആരുടെയെങ്കിലും മുന്നിൽപ്പെട്ടാൽ ‘ഉരുണ്ടുകൂടി’ കിടക്കുകയാണ് തന്ത്രമെങ്കിലും വേട്ടക്കാരുടെ കെണികൾക്കു മുന്നിൽ അതും വിലപ്പോകാറില്ല. കാടുകൾ വെട്ടിത്തെളിക്കുന്നതും കൃഷിയിടങ്ങളിലെ കീടനാശിനി പ്രയോഗവും വൈദ്യുതവേലികളുമെല്ലാം ഈനാംപേച്ചികളുടെ എണ്ണം കുറയ്ക്കാൻ കൂട്ടായുമുണ്ട്. നേരത്തെ 50 കോടിയോളം രൂപ മുടക്കി രാജ്യാന്തര തലത്തിൽ തന്നെ ഈനാംപേച്ചികളെ സംരക്ഷിക്കാൻ ശ്രമമുണ്ടായിരുന്നു.

ഈനാംപേച്ചികളെ പിടികൂടുന്നതും കടത്തുന്നതും ശിക്ഷാർഹമാണ്. ഏഷ്യൻ രാജ്യങ്ങളായ ചൈനയും വിയറ്റ്നാമുമൊക്കെയാണ് ഈനാംപേച്ചിക്കച്ചവടക്കാരുടെ പ്രധാന മാർക്കറ്റ്. വിലക്കുണ്ടെങ്കിലും വിയറ്റ്നാമിലെ പല റസ്റ്ററന്റുകളിലെയും വിശിഷ്ടഭോജ്യമാണ് ഈനാംപേച്ചിയുടെ മാംസം കൊണ്ടുള്ള വിഭവങ്ങൾ. കൂടാതെ ഇവയുടെ ശരീരത്തിലെ ശൽക്കങ്ങൾ വിവിധ രോഗങ്ങള്‍ ഭേദമാക്കുമെന്ന അന്ധവിശ്വാസവുമുണ്ട്.

English Summary: Adorable video of baby pangolin with its mother

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EARTH N COLORS
SHOW MORE
FROM ONMANORAMA