ADVERTISEMENT

ഇടുക്കി തൊടുപുഴയ്ക്ക് സമീപം വര്‍ണക്കാഴ്ച്ചയൊരുക്കി ചിത്രശലഭക്കൂട്ടം. ആയിരക്കണക്കിന് ചിത്രശലഭങ്ങളാണ് പറമ്പില്‍ പാറിനടക്കുന്നത്. ശലഭക്കാഴ്ച്ചകാണാന്‍ നിരവധിയാളുകളാണ് മലകയറിയെത്തുന്നത്. തിരുമല ഹാമാറ്റ ഇനത്തിൽപെട്ട ബ്ലൂ ടൈഗർ ചിത്രശലഭങ്ങളാണിത്. സഞ്ചാരികളായ ഈ ചിത്രശലഭങ്ങളെ പ്രജനന കാലത്താണ് ഇങ്ങനെ കൂട്ടമായി കാണുക. തൊടുപുഴ ഇഞ്ചിയാനി ശവക്കോട്ടപ്പാറയ്ക്ക് സമീപം ഊരാളിക്കുന്നേല്‍ ജെസിയുടെ പുരയിടമാണ് ചിത്രശലഭങ്ങളുടെ  താവളമായത്.  ഇത്രയേറെ ശലഭങ്ങള്‍ ഇവിടെ വിരുന്നെത്തുന്നതും ആദ്യം. ചിത്രശലഭങ്ങളെ കാണാനും പഠിക്കാനും  നിരവധിയാളുകളും ഇവിടേയ്ക്ക് എത്തുന്നുണ്ട്.സൗത്ത് ഈസ്റ്റ്‌ ഏഷ്യ, ഓസ്ട്രേലിയ മേഖലകളിലാണ് ഇവയെ കൂടുതലായി കാണാൻ കഴിയുന്നത്. കേരളത്തിലും ഇത്തരം ചിത്രശലഭങ്ങളെ  കാണാറുണ്ടെങ്കിലും ഇത്രയധികം അപൂർവ കാഴ്ചയാണ്.

ചെറു സസ്യങ്ങളിൽ ഒത്തുകൂടിയിരിക്കുന്ന ഇവ ഇപ്പോൾ ദേശാടനത്തിന് മുൻപായി ഇവ ഒത്തുചേർന്ന് വിശ്രമിക്കുന്നതാണെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം. ഇവ സസ്യങ്ങളിൽ സംഗമിക്കുന്നതിനാൽ പരാഗണം നടക്കും. പല അപൂർവ സസ്യങ്ങളുടെയും നിലനിൽപിന് ഇത്തരം സംഗമങ്ങൾ കാരണമാകുന്നതായി വിദഗ്ധർ പറയുന്നു. പ്രധാന ഔഷധസസ്യമായ കാട്ടകത്തി പോലെയുള്ള സസ്യങ്ങളുടെ നിലനിൽപിന് ഇത്തരം ശലഭങ്ങളുടെ സംഗമം കാരണമായിത്തീരുന്നതായി ഇവർ പറയുന്നു. 

butterflies-sighted-in-idukki

സൂര്യന്റെ സമയസൂചിക്കനുസരിച്ച് പറക്കുന്ന പൂമ്പാറ്റകൾക്ക് അരുവിയോരവും വയലേലകളും ഒഴിഞ്ഞ പാതകളുമാണ് സഞ്ചാരപഥം. ഇഷ്‌ടസസ്യങ്ങളിൽ കൂട്ടം കൂടിയിരിക്കുന്ന ഇവ പത്തരയോടെ ദേശാടനം തുടങ്ങുന്നു. ഉച്ചയോടെ മൂക്കുന്ന ദേശാടനം വൈകിട്ട് മൂന്നോടെ വിശ്രമത്തിനു വഴിമാറും. ഇന്ത്യയിൽ അറുപതിലേറെ ശലഭയിനങ്ങൾ ദേശാടകരായുണ്ട്. കേരളത്തിൽ നാൽപ്പത്തഞ്ചോളം ഇനങ്ങളും. കരിനീലക്കടുവ, നീലക്കടുവ, തെളിനീലക്കടുവ, വരയൻകടുവ, അരളിശലഭം, ആൽബട്രോസ്, തകരമുത്തി എന്നിവയാണ് കേരളത്തിലെ പ്രമുഖ ദേശാടകർ. 

കരിനീലക്കടുവ, നീലക്കടുവ, അരളിശലഭം എന്നിവയുടെ കൂട്ടംകൂടൽ ദേശാടനപ്പറക്കലിന്റെ മുന്നോടിയാണെന്ന് നിഗമനം. കിലുക്കച്ചെടി, തേൾക്കട, അപ്പ തുടങ്ങിയ സസ്യങ്ങളിലാണ് ഇവ കൂട്ടംചേരുക.സൂര്യനു ശലഭദേശാടനവുമായി ബന്ധമുണ്ടെന്നതിന്റെ സൂചനയാണിത്. തറയിൽനിന്നു രണ്ടു മീറ്റർ ഉയരത്തിൽ മൂന്നു മുതൽ 15 വരെ എണ്ണങ്ങളുള്ള ചെറുകൂട്ടങ്ങൾ ഒഴുകിപ്പറക്കുകയാണു ചെയ്യുന്നത്. മിനിറ്റിൽ 500 എണ്ണം വരെ കടന്നുപോകാറുണ്ട്.

ചെറുതും വലുതുമായ കൂട്ടങ്ങളയണിവ സഞ്ചരിക്കുന്നത്. ഈ യാത്രയ്‌ക്കിടയിൽ അരുവിയോരത്തെ നനഞ്ഞ മണ്ണിൽ മഡ്‌പഡ്‌ലിങ്ങിൽ ഏർപ്പെടറുണ്ട്. സംഗമത്തോടൊപ്പം ശലഭങ്ങൾ ചെളിയൂറ്റന്ന കാഴ്‌ചയും നവ്യാനുഭൂതിയാണ്. നനഞ്ഞ മണ്ണിൽ നിന്ന് അമ്ലം ശേഖരിച്ച് പ്രത്യുൽപാദനത്തിന് ഒരുങ്ങുകയാണ് ഇതിലൂടെ ശലഭങ്ങൾ ചെയ്യുന്നത്. കൂടുതലും ആൺ ശലഭങ്ങളാണ് ഇത് ചെയ്‌തുവരുന്നത്. നൂറുകണക്കിന് ശലഭങ്ങൾ ഇങ്ങനെ ഒന്നിച്ചു ചേരുന്ന കാഴ്‌ച ഏതൊരു ശലഭനിരീക്ഷകന്റെയും അകം കുളിർപ്പിക്കുന്നതാണ്. പ്രത്യുൽപദനത്തിനവശ്യമയ അധിക പോഷണം വലിച്ചെടുക്കാനാണ് ഇങ്ങനെ മഡ്‌പഡ്‌ലിങ്ങിൽ ഏർപ്പെടുന്നത്.

പക്ഷിദേശാടനത്തിനു കാരണം ഭക്ഷണവും പ്രജനനവും കാലാവസ്‌ഥയുമാണെന്നു ശാസ്‌ത്രലോകം ഉറപ്പിക്കുമ്പോൾ ശലഭദേശാടനത്തിന്റെ കാരണങ്ങൾ ഇന്നും അജ്‌ഞാതം. ഒരിടത്ത് എണ്ണപ്പെരുക്കമുണ്ടാകുമ്പോൾ മറ്റൊരിടം തേടുന്നതായിരിക്കാമെന്ന് നിഗമനം. തണുപ്പുകാലത്ത് കാനഡയിൽനിന്നു 3200 കിലോമീറ്റർ താണ്ടി മെക്‌സിക്കോയിലേക്കു പറക്കുന്ന മൊണാർക്ക് ശലഭങ്ങൾ ലോകപ്രശസ്‌തരാണ്.

English Summary:  Blue tigers pull crowd to Idukki

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com