ADVERTISEMENT

ഭൂമിയെമ്പാടും സമുദ്രങ്ങളുടെ അടിത്തട്ടിലായി ഭീകരമായ അളവില്‍ ‌മീഥൈൻ വ്യാപിച്ചു കിടക്കുന്നുവെന്നാണ് സമീപകാലത്തു നടന്ന പഠനങ്ങളില്‍ വ്യക്തമായത്. സമുദ്രാന്തര്‍ഭാഗത്തെ പാറകളിലായി മീഥൈനിന്‍റെ സാന്നിധ്യം വലിയ അളവില്‍ കണ്ടെത്തിയതോടെയാണ് ഈ നിഗമനത്തിലേക്കു ഗവേഷകരെത്തിയിരിക്കുന്നത്. പലയിടങ്ങളിലും വലിയ അളവില്‍ തന്നെ ‌മീഥൈൻ ശേഖരിക്കപ്പെട്ടിരിക്കുന്ന ഖനികള്‍ തന്നെയുണ്ടെന്നാണ് ഇവര്‍ കണക്കുകൂട്ടുന്നത്. വാതക രൂപത്തില്‍ തന്നെയാണ് ഇവയുടെ ഭൂരിഭാഗവും ശേഖരിക്കപ്പെട്ടിരിക്കുന്നത്. ‌

വഴികാട്ടിയായത് പാറക്കല്ലുകള്‍‌

‌‌‌ജൈവീകമായ ഒരു വസ്തുവിലും കാണപ്പെടാത്ത അബയോട്ടിക് മീഥൈനാണ് ഈ ഖനികളില്‍ കണ്ടെത്തിയിരിക്കുന്നത്. വാതക രൂപത്തിലുള്ള ഇവ കടല്‍ത്തട്ടിനടിയിലായി കാണപ്പെടുമെന്ന വസ്തുത ശാസ്ത്രം മുന്‍പ് തന്നെ മനസ്സിലാക്കിയിരുന്നു. കടല്‍ത്തട്ടിലെ വിള്ളലുകളിലൂടെ ഇവ പുറത്തു വരുന്നതിലൂടെയാണ് മീഥൈനിന്‍റെ സാന്നിധ്യം ഗവേഷകര്‍ക്ക് മനസ്സിലായത്. പക്ഷേ ഇവ എങ്ങനെ കടല്‍ത്തട്ടിനടിയിൽ രൂപപ്പെടുന്നു എന്നുള്ളത് ഇപ്പോഴും ഗവേഷകര്‍ക്ക് ഉത്തരം കിട്ടാത്ത ചോദ്യമാണ്. ‌

‌രണ്ട് തരത്തിലാണ് ‌മീഥൈൻ പ്രകൃതിയില്‍ കാണപ്പെടുന്നത്. ഒന്ന് ജൈവീകമായ വസ്തുക്കളില്‍ കാണപ്പെടുന്നവ. ഉദാഹരണത്തിന് പശുവിന്‍റെ ചാണകത്തിലുള്ള ‌മീഥൈൻ. രണ്ടാമത്തേത് അജൈവ വസ്തുക്കളില്‍ കാണപ്പെടുന്ന മീഥൈനാണ്. ജൈവ മൂലങ്ങളുടെ കലവറയായ കടലിന്‍റെ അടിത്തട്ടിന് അടിയിലായി അജൈവീകമായ ‌മീഥൈൻ എങ്ങനെയെത്തി എന്നുള്ള ചോദ്യം ഇന്നും പ്രഹേളികയാണെന്ന് വുഡ്സ് ഹോള്‍ ഓഷ്യാനോഗ്രാഫിക് ഇന്‍സ്റ്റിറ്റ്യൂഷനിലെ ഗവേഷകനായ ജെഫ്രി സീവാള്‍ഡ് പറയുന്നു.‌

‌‌സമുദ്രത്തിന്‍റെ അടിത്തട്ടിനു തൊട്ടുതാഴെ മുതല്‍ അപ്പര്‍ മാന്‍റില്‍ വരെയുള്ള ഭാഗങ്ങളിലെ പാറക്കെട്ടുകളിലാണ് പ്രധാനമായും ഈ അജൈവിക മീഥൈനിന്‍റെ സാന്നിധ്യം ഗവേഷകര്‍ കണ്ടെത്തിയത്. വിവിധ സമുദ്രങ്ങളുടെ അടിത്തട്ടുകള്‍ക്ക് താഴെയായി ഏതാണ്ട് 164 കല്ലുകളാണ് ശേഖരിച്ച് നിരീക്ഷണത്തിനു വിധേയമാക്കിയത്. സ്പെക്ട്രോസ്കോപി, മൈക്രോസ്കോപി തുടങ്ങിയ മാര്‍ഗങ്ങളിലൂടെ പഠനം നടത്തിയപ്പോള്‍ ഉയര്‍ന്ന അളവിലുള്ള ‌മീഥൈൻ വാതക സാന്നിധ്യവും ഹൈഡ്രജനും ഈ കല്ലുകളില്‍ കണ്ടെത്തി.‌

‌‌‌മീഥൈനിന്‍റെ ഉദ്ഭവം‌

‌‌‌അജൈവിക ‌മീഥൈൻ കടലിന്‍റെ അടിത്തട്ടിനും താഴെ എങ്ങനെയെത്തി എന്ന ചോദ്യത്തിന് ഗവേഷകര്‍ നല്‍കുന്ന പുതിയ വിശദീകരണം ഇങ്ങനെയാണ്. സമുദ്ര അടിത്തട്ടിനടിയിലായി  സ്ഥിതി ചെയ്യുന്ന ഓഷ്യാനിക് ക്രസ്റ്റിലേക്കെത്തുന്ന സമുദ്ര ജലമാണ് ഈ ‌മീഥൈൻ രൂപപ്പെടാന്‍ കാരണമെന്ന് ഇവര്‍ പറയുന്നു. ഓഷ്യാനിക് ക്രസ്റ്റില്‍ കാണപ്പെടുന്ന ഒലിവിന്‍ എന്ന കൊഴുത്ത ദ്രാവക സമാനമായ പദാർഥമുണ്ട്. പാറക്കല്ലുകളും മറ്റും രൂപപ്പെടുന്നത് ഇതില്‍ നിന്നാണ്. ഈ ദ്രാവകത്തിനിടയില്‍ കുടുങ്ങിപ്പോകുന്ന സമുദ്രജലമാണ് പിന്നീട് മീഥൈനായി മാറുന്നതെന്ന് ഗവേഷകര്‍ പറയുന്നു. ‌

‌ഒലിവിന്‍ എന്ന പദാർഥം തണുക്കുമ്പോള്‍ ഇതിനകത്ത് അകപ്പെട്ട സമുദ്രജലം സെര്‍പെന്‍റിനൈസേഷന്‍ എന്ന പ്രതിഭാസത്തിനു കാരണമാകുന്നു. ഇത് കടല്‍ജലത്തില്‍ നിന്ന് ഹൈഡ്രജനും മീഥൈനും വേര്‍പെടുന്നതിലേക്ക് വഴിവയ്ക്കുന്നു. തുടര്‍ന്ന് ഈ രണ്ട് വാതകങ്ങളും ഒലീവിന്‍ പാറകള്‍ക്കുള്ളില്‍ കുടുങ്ങി പോകുന്നു. കാലങ്ങള്‍ക്ക് ശേഷം എന്നെങ്കിലും ഭൗമാന്തര്‍ഭാഗത്തെ സമ്മര്‍ദം മൂലം ഈ പാറ വിഘടിക്കപ്പെടുമ്പോഴാണ് മീഥൈനും ഹൈഡ്രജനും പുറത്തു വരുന്നത്

English Summary: Massive pool of methane discovered hidden deep underground

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com