ADVERTISEMENT

സൈലന്റ്‌വാലിയിൽ നടത്തിയ ചിത്രശലഭ സർവേയിൽ 40 പുതിയ ചിത്രശലഭങ്ങളുടെ സാന്നിധ്യം രേഖപ്പെടുത്തി. ഇതോടെ ഇവിടെ 220 തരം ചിത്രശലഭങ്ങളുടെ വൈവിധ്യമായി. 2016ലെ സർവേയിൽ 180 ഇനങ്ങളെയാണു കണ്ടത്.  സൈലന്റ്‌വാലി ദേശീയോദ്യാനത്തിലും കരുതൽ മേഖലകളിലുമായി 22 മുതൽ 25 വരെ വനം വകുപ്പും മലബാർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയും ചേർന്നു നടത്തിയ നിരീക്ഷണത്തിൽ ആകെ 203 ഇനങ്ങളെയാണു കണ്ടത്.

നീലക്കടുവ (ബ്ലൂ ടൈഗർ), അരളി ശലഭം (ക്രോ) എന്നീ വിഭാഗങ്ങളിലെ ആയിരത്തോളം ചിത്രശലഭങ്ങളെ കണ്ടതാണു പ്രധാന ആകർഷണം. സാധാരണ കാണപ്പെടുന്ന നാരക ശലഭം (കോമൺ മർമൺ) അധികം ദൃശ്യമായില്ല. പശ്ചിമഘട്ടത്തിൽ പ്രധാനമായി കണ്ടുവരുന്ന വനദേവത (മലബാർ ട്രീ നിംഫ്), മലബാർ റോസ് എന്നിവ ഒട്ടേറെയുണ്ട്. ശ്വേതാംബരി (വൈറ്റ് ടഫ്റ്റഡ് റോയൽ) ആദ്യമായി സൈലന്റ്‌വാലിയിൽ രേഖപ്പെടുത്തി.

Butterflies

2016ലെ സർവേയിൽ കണ്ട തിരുവിതാംകൂർ കരിയില ശലഭം (ട്രാവൻകൂർ ഈവ്നിങ് ബ്രൗൺ) ഇത്തവണയും ദൃശ്യമായി.  18 ക്യാംപുകളിലായി 41 പേരാണു സർവേയിൽ പങ്കെടുത്തത്. നിലമ്പൂർ തെക്ക്, മുക്കാലി മേഖലകളിലെ 2 ക്യാംപുകളിൽ മാത്രം നൂറിലധികം ഇനങ്ങളെ കണ്ടു. ഇത്ര ചിത്രശലഭ വൈവിധ്യം ദൃശ്യമായതു സീസണിലല്ല എന്ന പ്രത്യേകതയുമുണ്ട്.

സൈലന്റ്‌വാലി വാർഡന്റെ ചുമതല വഹിക്കുന്ന ഡപ്യൂട്ടി കൺസർവേറ്റർ കെ.കെ. സുനിൽ കുമാർ, അസിസ്റ്റന്റ് വാർഡന്മാരായ വി. അജയഘോഷ്, എ. ആശാലത, കൺസർവേഷൻ ബയോളജിസ്റ്റ് അനുരാജ് ആർ. കൈമൾ, മലബാർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റി അംഗങ്ങളായ ബാലകൃഷ്ണൻ വളപ്പിൽ, വി.കെ.  ചന്ദ്രശേഖരൻ, സി. സുശാന്ത് തുടങ്ങിയവർ സർവേയ്ക്കു നേതൃത്വം നൽകി.

English Summary: 40 new butterfly species found in five day survey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com