അഗ്നിപർവതനിരയുടെ മുകളിലുള്ളത് 3 തടാകങ്ങൾ; നിറം മാറുന്ന ആത്മാക്കൾ കുടിയിരിക്കുന്ന തടാകങ്ങൾ!

Crater Lakes of Mount Kelimutu
SHARE

ഇന്തോനീഷ്യയിലെ തെക്കൻ കെലിമ്യുടു എന്ന അഗ്നിപർവതനിരയുടെ ഏറ്റവും മുകളിലായി മൂന്ന് ചെറിയ തടാകങ്ങളുണ്ട്.  അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന ഈ തടാകങ്ങൾക്ക്‌ ഭൂമിയിലെ മറ്റു തടാകങ്ങളിൽ നിന്നു വേറിട്ടു നിൽക്കുന്ന ഒരു സവിശേഷതയുണ്ട്. ഇവയ്ക്ക്‌ മൂന്നിനും മൂന്ന് നിറമാണ്. 

ഇവയിൽ ഏറ്റവുമധികം ജലമുള്ള തടാകമായ ടിവു അറ്റ ബൂപു എന്ന തടാകത്തിന് നല്ല നീല നിറമാണ്. പ്രായമായവരുടെ തടാകം എന്നാണ് ഈ പേരിന്റെ അർത്ഥം. ടിവു നുവ മുറി കൂ ഫൈ എന്നാണ് രണ്ടാമത്തെ തടാകത്തിന്റെ പേര്. യുവത്വത്തിൻറെ തടാകം എന്നാണ് ഈ പേര് അർത്ഥമാക്കുന്നത്. പച്ച നിറത്തിലാണ് തടാകം സാധാരണയായി കാണപ്പെടുന്നത്. ടിവു അറ്റ പോളോ എന്ന മൂന്നാമത്തെ തടാകമാകട്ടെ കൂടുതൽ സമയവും കാണപ്പെടുന്നത് ചുവന്ന നിറത്തിലാണ്. മോഹിപ്പിക്കുന്ന തടാകം എന്നാണ്  ഈ പേര് സൂചിപ്പിക്കുന്നത്.

നീല, പച്ച, ചുവപ്പ് എന്നീ നിറങ്ങളിലാണ് തടാകങ്ങൾ കാണപ്പെടുന്നതെങ്കിലും എപ്പോൾ വേണമെങ്കിലും അവയുടെ നിറങ്ങളിൽ വ്യത്യാസവും സംഭവിക്കാം. 2009 നവംബറിൽ കറുപ്പ്, പച്ച കലർന്ന നീല, തവിട്ട് എന്നീ നിറങ്ങളായിരുന്നു തടാകങ്ങൾക്ക്‌. എന്നാൽ 2010 ജൂലൈ ആയപ്പോഴേക്കും മൂന്നു തടാകങ്ങളും മൂന്നുതരം പച്ച നിറമാണ് സ്വീകരിച്ചത്. ഇത്തരത്തിൽ ഇടയ്ക്കിടെ ഇവ പല നിറങ്ങൾ സ്വീകരിക്കാറുണ്ട്.

ചില തടാകങ്ങളിൽ സാധാരണയായി  ബാക്ടീരിയകളുടെയും പായലിന്റെയും മറ്റും സാന്നിധ്യം മൂലം ചെറിയ നിറ വ്യത്യാസങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ അടിക്കടി ഇത്രയധികം നിറ വ്യത്യാസങ്ങൾ വരുന്നതാണ്  കെലിമ്യുടുവിലെ തടാകങ്ങളെ വ്യത്യസ്തമാക്കുന്നത്. അഗ്നിപർവതത്തിൽ നിന്നും പുറത്തുവരുന്ന ചില വാതകങ്ങൾ തടാകങ്ങളിലെ ധാതുക്കളുമായി കൂടി ചേരുന്നതിന്റെ ഫലമായാണ് ഈ നിറവ്യത്യാസമുണ്ടാകുന്നത് എന്നാണ് ചിലർ കരുതുന്നത്. പക്ഷേ ഇതിന് ശാസ്ത്രീയമായ വിശദീകരണം ഇന്നോളം ലഭിച്ചിട്ടില്ല. 

എന്നാൽ മരിച്ചുപോയവരുടെ ആത്മാക്കൾ കുടികൊള്ളുന്ന സ്ഥലങ്ങളായാണ്പ്രദേശവാസികൾ ഈ തടാകങ്ങളെ കണക്കാക്കുന്നത്. ഈ വിശ്വാസത്തിൽ നിന്നുമാണ് തടാകങ്ങൾക്ക് പേര് നൽകിയിരിക്കുന്നതും. ആത്മാക്കളെ അവരുടെ ചെയ്തികൾക്കനുസരിച്ച് മൂന്നു തടാകങ്ങളിലേക്കും മരണ ദേവത അയയ്ക്കും എന്നാണ് ഇവരുടെ വിശ്വാസം.

English Summary: The Crater Lakes of Mount Kelimutu Change Color All The Time

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN EARTH N COLORS
SHOW MORE
FROM ONMANORAMA